ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ബൗളിങ്ങാണ് തെരഞ്ഞെടുത്തത്.
ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരുവിന് വമ്പന്‍ തിരിച്ചടിയാണ് ഗുജറാത്ത് നല്‍കിയത്. രണ്ടാം ഓവറിലെ നാലാം പന്തില്‍ ജി.ടിയുടെ അര്‍ഷാദ് ഖാന്‍ കിങ് കോഹ്‌ലിയെ പറഞ്ഞയച്ചാണ് തുടങ്ങിയത്. ആറ് പന്തില്‍ ഏഴ് റണ്‍സ് നേടിയാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കൂടാരം കയറിയത്. ബൗണ്ടറി ലൈനില്‍ പ്രസീദ് കൃഷ്ണയ്ക്ക് ക്യാച് നല്‍കിയാണ് കിങ് പുറത്തായത്.
എന്നാല്‍ ഏറെ വൈകാതെ വണ്‍ ഡൗണ്‍ ഇറങ്ങിയ ദേവ് ദത്ത് പടിക്കലിനെ തന്റെ രണ്ടാം ഓവറില്‍ മിന്നും ബൗളിങ്ങില്‍ സിറാജ് ക്ലീന്‍ ബൗള്‍ഡ് ചെയ്ത് തിളങ്ങിയിരിക്കുകയാണ്. മൂന്ന് ഓവറിനുള്ളില്‍ രണ്ട് പ്രധാന വിക്കറ്റുകള്‍ നഷ്ടപ്പെട്ട ബെംഗളൂരുവിന് ഇനി കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സാണ് ബെംഗളൂരു നേടിയത്. ഫില്‍ സാള്‍ട്ടും (8) ക്യാപ്റ്റന്‍ രജത് പാടിദാറുമാണ് (6) ക്രീസില്‍.
രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവുമായാണ് ബെംഗളൂരു സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും പരാജയപ്പെടുത്തിയാണ് ബെംഗളൂരു സീസണ്‍ തുടങ്ങിയത്. തുടര്‍ച്ചയായ മൂന്നാം വിജയവും പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയുമാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ ലക്ഷ്യം.
സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷാറൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, അര്‍ഷാദ് ഖാന്‍, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ഇഷാന്ത് ശര്‍മ
ഫില്‍ സാള്‍ട്ട്, വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസില്‍വുഡ്, യാഷ് ദയാല്‍
Content Highlight: IPL 2025: Mohammad Siraj And Arshad Khan In Great Performance Against RCB