|

മത്സരത്തിന് മുമ്പേ ലോക ടി-20 ക്രിക്കറ്റില്‍ ഒന്നാമത്; കളിച്ച് കളിച്ച് ജയിച്ച് ജയിച്ച് മുംബൈ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ കൊമ്പന്‍മാരുടെ പോരാട്ടം മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. ഹോം ടീമായ മുംബൈ ഇന്ത്യന്‍സ് കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്. മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ഈ മത്സരത്തിനിറങ്ങിയതോടെ ഒരു ഐതിഹാസിക നേട്ടമാണ് മുംബൈ ഇന്ത്യന്‍സിനെ തേടിയെത്തിയിരിക്കുന്നത്. ടി-20 ചരിത്രത്തില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച ടീമെന്ന നേട്ടമാണ് ഫൈവ് ടൈം ചാമ്പ്യന്‍മാര്‍ സ്വന്തമാക്കിയത്.

ചരിത്രത്തിലെ 288ാം മത്സരത്തിനാണ് മുംബൈ കളത്തിലിറങ്ങിയിരിക്കുന്നത്. ഇതുവരെ 156 മത്സരങ്ങളില്‍ വിജയിക്കുകയും ചെയ്തു. 54.5 എന്ന വിജയശതമാനമാണ് ടീമിനുള്ളത്.

ബെംഗളൂരുവിനെതിരായ മത്സരത്തിന് മുമ്പ് കൗണ്ടിയിലെ (വൈറ്റാലിറ്റി ബ്ലാസ്റ്റ്) അതികായരായ സോമര്‍സെറ്റിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു മുംബൈ. സീസണിലെ അഞ്ചാം മത്സരത്തിന് ടോസ് വീണതോടെ സോമര്‍സെറ്റിനെ മറികടന്ന് മുംബൈ ഒന്നാമതെത്തിയിരിക്കുകയാണ്.

സോമര്‍സെറ്റ്

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം മത്സരം കളിച്ച ടീം

(മത്സരം – ടീം എന്നീ ക്രമത്തില്‍)

288* – മുംബൈ ഇന്ത്യന്‍സ്

287 – സോമര്‍സെറ്റ്

280 – ഹാംഷെയര്‍

275 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

272 – സറേ

272 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

അതേസമയം, മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ ആര്‍.സി.ബിക്ക് തിരിച്ചടിയേറ്റിരുന്നു. ട്രെന്റ് ബോള്‍ട്ടെറിഞ്ഞ ആദ്യ പന്തില്‍ ഫോറടിച്ച് തുടങ്ങിയ സൂപ്പര്‍ താരം ഫില്‍ സാള്‍ട്ട് രണ്ടാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി.

ബോള്‍ട്ടിന്റെ ഫസ്റ്റ് ഓവര്‍ വിക്കറ്റ് മാജിക്കില്‍ മുംബൈ ഏര്‍ളി അഡ്വാന്റേജ് നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഡോമിനേഷന് അനുവദിക്കാതെ ആര്‍.സി.ബി ബാറ്റിങ് തുടരുകയാണ്.

നിലവില്‍ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 33 എന്ന നിലയിലാണ് ആര്‍.സി.ബി. ഒമ്പത് പന്തില്‍ 18 റണ്‍സുമായി വിരാട് കോഹ് ലിയും ഏഴ് പന്തില്‍ 11 റണ്‍സുമായി ദേവ്ദത്ത് പടിക്കലുമാണ് ക്രീസില്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട്, വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കല്‍, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ്, യാഷ് ദയാല്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, വിഘ്‌നേഷ് പുത്തൂര്‍.

Content Highlight: IPL 2025: MI vs RCB: Mumbai Indians tops the list of most matches in T20 cricket

Latest Stories

Video Stories