|

സഞ്ജുവിന് നിര്‍ണായകം, എതിരാളി സ്വന്തം ടീമില്‍ നിന്ന് പോലും; 2026 ലോകകപ്പിലേക്ക് മത്സരം കഠിനം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മാമാങ്കത്തിന്റെ 18ാം എഡിഷന് കൊടിയേറാന്‍ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. മാര്‍ച്ച് 22ന് വൈകീട്ട് 7.30ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുന്നതോടെയാണ് പുതിയ സീസണിന് തുടക്കമാകുന്നത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

ഇന്ത്യയെ സംബന്ധിച്ച് ഈ ഐ.പി.എല്‍ 2026 ടി-20 ലോകകപ്പിനുള്ള സെലക്ഷന്‍ പ്രൊസസിലെ പ്രധാന ഭാഗം കൂടിയാണ്. അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായാണ് ടി-20 ലോകകപ്പ് നടക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയ്‌ക്കൊപ്പം ഇന്ത്യയാണ് ടൂര്‍ണമെന്റിന് ആതിഥേയരാകുന്നത് എന്നതിനാല്‍ തന്നെ ടീം സെലക്ഷനില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തപ്പെടും.

ടീമിന്റെ ഓപ്പണിങ് സ്ലോട്ടിലേക്കാണ് ശക്തമായ മത്സരമുണ്ടാവുക. ഇതിനോടകം തന്നെ നാല് പ്രധാന താരങ്ങളാണ് ഓപ്പണിങ് സ്ലോട്ടിലേക്ക് പരിഗണിക്കപ്പെടുന്നത്. ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ എന്നിവര്‍ തമ്മിലാണ് മത്സരമുള്ളത്. ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവരെയും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല.

2025 ഐ.പി.എല്ലിലെ പ്രകടനം തന്നെയായിരിക്കും ടീം സെലക്ഷനില്‍ നിര്‍ണായകമാവുക. ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനൊപ്പം പരിക്കേല്‍ക്കാതെ തുടരുക എന്നതും താരങ്ങളെ സംബന്ധിച്ച് പ്രധാനമാണ്.

ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയാണ് അഭിഷേക് ശര്‍മ 2026 ലോകകപ്പിലേക്കുള്ള തന്റെ സ്ഥാനത്തിനായി കുതിപ്പ് തുടങ്ങിയത്. ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.

2024 ഐ.പി.എല്ലില്‍ പുലര്‍ത്തിയ മികവ് ഈ സീസണിലും തുടരാന്‍ സാധിച്ചാല്‍ അഭിഷേകിനെ ഇന്ത്യന്‍ നിരയില്‍ കാണാന്‍ സാധിച്ചേക്കും.

ബേബി ഗോട്ട് ശുഭ്മന്‍ ഗില്ലാണ് ഈ സ്ഥാനത്തിനായി കണ്ണുവെക്കുന്ന മറ്റൊരു താരം. ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകസ്ഥാനമേറ്റെടുത്ത ആദ്യ സീസണില്‍ താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ബി.സി.സി.ഐയുടെ പിന്തുണ ആവോളമുള്ള താരത്തിന് ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദം അതിജീവിച്ച് തന്റെ നാച്ചുറല്‍ ഗെയിം പുറത്തെടുക്കാന്‍ സാധിച്ചാല്‍ ലോകകപ്പില്‍ ഗില്ലിനെ ഉറപ്പായും കാണാന്‍ സാധിക്കും.

ജോസ് ബട്‌ലറിന്റെയടക്കമുള്ള പടിയിറക്കത്തോടെ രാജസ്ഥാന്‍ റോയല്‍സിലുണ്ടായ മാറ്റങ്ങള്‍ ടീമിന്റെ ഓപ്പണര്‍മാരില്‍ നിന്നുതന്നെ ആരംഭിക്കുകയാണ്. കഴിഞ്ഞ സീസണ്‍ വരെ വണ്‍ ഡൗണായി ബാറ്റിങ്ങിനെത്തിയ നായകന്‍ സഞ്ജു സാംസണ്‍ ഇത്തവണ ജെയ്‌സ്വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. ഇന്ത്യ – ബംഗ്ലാദേശ് പരമ്പരയിലും ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലും തിളങ്ങിയെങ്കിലും ഇംഗ്ലണ്ടിന് മുമ്പില്‍ സഞ്ജു തകര്‍ന്നടിഞ്ഞു.

തന്റെ ദൗര്‍ബല്യങ്ങളെ കരുത്താക്കി മാറ്റാന്‍ സാധിച്ചാല്‍ 2026 ലോകകപ്പ് ടീമിലും സഞ്ജുവിനെ കാണാന്‍ സാധിച്ചേക്കും. വിക്കറ്റ് കീപ്പര്‍ എന്ന ആഡ് ഓണ്‍ അഡ്വാന്റേജും ഇവിടെ സഞ്ജുവിനെ തുണച്ചേക്കും. റിഷബ് പന്തും ഇഷാന്‍ കിഷനും ഒരുപക്ഷേ ധ്രുവ് ജുറെലുമാണ് ഇവിടെ സഞ്ജുവിന്റെ എതിരാളികള്‍. ഓപ്പണറല്ലെങ്കില്‍ വണ്‍ ഡൗണ്‍ എന്ന സാധ്യതയും സഞ്ജുവിന് മുമ്പിലുണ്ട്. എന്നാല്‍ ഇതിനെല്ലാം താരം സ്ഥിരതയോടെ ബാറ്റ് വീശിയേ മതിയാകൂ.

യശസ്വി ജെയ്‌സ്വാളിനെ സംബന്ധിച്ചും ഈ ഐ.പി.എല്‍ നിര്‍ണായകമാണ്. കഴിഞ്ഞ തവണ ഒറ്റ മത്സരം പോലും കളിക്കാതെ കിരീടമണിഞ്ഞപ്പോള്‍ ലോകകപ്പിന്റെ അടുത്ത എഡിഷനില്‍, സ്വന്തം മണ്ണില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് കിരീടമണിയാന്‍ തന്നെയാകും ജെയ്‌സ്വാള്‍ ഒരുങ്ങുന്നത്.

Content Highlight: IPL 2025 might decide India’s openers for 2026 T20 World Cup, Abhishek Sharma, Sanju Samson, Yashasvi Jaiswal and Shubman Gill are in the race

Video Stories