IPL
അവരാണ് തോല്‍വിക്ക് കാരണം, എന്ത് പറയണമെന്ന് എനിക്ക് അറിയില്ല; പ്രതികരണവുമായി ഹര്‍ദിക്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 08, 09:20 am
Tuesday, 8th April 2025, 2:50 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തില്‍ ബെംഗളൂരു വിജയം സ്വന്തമാക്കിയിരുന്നു. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ 12 റണ്‍സിന്റെ തോല്‍വിയാണ് മുംബൈ വഴങ്ങിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമാണ് ബെംഗളൂരുവിനോട് മുന്‍ ചാമ്പ്യന്‍മാര്‍ ഹോം ഗ്രൗണ്ടില്‍ തോല്‍ക്കുന്നത്.

ബെംഗളൂരു ഉയര്‍ത്തിയ 222 ന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. യുവതാരം തിലക് വര്‍മയും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും തീപ്പൊരി ബാറ്റിങ് കാഴ്ച വെച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. മുന്‍നിര ബാറ്റര്‍മാരും ബൗളര്‍മാരും നിരാശപ്പെടുത്തിയതാണ് മുംബൈയ്ക്ക് വിനയായത്.

മത്സരത്തില്‍ ടോസ് നേടി ബെംഗളുരുവിനെ ബാറ്റിങ്ങിന് അയച്ച മുംബൈ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ മൊമെന്റം നിലനിര്‍ത്താന്‍ മുംബൈ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. പരിക്കില്‍ നിന്ന് മുക്തനായി മത്സരത്തിലേക്ക് തിരിച്ച വന്ന ജസ്പ്രീത് ബുംറ മാത്രമാണ് എക്കോണമിക്കലായി പന്തെറിഞ്ഞത്.

ഇപ്പോള്‍ മുംബൈയുടെ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ. മത്സരം ഒരു റണ്‍ വിരുന്നായിരുന്നുവെന്നും വിക്കറ്റ് ബാറ്റിങ്ങിന് അനുകൂലമായിരുന്നുവെന്നും പാണ്ഡ്യ പറഞ്ഞു. ബൗളര്‍ക്ക് ബുദ്ധിമുട്ടുള്ള വിക്കറ്റായിരുന്നുവെന്നും തങ്ങള്‍ പത്ത്- പന്ത്രണ്ട് റണ്‍സ് അധികം നല്‍കിയെന്നും താരം കൂട്ടിച്ചേര്‍ത്തു. മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഹര്‍ദിക് പാണ്ഡ്യ.

‘ഇതൊരു റണ്‍ വിരുന്നായിരുന്നു. വിക്കറ്റ് ബാറ്റിങ്ങിന് നല്ലതായിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് വീണ്ടും കുറഞ്ഞ സ്‌കോറിന് തോല്‍ക്കേണ്ടി വന്നു. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല.

ബൗളര്‍മാര്‍ക്ക് റണ്‍ ഒഴുക്കിന് തടയിടാന്‍ കഴിഞ്ഞില്ല. അത് അവര്‍ക്ക് ബുദ്ധിമുട്ടുള്ള വിക്കറ്റായിരുന്നു. ഞാന്‍ പരുഷമായി പെരുമാറാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങള്‍ വീണ്ടും 10-12 റണ്‍സ് അധികമായി നല്‍കിയതായി എനിക്ക് തോന്നുന്നു,’ ഹര്‍ദിക് പറഞ്ഞു.

മുംബൈക്കായി ഹര്‍ദിക് പാണ്ഡ്യയും ട്രെന്റ് ബോള്‍ട്ടും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഇരുവരും എട്ട് ഓവറുകള്‍ എറിഞ്ഞ് 102 റണ്‍സാണ് വിട്ടുകൊടുത്തത്. മിച്ചല്‍ സാന്റ്‌നറും ദീപക് ചഹറും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ചില്ല. സാന്റ്‌നര്‍ നാല് ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ചഹര്‍ രണ്ട് ഓവറില്‍ 29 റണ്‍സ് വഴങ്ങി.

Content Highlight: IPL 2025: MI vs RCB: Mumbai Indians Captain Hardik Pandya Talks About The Reason Behind The Defeat Against RCB