വീശിയടിച്ച പൂരന്‍ കൊടുങ്കാറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയക്കുതിപ്പിന് അവസാനമായിരിക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഹോം ഗ്രൗണ്ടായ എകാന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്.
ടൈറ്റന്‍സ് ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം നിക്കോളാസ് പൂരന്റെയും ഏയ്ഡന്‍ മര്‍ക്രമിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ സൂപ്പര്‍ ജയന്റ്‌സ് മറികടക്കുകയായിരുന്നു.
പൂരന്‍ 34 പന്തില്‍ 61 റണ്‍സും മര്‍ക്രം 31 പന്തില്‍ 58 റണ്‍സുമാണ് അടിച്ചെടുത്തത്.
ഏഴ് സിക്‌റും ഒരു ഫോറും അടങ്ങുന്നതായിരുന്നു പൂരന്റെ ഇന്നിങ്‌സ്. ഈ പ്രകടനത്തിന് പിന്നാലെ സീസണില്‍ 30 സിക്‌സറുകളെന്ന കടമ്പയും താരം മറികടന്നിരിക്കുകയാണ്. ഇതിനോടകം ആറ് മത്സരത്തില്‍ നിന്നും 31 സിക്‌സറുകളുമായി സിക്‌സറടിവീരന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പൂരന്‍.
മറ്റേത് താരങ്ങളേക്കാള്‍ ഡോമിനേഷനുമായാണ് പൂരന്‍ ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
(താരം – ടീം – മത്സരം – സിക്‌സര്‍ എന്നീ ക്രമത്തില്‍)
നിക്കോളാസ് പൂരന്‍ – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 6 – 31*
മിച്ചല്‍ മാര്‍ഷ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 5 – 15
ശ്രേയസ് അയ്യര്‍ – പഞ്ചാബ് കിങ്‌സ് – 4 – 14
അജിന്‍ക്യ രഹാനെ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 6 – 13
സായ് സുദര്‍ശന്‍ – ഗുജറാത്ത് ടൈറ്റന്‍സ് – 6 – 13
ഐ.പി.എല്‍ 2025ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ എല്ലാ താരങ്ങളും ഒരുമിച്ച് ഇതുവരെ 32 സിക്‌സറുകള്‍ മാത്രമാണ് നേടിയതെന്ന് മനസിലാകുമ്പോഴാണ് പൂരന്റെ ഡോമിനേഷന്‍ എത്രത്തോളമാണെന്ന് വ്യക്തമാകൂ.
ഇത് രണ്ടാം തവണയാണ് പൂരന്‍ ഒരു ഐ.പി.എല്‍ സീസണില്‍ 30+ സിക്‌സറുകള്‍ നേടുന്നത്. ഒന്നിലധികം സീസണുകളില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാമത് താരമാകാനും ഇതോടെ പൂരന് സാധിച്ചു.
(താരം – എത്ര സീസണുകളില്‍ 30+ സിക്‌സറുകള്‍ എന്നീ ക്രമത്തില്‍)
ക്രിസ് ഗെയ്ല്‍ – 5
ആന്ദ്രേ റസല്‍ – 3
കെ.എല്‍. രാഹുല്‍ – 3
നിക്കോളാസ് പൂരന്‍ – 2*
എ.ബി. ഡി വില്ലിയേഴ്‌സ് – 2
വിരാട് കോഹ്‌ലി – 2
ഗ്ലെന്‍ മാക്‌സ്‌വെല്‍ – 2
ഐ.പി.എല്ലിലെ ഒരു സീസണില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരമെന്ന റെക്കോഡിലേക്കാണ് പൂരന്‍ ഇനി കണ്ണുവെക്കുന്നത്. 2012ല്‍ 59 സിക്‌സറുകള്‍ നേടിയ ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് നിലവില്‍ ഈ റെക്കോഡ് നേട്ടമുള്ളത്.
ആറ് മത്സരത്തില്‍ നിന്നും ഇതിനോടകം 31 സിക്‌സര്‍ നേടിയ പൂരന് ഗെയ്‌ലിനെ മറികടക്കാന്‍ 29 സിക്‌സറുകള്‍ കൂടിയാണ് വേണ്ടത്. ഇതിനായി ഏറ്റവും ചുരുങ്ങിയത് എട്ട് മത്സരവും താരത്തിന്റെ മുമ്പിലുണ്ട്. നിലവിലെ ഫോം തുടര്‍ന്നാല്‍ പൂരന്‍ ഈ റെക്കോഡ് മറികടക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: IPL 2025: Nicholas Pooran tops the list most sixes in this season