ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് സീസണിലെ മൂന്നാം വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് മുംബൈ നേടിയത്.
സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 163 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 11 പന്ത് ബാക്കി നില്‍ക്കവെ വിജയം സ്വന്തമാക്കുകയായിരുന്നു. ബാറ്റു കൊണ്ടും ബൗളു കൊണ്ടും തിളങ്ങിയ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ വില്‍ ജാക്സിന്റെയും കരുത്തിലാണ് മുംബൈ വിജയം നേടിയെടുത്തത്. മത്സരത്തില്‍ 26 പന്തില്‍ 36 റണ്‍സും മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും ജാക്‌സ് നേടിയിരുന്നു.
റിയാന്‍ റിക്കല്‍ടണ്‍ന്റെയും സൂര്യകുമാര്‍ യാദവിന്റെയും രോഹിത് ശര്‍മയുടെയും പ്രകടനങ്ങളും മുംബൈ ഇന്നിങ്‌സില്‍ നിര്‍ണായകമായി. റിക്കല്‍ടണ്‍ 23 പന്തില്‍ 31 റണ്‍സും സ്‌കൈ 15 പന്തില്‍ 26 റണ്‍സും രോഹിത് 16 പന്തില്‍ 26 റണ്‍സുമാണ് നേടിയത്.
ഈ വിജയത്തോടെ മുംബൈ ഇന്ത്യന്‍സ് ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയം നേടുന്ന ടീം എന്ന റെക്കോഡാണ് മുംബൈ സ്വന്തം പേരില്‍ കുറിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പിന്തള്ളിയാണ് മുംബൈ ഇന്ത്യന്‍സ് ഈ നേട്ടത്തിലെത്തിയത്.
(ടീം – വിജയങ്ങള്‍ – വേദി എന്നീ ക്രമത്തില്‍)
മുംബൈ ഇന്ത്യന്‍സ് – 29 – മുംബൈ വാംഖഡെ സ്റ്റേഡിയം
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 28 – കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്
രാജസ്ഥാന്‍ റോയല്‍സ് – 24 – ജയ്പൂര്‍ സവായ് മാന്‍സിങ് സ്റ്റേഡിയം
സണ്‍റൈസേഴ്സ് ഹൈദരാബാദ് – 21 – ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ര സ്റ്റേഡിയം
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 21 – ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ അഭിഷേക് ശര്‍മ തകര്‍ത്തടിച്ചതോടെ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും പിറവിയെടുത്തിരുന്നു. അടുത്തടുത്ത ഓവറുകളില്‍ രണ്ട് വിക്കറ്റുകള്‍ വീണതോടെ ഹൈദരാബാദിന്റെ സ്‌കോറിങ്ങിന്റെ വേഗതയും കുറഞ്ഞു.
യുവതാരം അനികേത് വര്‍മയുടെ കാമിയോയാണ് ടീമിനെ 150 കടത്തിയത്. എട്ട് പന്തില്‍ 18 റണ്‍സ് നേടിയ താരം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുമായി 26 റണ്‍സിന്റെ കൂട്ടുകെട്ടും ഉയര്‍ത്തി. അഭിഷേക് ശര്‍മ (28 പന്തില്‍ 40) ഹെന്റിക്ക് ക്ലാസന്‍ (28 പന്തില്‍ 37) എന്നിവരാണ് സണ്‍റൈസേഴ്‌സിനായി മികച്ച പ്രകടനം പുറത്തെടുത്തത്.
മുംബൈ ഇന്ത്യന്‍സിനായി രണ്ട് വിക്കറ്റുകള്‍ നേടിയ വില്‍ ജാക്‌സ് പുറമെ ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
Content Highlight: IPL 2025: MI vs SRH: Mumbai Indians bagged a record of most wins while chasing at a venue in IPL