ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് തമ്മിലുള്ള മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്. ലഖ്നൗവിന്റെ ഹോം ഗ്രൗണ്ടായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
സീസണിലെ നാലാം മത്സരത്തിലാണ് ഇരുവരും ഇറങ്ങുന്നത്. പോയിന്റ് ടേബിളില്‍ മുംബൈ ആറാം സ്ഥാനത്തും സൂപ്പര്‍ ജയന്റ്‌സ് ഏഴാം സ്ഥാനത്തുമാണ്. ഇരുവരും തങ്ങളുടെ രണ്ടാം ജയമാണ് ലക്ഷ്യമിടുന്നത്.
മോശം ഫോമില്‍ തുടരുന്ന ലഖ്നൗ നായകന്‍ റിഷബ് പന്തും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുമാണ് ഇന്നത്തെ മത്സരത്തിന്റെ ശ്രദ്ധാകേന്ദ്രം. മൂന്ന് മത്സരങ്ങളില്‍ നിന്ന് 17 റണ്‍സാണ് പന്ത് ഈ സീസണില്‍ നേടിയത്.
അതേസമയം, മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മ ആകെ 21 റണ്‍സാണ് എടുത്തിട്ടുള്ളത്. ഡക്കായാണ് താരം ഈ സീസണ്‍ തുടങ്ങിയത്. മോശം പ്രകടനത്തിന് പിന്നാലെ രോഹിത് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോള്‍ താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് കോച്ച് കെയ്റോണ്‍ പൊള്ളാര്‍ഡ്.
വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച് ചരിത്രത്തിലും റെക്കോഡ് ബുക്കുകളിലും തന്റെ പേര് രേഖപ്പെടുത്തിയ താരമാണ് രോഹിതെന്ന് പൊള്ളാര്‍ഡ് പറഞ്ഞു. കളിയില്‍ ചെറിയ സ്‌കോറുകള്‍ നേടുന്ന സാഹചര്യമുണ്ടാവാമെന്നും കുറഞ്ഞ സ്‌കോറിന്റെ അടിസ്ഥാനത്തില്‍ രോഹിത്തിനെ വിലയിരുത്തരുതെന്നും വിന്‍ഡീസ് മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
രോഹിത് വലിയ സ്‌കോറുകള്‍ നേടുമ്പോള്‍ നമ്മളെല്ലാം അദ്ദേഹത്തെ സ്തുതിക്കുമെന്നും അപ്പോള്‍ ഇന്ത്യന്‍ നായകനായിരിക്കും ഹോട്ട് ടോപ്പിക്കെന്നും പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു. മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുംബൈ ബൗളിങ് കോച്ച്.
‘വ്യക്തിപരമായി, അണ്ടര്‍ 19 ക്രിക്കറ്റ് മുതല്‍ ഞാന്‍ രോഹിതിനൊപ്പം കളിച്ചിട്ടുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളില്‍, വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ അദ്ദേഹം തന്റെ വഴിക്ക് പോരാടുകയും ചരിത്രത്തിലും റെക്കോഡ് ബുക്കുകളിലും തന്റെ പേര് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു ഇതിഹാസമാണ്.
ഒരു വ്യക്തി എന്ന നിലയില്‍, നിങ്ങള്‍ക്ക് കുറഞ്ഞ സ്‌കോറുകള്‍ ലഭിക്കുന്ന സമയങ്ങളുണ്ടാകും. രോഹിത് ശരിയായ കാര്യങ്ങളാണ് ചെയ്യുന്നത്. അതിനാല്‍ കുറഞ്ഞ സ്‌കോറുകള്‍ കൊണ്ട് മാത്രം അവനെ വിലയിരുത്തരുത്.
ക്രിക്കറ്റില്‍ വിജയിക്കുന്നതിനേക്കാള്‍ കൂടുതല്‍ പരാജയപ്പെടുന്നുണ്ടെന്ന് നമുക്കറിയാം. രോഹിത് വലിയ സ്‌കോറുകള്‍ നേടുമ്പോള്‍ നമ്മളെല്ലാം അദ്ദേഹത്തെ സ്തുതിക്കും. അപ്പോള്‍ അവനായിരിക്കും ഹോട്ട് ടോപ്പിക്ക്,’ പൊള്ളാര്‍ഡ് പറഞ്ഞു.
Content Highlight: IPL 2025: Mumbai Indians Bowling Coach Kieron Pollard Talks About Indian Skipper Rohit Sharma