ഐ.പി.എല്‍ 2025ല്‍ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ശേഷമാണ് മൂന്നാം മത്സരത്തില്‍ ടീം ഗംഭീര തിരിച്ചുവരവ് നടത്തിയത്. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 117 റണ്‍സിന്റെ വിജയലക്ഷ്യം കേവലം 12.5 ഓവറില്‍ മുംബൈ മറികടന്നു. അരങ്ങേറ്റക്കാരന്‍ അശ്വനി കുമാറിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനവും റിയാന്‍ റിക്കല്‍ട്ടണിന്റെ അര്‍ധ സെഞ്ച്വറിയുമാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്.
മത്സരത്തില്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്റെ പേരില്‍ ഒരു തകര്‍പ്പന്‍ നേട്ടം കുറിക്കപ്പെട്ടിരുന്നു. ടി-20 ഫോര്‍മാറ്റില്‍ 8,000 റണ്‍സെന്ന നേട്ടത്തിലേക്കാണ് മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം നടന്നുകയറിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ 35ാം താരവും അഞ്ചാമത് ഇന്ത്യന്‍ താരവുമാണ് സ്‌കൈ.
കൊല്‍ക്കത്തക്കെതിരായ മത്സരത്തിന് മുമ്പ് 287 ഇന്നിങ്‌സില്‍ നിന്നും 7,980 റണ്‍സാണ് താരത്തിനുണ്ടായിരുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്കെതിരെ 20 റണ്‍സടിച്ചാല്‍ താരത്തിന് 8,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നിരിക്കെ കേവലം ഒമ്പത് പന്തില്‍ പുറത്താകാതെ 27 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഇന്ത്യന്‍ ദേശീയ ടീമിനും മുംബൈ ഇന്ത്യന്‍സിനും പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ടീമുകള്‍ക്ക് വേണ്ടിയാണ് താരം കളത്തിലിറങ്ങിയത്.
288 ഇന്നിങ്‌സില്‍ നിന്നും 34.21 ശരാശരിയിലും 152.28 സ്‌ട്രൈക്ക് റേറ്റിലുമാണ് സൂര്യ സ്‌കോര്‍ ചെയ്യുന്നത്. ആറ് സെഞ്ച്വറിയും 54 അര്‍ധ സെഞ്ച്വറിയും സൂര്യ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിട്ടുണ്ട്.
(താരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – 384 – 12,976
രോഹിത് ശര്‍മ – 437 – 11,838
ശിഖര്‍ ധവാന്‍ – 331 – 9,797
സുരേഷ് റെയ്‌ന – 319 – 8,654
സൂര്യകുമാര്‍ യാദവ് – 287 – 8,007
കെ.എല്‍. രാഹുല്‍ – 214 – 7,610
ദിനേഷ് കാര്‍ത്തിക് – 364 – 7,537
എം.എസ്. ധോണി – 345 – 7,478
സഞ്ജു സാംസണ്‍ – 285 – 7,443
റോബന്‍ ഉത്തപ്പ – 282 – 7,272
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയും 16.2 ഓവറില്‍ കേവലം 116 റണ്‍സിന് ഓള്‍ ഔട്ടാക്കുകയുമായിരുന്നു.
മുംബൈക്കായി ആദ്യ മത്സരം കളിക്കാനിറങ്ങിയ അശ്വനി കുമാറിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് മുംബൈ എതിരാളികളെ ചെറിയ സ്‌കോറില്‍ തളച്ചിട്ടത്. മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ തിലക് വര്‍മയുടെ കൈകളിലെത്തിച്ച് മടക്കി വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ച അശ്വനി, റിങ്കു സിങ്ങിനെ നമന്‍ ധിറിന്റെ കൈകളിലെത്തിച്ചും, മനീഷ് പാണ്ഡേ, ആന്ദ്രേ റസല്‍ എന്നിവരെ ക്ലീന്‍ ബൗള്‍ഡാക്കിയും മടക്കി.
അശ്വനി കുമാറിന് പുറമെ ദീപക് ചഹര്‍ രണ്ട് വിക്കറ്റും ഹര്‍ദിക് പാണ്ഡ്യ, മിച്ചല്‍ സാന്റ്‌നര്‍, ട്രെന്റ് ബോള്‍ട്ട്, വിഘ്‌നേഷ് പുത്തൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ രോഹിത് ശര്‍മ (12 പന്തില്‍ 13) വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ റിയാന്‍ റിക്കല്‍ട്ടണ്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. 41 പന്തില്‍ പുറത്താകാതെ 62 റണ്‍സാണ് താരം നേടിയത്. വില്‍ ജാക്‌സ് (17 പന്തില്‍ 16), സൂര്യകുമാര്‍ യാദവ് (ഒമ്പത് പന്തില്‍ 27) എന്നിവരും വിജയത്തില്‍ നിര്‍ണായകമായി.
ഏപ്രില്‍ നാലിനാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍. ലഖ്‌നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്‌റ്റേഡിയമാണ് വേദി.
Content Highlight: IPL 2025: MI vs KKR: Suryakumar Yadav completes 8,000 T20 runs