|

ഒന്നാമത് ട്രെന്റ് ബോള്‍ട്ട്, മൂന്നാമത് രാജസ്ഥാന്റെ ട്രെന്റ് ബോള്‍ട്ട്; ആര്‍ക്കും തൊടാന്‍ സാധിക്കാത്ത ഉയരത്തില്‍ തണ്ടര്‍ ബോള്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ കരുത്തരുടെ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുംബൈ ഇന്ത്യന്‍സിനെ നേരിടുകയാണ്. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ ആര്‍.സി.ബിക്ക് തിരിച്ചടിയേറ്റിരുന്നു. ട്രെന്റ് ബോള്‍ട്ടെറിഞ്ഞ ആദ്യ പന്തില്‍ ഫോറടിച്ച് തുടങ്ങിയ സൂപ്പര്‍ താരം ഫില്‍ സാള്‍ട്ട് രണ്ടാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി.

ഐ.പി.എല്ലില്‍ ഇത് 31ാം തവണയാണ് ട്രെന്റ് ബോള്‍ട്ട് ആദ്യ ഓവറില്‍ വിക്കറ്റ് നേടുന്നത്. 27 വിക്കറ്റുമായി ഭുവനേശ്വര്‍ കുമാറാണ് രണ്ടാം സ്ഥാനത്തുള്ളത്.

രാജസ്ഥാന്‍ റോയല്‍സിലായിരിക്കവെ 19 തവണ ആദ്യ ഓവറില്‍ വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ട് ഇത് 12ാം തവണയാണ് മുംബൈ ഇന്ത്യന്‍സിനൊപ്പം ഈ നേട്ടത്തിലെത്തുന്നത്.

28 തവണയാണ് രാജസ്ഥാന്‍ റോയല്‍സ് ബൗളര്‍മാര്‍ മത്സരത്തിന്റെ ആദ്യ ഓവറില്‍ വിക്കറ്റ് നേടുന്നത്. ഇതില്‍ 19 തവണയും ബോള്‍ട്ടിലൂടെയാണ് ഈ നേട്ടത്തിലെത്തിയത്.

ഏറ്റവുമധികം തവണ ഫസ്റ്റ് ഓവര്‍ വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള പ്രവീണ്‍ കുമാറിന് 15 തവണ മാത്രമാണ് ആദ്യ ഓവറില്‍ വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രവീണ്‍ കുമാര്‍ തന്റെ കരിയറില്‍ നേടിയ ഫസ്റ്റ് ഓവര്‍ വിക്കറ്റുകളേക്കാള്‍ കൂടുതല്‍ ട്രെന്റ് ബോള്‍ട്ട് രാജസ്ഥാന്‍ റോയല്‍സിനൊപ്പം നേടിയിട്ടുണ്ട്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ ആദ്യ ഓവറില്‍ വിക്കറ്റ് നേടിയ താരങ്ങള്‍

(താരം – വിക്കറ്റ് എന്നീ ക്രമത്തില്‍)

ട്രെന്റ് ബോള്‍ട്ട് – 31

ഭുവനേശ്വര്‍ കുമാര്‍ – 27

പ്രവീണ്‍ കുമാര്‍ – 15

ദീപക് ചഹര്‍ – 13

സന്ദീപ് ശര്‍മ – 13

സഹീര്‍ ഖാന്‍ – 12

ലസിത് മലിംഗ – 11

ഡെയ്ല്‍ സ്റ്റെയ്ന്‍ – 11

ഉമേഷ് യാദവ് – 11

അതേസമയം, മത്സരം 15 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 169 എന്ന നിലയിലാണ് ആര്‍.സി.ബി. 24 പന്തില്‍ 44 റണ്‍സുമായി രജത് പാടിദാറും നാല് പന്തില്‍ 12 റണ്‍സുമായി ജിതേഷ് ശര്‍മയുമാണ് ക്രീസില്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട്, വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കല്‍, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ്, യാഷ് ദയാല്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ

Content Highlight: IPL 2025: MI vs RCB: Trent Boult picks wicket in 1st over for 31st time