|

ഒരു താരത്തിന്റെ വിജയമല്ല, ഇത് മുംബൈ ഇന്ത്യന്‍സ് എന്ന ടീമിന്റെ വിജയം; ഹാട്രിക് റണ്‍ ഔട്ടിലൂടെ രണ്ട് പോയിന്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അപരാജിത കുതിപ്പിന് വിരാമമിട്ട് മുംബൈ ഇന്ത്യന്‍സ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 12 റണ്‍സിന്റെ വിജയമാണ് മുംബൈ സമ്മാനിച്ചത്.

മുംബൈ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 193ന് പുറത്തായി. 19ാം ഓവറിലെ അവസാന മൂന്ന് പന്തുകളില്‍ പിറന്ന മൂന്ന് റണ്‍ ഔട്ടുകളാണ് മുംബൈ ഇന്ത്യന്‍സിന് രണ്ടാം വിജയം സമ്മാനിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 47 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ആദ്യ വിക്കറ്റായി രോഹിത് ശര്‍മ പുറത്തായി. 12 പന്ത് നേരിട്ട് 18 റണ്‍സുമായാണ് താരം മടങ്ങി. വിപ്രജ് നിഗമാണ് വിക്കറ്റ് നേടിയത്.

വണ്‍ ഡൗണായെത്തിയ സൂര്യകുമാര്‍ യാദവിനെ ഒപ്പം കൂട്ടി റിയാന്‍ റിക്കല്‍ടണ്‍ സ്‌കോര്‍ ബോര്‍ഡിന് വേഗത കുറയാതെ നോക്കി. എന്നാല്‍ ആ കൂട്ടുകെട്ടിന് അധികം ആയുസ് നല്‍കാതെ കുല്‍ദീപ് യാദവ് റിക്കല്‍ടണെ തിരിച്ചയച്ചു. ബൗണ്ടറികളുമായി കളം നിറഞ്ഞാടിയ റിക്കല്‍ടണ് എന്നാല്‍ ക്യാപ്പിറ്റല്‍സിന്റെ സ്പിന്‍ വിസാര്‍ഡിന്റെ ഗൂഗ്ലിക്ക് മറുപടിയുണ്ടായിരുന്നില്ല. 25 പന്തില്‍ 41 റണ്‍സുമായി താരം തിരിച്ചുനടന്നു.

മൂന്നാം വിക്കറ്റില്‍ ‘സൂര്യതിലക’മണിഞ്ഞാണ് മുംബൈ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. 60 റണ്‍സിന്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ പിറവിയെടുത്തത്.

ടീം സ്‌കോര്‍ 135ല്‍ നില്‍ക്കവെ സൂര്യയെ പുറത്താക്കി കുല്‍ദീപ് യാദവ് വീണ്ടും തന്റെ മാജിക് പുറത്തെടുത്തു. 28 പന്തില്‍ 40 റണ്‍സുമായാണ് സൂര്യ മടങ്ങിയത്.

ഹര്‍ദിക് പാണ്ഡ്യ നാല് പന്തില്‍ രണ്ട് റണ്ണിന് മടങ്ങിയെങ്കിലും മുംബൈ യുവരക്തങ്ങളുടെ തിരിച്ചടിക്കാണ് ഫിറോസ് ഷാ കോട്‌ല ശേഷം സാക്ഷ്യം വഹിച്ചത്. 62 റണ്‍സിന്റെ കൂട്ടുകെട്ടുമായി തിലക് വര്‍മയും നമന്‍ ധിറും മുംബൈയെ 200ലെത്തിച്ചു.

ടീം സ്‌കോര്‍ 200ല്‍ നില്‍ക്കവെ 20ാം ഓവറിലെ നാലാം പന്തില്‍ തിലക് മടങ്ങി. 33 പന്തില്‍ 59 റണ്‍സാണ് താരം നേടിയത്.

ഇന്നിങ്‌സിന്റെ അവസാന പന്തില്‍ ബൗണ്ടറി നേടി നമന്‍ ധിര്‍ സ്‌കോര്‍ അഞ്ച് വിക്കറ്റിന് 205 എന്ന നിലയിലെത്തിച്ചു. 17 പന്തില്‍ പുറത്താകാതെ 38 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ക്യാപ്പിറ്റല്‍സിനായി കുല്‍ദീപ് യാദവും വിപ്രജ് നിഗവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഒരു വിക്കറ്റാണ് മുകേഷ് കുമാര്‍ നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിന് ആദ്യ പന്തില്‍ തന്നെ തിരിച്ചടിയേറ്റു. ഓസ്‌ട്രേലിയന്‍ യുവതാരം ജേക് ഫ്രേസര്‍ മക്ഗൂര്‍ക് ഗോള്‍ഡന്‍ ഡക്കായി മടങ്ങി. കഴിഞ്ഞ സീസണില്‍ വെടിക്കെട്ട് പുറത്തെടുത്ത താരം എന്നാല്‍ ഈ സീസണില്‍ താളം കണ്ടെത്താന്‍ പാടുപെടുകയാണ്.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി കരുണ്‍ നായരും അഭിഷേക് പോരലും തകര്‍ത്തടിച്ചു. 2022ന് ശേഷം ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തിയ കരുണ്‍ നായരിന്റെ മാസ്മരിക പ്രകടനമാണ് ആരാധകര്‍ കണ്ടത്. ഇംപാക്ട് പ്ലെയറായെത്തി വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായാണ് താരം തിളങ്ങിയത്.

