ഐ.പി.എല്ലില്‍ മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ന് കളത്തിലിറങ്ങും. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍. പോയിന്റ് ടേബിളില്‍ മുംബൈ ആറാം സ്ഥാനത്തും സൂപ്പര്‍ ജയന്റ്‌സ് ഏഴാം സ്ഥാനത്തുമാണ്.
സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് മാത്രമാണ് ലഖ്നൗവിന് വിജയം സ്വന്തമാക്കാനായത്. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്സിനോട് തോറ്റ പന്തിന്റെ സംഘം വിജയവഴിയില്‍ തിരിച്ചെത്താനാണ് ഉന്നമിടുന്നത്. ക്യാപ്റ്റന്‍ റിഷബ് പന്തിന്റെ ഫോം ലഖ്നൗവിന് ആശങ്കയായി തുടരുമ്പോള്‍ പേസര്‍ ആകാശ് ദീപിന്റെ തിരിച്ച് വരവ് ആശ്വാസമാണ്.
അതേസമയം, സീസണിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം വിജയത്തോടൊപ്പം പോയിന്റ് ടേബിളില്‍ മുന്നേറുകയുമാണ് മുന്‍ ചാമ്പ്യന്‍മാരുടെ ലക്ഷ്യം. മുംബൈക്കായി സൂര്യകുമാര്‍ യാദവും തിലക് വര്‍മയും മാത്രമാണ് മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നത്.
ഈ മത്സരത്തില്‍ ഇന്ത്യയുടെ ടി-20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ഒരു വമ്പന്‍ നേട്ടമാണ് കാത്തിരിക്കുന്നത്. ടി-20യില്‍ 350 സിക്‌സുകള്‍ എന്ന നാഴികക്കല്ല് സ്വന്തമാക്കാന്‍ സ്‌കൈയ്ക്ക് സാധിക്കും. ഈ നേട്ടത്തിലെത്താന്‍ താരത്തിന് വേണ്ടത് ഒരു സിക്‌സ് മാത്രമാണ്.
ഒരു സിക്‌സ് കൂടി അടിക്കാനായാല്‍ ഈ നേട്ടത്തില്‍ എത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാകാനും സൂര്യയ്ക്ക് കഴിയും. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും മാത്രമാണ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.
നിലവില്‍ 312 മത്സരങ്ങളില്‍ നിന്നായി സൂര്യ 349 സിക്‌സുകളും 796 ഫോറുകളും നേടിയിട്ടുണ്ട്. ഇതില്‍ 137 സിക്‌സുകളും ഐ.പി.എല്ലിലാണ് താരം നേടിയത്.
ഈ സീസണില്‍ മുംബൈക്കായി സൂര്യ മികച്ച പ്രകടനങ്ങളാണ് പുറത്തെടുക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് താരം 104 റണ്‍സെടുത്തിട്ടുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നേടിയ 48 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മുംബൈ ഇന്ത്യന്‍സിനായി സ്‌കൈയാണ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തിട്ടുള്ളത്.
Content Highlight: IPL 2025: MI vs LSG: Mumbai Indians Super Star Suryakumar Yadav Aimes to Complete 350 Sixes In T20