ഐ.പി.എല്ലില്‍ തുടര്‍ച്ചയായി മോശം പ്രകടനങ്ങള്‍ തുടരുന്ന രോഹിത് ശര്‍മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ രോഹിത് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ എട്ട് റണ്‍സിനും കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 13 റണ്‍സിനുമാണ് പുറത്തായത്.
മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലും രോഹിത് ശര്‍മ ടീമില്‍ ഇടം നേടുന്നതിനെ കുറിച്ചാണ് വോണ്‍ സംസാരിക്കുന്നത്. അവന്റെ പേര് രോഹിത് ശര്‍മ എന്നായിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുമായിരുന്നു എന്ന് പറഞ്ഞ വോണ്‍ രോഹിത് നിലവില്‍ ടീമിന്റെ ക്യാപ്റ്റനല്ല എന്ന കാര്യവും ഓര്‍മിപ്പിക്കുന്നു.
ക്രിക്ബസ്സില്‍ നടന്ന ചര്‍ച്ചയിലാണ് വോണ്‍ രോഹിത്തിനെ കുറിച്ച് സംസാരിച്ചത്.
‘നിങ്ങളിപ്പോള്‍ രോഹിത് ശര്‍മയെ ഒരു ബാറ്ററായി മാത്രമാണ് വിലയിരുത്തുന്നത് എന്ന കാര്യം ഓര്‍ക്കണം, കാരണം അവനിപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനല്ല. വെറും ശരാശരി പ്രകടനങ്ങള്‍ കൊണ്ട് മുമ്പോട്ട് പോകാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല, ഇപ്പോള്‍ രോഹിത്തിന്റെ പ്രകടനം ശരാശരി മാത്രമാണ്.
നിങ്ങളുടെ പേര് രോഹിത് ശര്‍മ എന്നായിരുന്നില്ലെങ്കില്‍, ഈ പ്രകടനത്തിന് പിന്നാലെ എപ്പോഴെങ്കിലും ടീമില്‍ നിന്നും പുറത്താകാനുള്ള സാധ്യതകളുണ്ട്. രോഹിത് ശര്‍മയെ പോലെ ഒരു ക്രിക്കറ്ററെ സംബന്ധിച്ച് ഇതൊരിക്കും മികച്ച പ്രകടനമല്ല,’ വോണ്‍ പറഞ്ഞു.
രോഹിത് നിലവില്‍ ടീമിന്റെ ക്യാപ്റ്റനല്ല ബാറ്റര്‍ മാത്രമാണെന്നും വോണ്‍ ആവര്‍ത്തിച്ച് പറഞ്ഞു.
‘എനിക്കൊരിക്കലും ആ നമ്പറുകളുമായി പൊരുത്തപ്പെടാന്‍ സാധിക്കില്ല. നിങ്ങള്‍ ഇപ്പോള്‍ വെറുമൊരു ബാറ്ററായിരിക്കുമ്പോള്‍ ആ രീതിയില്‍ തന്നെയായിരിക്കണം അവനെ വിലയിരുത്തേണ്ടത്.
അവര്‍ അവനെ തീര്‍ത്തും ഒഴിവാക്കുമെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ അവര്‍ രോഹിത്തിനെ ഡ്രോപ് ചെയ്യും. പക്ഷേ നിങ്ങള്‍ ടീമിലെ സ്റ്റാര്‍ മാനായി മാറുമ്പോള്‍ അതൊരു വലിയ പ്രശ്‌നമായി മാറുന്നു.
നിങ്ങള്‍ ടോപ് ഓര്‍ഡറിലെ ഏറ്റവും സീനിയറായ ബാറ്ററാണ്. ഡ്രസ്സിങ് റൂമിലെത്തി ‘ വരൂ നമുക്ക് ആ ഫ്‌ളോ മടക്കിക്കൊണ്ടുവരാം, നഷ്ടപ്പെട്ട താളം തിരിച്ചുപിടിക്കാം’ എന്ന് പറയേണ്ടയാളാണ്,’ വോണ്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. നിലവില്‍ മുംബൈ ആറാം സ്ഥാനത്താണ്.
ഏപ്രില്‍ നാലിനാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍. ലഖ്നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.
Content highlight: IPL 2025: Michael Vaughn slams Rohit Sharma after his poor performance