ടീം സ്‌കോര്‍ 119ല്‍ നില്‍ക്കവെ അഭിഷേക് പോരലിനെ മടക്കി കരണ്‍ ശര്‍മയാണ് മുംബൈ ഇന്ത്യന്‍സിനാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. 25 പന്തില്‍ 33 റണ്‍സാണ് അഭിഷേക് പോരലിന്റെ സമ്പാദ്യം.

അധികം വൈകാതെ കരുണിന്റെ വിക്കറ്റും ക്യാപ്പിറ്റല്‍സിന് നഷ്ടമായി. മിച്ചല്‍ സാന്റ്‌നറിന്റെ മിസ്റ്ററി ഡെലിവെറിക്ക് ഉത്തരമില്ലാതെ ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്. 40 പന്ത് നേരിട്ട് 89 റണ്‍സ് ടോട്ടലിലേക്ക് ചേര്‍ത്തുവെച്ച ശേഷമായിരുന്നു താരത്തിന്റെ മടക്കം. 12 ഫോറും അഞ്ച് സിക്‌സറും അടക്കം 222.50 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുണ്ടായിരുന്നത്.

തുടര്‍ന്നങ്ങോട്ട് വളരെ പെട്ടന്ന് മൂന്ന് വിക്കറ്റുകള്‍ ടീമിന് നഷ്ടമായി. അക്‌സര്‍ പട്ടേല്‍ (ആറ് പന്തില്‍ ഒമ്പത്), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (നാല് പന്തില്‍ ഒന്ന്), കഴിഞ്ഞ മത്സരത്തിലെ വീരനായകന്‍ കെ.എല്‍. രാഹുല്‍ (13 പന്തില്‍ 15) എന്നിവരുടെ വിക്കറ്റാണ് ക്യാപ്പിറ്റല്‍സിന് നഷ്ടമായത്.

മികച്ച രീതിയില്‍ ബാറ്റിങ് തുടരവെ വിപ്രജ് നിഗമിനെയും ക്യാപ്പിറ്റല്‍സിന് നഷ്ടമായി. മിച്ചല്‍ സാന്റ്‌നറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കല്‍ടണ്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. എട്ട് പന്തില്‍ 14 റണ്‍സുമായാണ് താരം മടങ്ങിയത്.

മത്സരം കൂടുതല്‍ ആവേശത്തിലാഴ്ത്തി ജസ്പ്രീത് ബുംറ അശുതോഷ് ശര്‍മയെ മടക്കി. ബുംറയുടെ തുടര്‍ച്ചയായ ബൗണ്ടറികള്‍ നേടിയ അശുതോഷ് നാലാം പന്തില്‍ റണ്‍ ഔട്ടാവുകയായിരുന്നു. രണ്ടാം റണ്‍സിനായി ഓടിയ അശുതോഷിനെ വില്‍ ജാക്‌സ് – റിയാന്‍ റിക്കല്‍ടണ്‍ ജോഡി പവലിയനിലേക്ക് മടക്കി.

തൊട്ടടുത്ത പന്തിലും റണ്‍ ഔട്ട് പിറന്നു. അശുതോഷിന് പിന്നാലെ ക്രീസിലെത്തിയ കുല്‍ദീപ് യാദവ് വിജയകരമായി ആദ്യ റണ്‍സ് പൂര്‍ത്തിയാക്കിയെങ്കിലും രണ്ടാം റണ്‍സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ബുംറയുടെ ഓവറിലെ അവസാന പന്തില്‍ മറ്റൊരു റണ്‍ ഔട്ട് കൂടി പിറന്നതോടെ മുംബൈ സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി.

മുംബൈയ്ക്കായി കരണ്‍ ശര്‍മ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സാന്റ്‌നര്‍ രണ്ട് വിക്കറ്റും നേടി. ദീപക് ചഹറും ജസ്പ്രീത് ബുംറയുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.

Content Highlight: IPL 2025: Mumbai Indians defeated Delhi Capitals

Video Stories