ഐ.പി.എല്ലിലെ ക്ലാഷ് ഓഫ് ടൈറ്റന്‍സില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 222 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെയിലാണ് ആര്‍.സി.ബി വെടിക്കെട്ട് പുറത്തെടുത്തത്.
അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാട് കോഹ്‌ലിയുടെയും ക്യാപ്റ്റന്‍ രജത് പാടിദാറിന്റെയും കരുത്തിലാണ് പ്ലേ ബോള്‍ഡ് ആര്‍മി മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്.
ആദ്യ ഓവറില്‍ തന്നെ വിക്കറ്റുമായി ട്രെന്റ് ബോള്‍ട്ട് തിളങ്ങിയിരുന്നു. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി കടത്തിയ ഫില്‍ സാള്‍ട്ടിനെ രണ്ടാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടക്കിയാണ് ബോള്‍ട്ട് തുടങ്ങിയത്.
മികച്ച രീതിയില്‍ പന്തെറിഞ്ഞ് തുടങ്ങിയെങ്കിലും പിന്നാലെ താരത്തിന്റെ മൊമെന്റെ നഷ്ടപ്പെട്ടു. വിരാട് കോഹ്‌ലിയുടെയും രജത് പാടിദാറിന്റെയും ജിതേഷ് ശര്‍മയുടെയും ബാറ്റിന്റെ ചുടറിഞ്ഞ ബോള്‍ട്ടിന് റണ്‍സ് വിട്ടുകൊടുക്കാതെ പന്തെറിയാനായില്ല.
നാല് ഓവറില്‍ 57 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ബോള്‍ട്ട് സ്വന്തമാക്കിയത്.
ഇതോടെ ഒരു മോശം നേട്ടവും ബോള്‍ട്ടിന്റെ പേരില്‍ കുറിക്കപ്പെട്ടു. തന്റെ ഐ.പി.എല്‍ കരിയറിലെ ഏറ്റവും മോശം ബൗളിങ് പ്രകടനമെന്ന അനാവശ്യ നേട്ടമാണ് ബോള്‍ട്ട് സ്വന്തമാക്കിയത്. ഇതിന് മുമ്പ് ഒരിക്കല്‍പ്പോലും ബോള്‍ട്ട് ഐ.പി.എല്ലില്‍ 50 റണ്‍സ് വഴങ്ങിയിരുന്നില്ല.
(ബൗളിങ് ഫിഗര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
2/57 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – മുംബൈ – 2025*
0/48 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – പൂനെ – 2018
0/48 – പഞ്ചാബ് കിങ്‌സ് – ദുബായ് – 2020
0/48 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – മുംബൈ – 2022
1/48 – ദല്‍ഹി ക്യാപ്പിറ്റല്‍സ് – ദല്‍ഹി – 2024
ബോള്‍ട്ടിന്റെ ഫസ്റ്റ് ഓവര്‍ വിക്കറ്റ് മാജിക്കില്‍ മുംബൈ ഏര്‍ളി അഡ്വാന്റേജ് നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഡോമിനേഷന് അനുവദിക്കാതെ ആര്‍.സി.ബി രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
വണ്‍ ഡൗണായെത്തിയ ദേവ്ദത്ത് പടിക്കലിനെ ഒപ്പം കൂട്ടി വിരാട് കോഹ്‌ലി സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. രണ്ടാം വിക്കറ്റില്‍ 91 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്.
ടീം സ്‌കോര്‍ 95ല്‍ നില്‍ക്കവെ പടിക്കലിനെ പുറത്താക്കി വിഘ്‌നേഷ് പുത്തൂര്‍ ബ്രേക് ത്രൂ നല്‍കി. 22 പന്തില്‍ 37 റണ്‍സുമായി നില്‍ക്കവെ വില്‍ ജാക്‌സിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
കൂട്ടുകെട്ട് തകര്‍ന്നെങ്കിലും പിന്നാലെയെത്തിയ ക്യാപ്റ്റന്‍ രജത് പാടിദാറിനെ ഒപ്പം കൂട്ടി വിരാട് സ്‌കോര്‍ ബോര്‍ഡിന്റെ വേഗത കുറയാതെ കാത്തു.
15ാം ഓവറിലെ ആദ്യ പന്തില്‍ വിരാടിനെ മടക്കി ഹര്‍ദിക് പാണ്ഡ്യ റോയല്‍ ചലഞ്ചേഴ്‌സിനെ സമ്മര്‍ദത്തിലാക്കി. 42 പന്തില്‍ 67 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. ടി-20യില്‍ ഇത് 99ാം തവണയാണ് വിരാട് 50+ സ്‌കോര്‍ സ്വന്തമാക്കുന്നത്.
അതേ ഓവറില്‍ ലിയാം ലിവിങ്‌സ്റ്റണെയും മടക്കി ഹര്‍ദിക് ആര്‍.സി.ബിക്ക് ഇരട്ട പ്രഹരം നല്‍കി. സില്‍വര്‍ ഡക്കായാണ് സൂപ്പര്‍ താരം മടങ്ങിയത്.
ജിതേഷ് ശര്‍മ ക്രീസിലെത്തിയതോടെ ആര്‍.സി.ബി വീണ്ടും മികച്ച പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. അഞ്ചാം വിക്കറ്റില്‍ 69 റണ്‍സാണ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
32 പന്തില്‍ 64 റണ്‍സുമായി മികച്ച രീതിയില്‍ ബാറ്റ് വീശിയ പാടിദാറിനെ ട്രെന്റ് ബോള്‍ട്ട് മടക്കി. വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കല്‍ടണിന്റെ മികച്ച ക്യാച്ചാണ് ആര്‍.സി.ബി നായകന് പവലിയനിലേക്കുള്ള വഴിയൊരുക്കിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ആര്‍.സി.ബി 221 റണ്‍സ് നേടി. 19 പന്തില്‍ നാല് സിക്‌സറും രണ്ട് ഫോറുമായി ജിതേഷ് ശര്‍മ പുറത്താകാതെ നിന്നു.
മുംബൈയ്ക്കായി ഹര്‍ദിക് പാണ്ഡ്യയും ട്രെന്റ് ബോള്‍ട്ടും രണ്ട് വിക്കറ്റ് വീതം നേടി. വിഘ്‌നേഷ് പുത്തൂരാണ് ശേഷിച്ച വിക്കറ്റെടുത്തത്.
Content Highlight: IPL 2025: MI vs RCB: Trent Boults worst bowling performance in IPL history