ഐ.പി.എല്‍ 2025ലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ. കഴിഞ്ഞ ദിവസം സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 117 റണ്‍സിന്റെ വിജയലക്ഷ്യം കേവലം 12.5 ഓവറില്‍ മുംബൈ മറികടന്നു. അശ്വനി കുമാര്‍, റിയാന്‍ റിക്കല്‍ട്ടണ്‍ എന്നിവരുടെ പ്രകടനമാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്.
മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയും 16.2 ഓവറില്‍ കേവലം 116 റണ്‍സിന് ഓള്‍ ഔട്ടാക്കുകയുമായിരുന്നു.
മുംബൈക്കായി ആദ്യ മത്സരം കളിക്കാനിറങ്ങിയ അശ്വനി കുമാറിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് മുംബൈ എതിരാളികളെ ചെറിയ സ്‌കോറില്‍ തളച്ചിട്ടത്. മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ തിലക് വര്‍മയുടെ കൈകളിലെത്തിച്ച് മടക്കി വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ച അശ്വനി, റിങ്കു സിങ്ങിനെ നമന്‍ ധിറിന്റെ കൈകളിലെത്തിച്ചും, മനീഷ് പാണ്ഡേ, ആന്ദ്രേ റസല്‍ എന്നിവരെ ക്ലീന്‍ ബൗള്‍ഡാക്കിയും മടക്കി.
അശ്വനിക്ക് പുറമെ ദീപക് ചഹര്‍ രണ്ട് വിക്കറ്റും ഹര്‍ദിക് പാണ്ഡ്യ, മിച്ചല്‍ സാന്റ്‌നര്‍, ട്രെന്റ് ബോള്‍ട്ട്, വിഘ്‌നേഷ് പുത്തൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ രോഹിത് ശര്‍മ (12 പന്തില്‍ 13) വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ റിയാന്‍ റിക്കല്‍ട്ടണ്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. 41 പന്തില്‍ പുറത്താകാതെ 62 റണ്‍സാണ് താരം നേടിയത്. വില്‍ ജാക്‌സ് (17 പന്തില്‍ 16), സൂര്യകുമാര്‍ യാദവ് (ഒമ്പത് പന്തില്‍ 27) എന്നിവരുടെ ഇന്നിങ്‌സും മുംബൈയെ വിജയത്തിലെത്തിച്ചു.
അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റുമായി തിളങ്ങിയ അശ്വനി കുമാറാണ് കളിയിലെ താരം.
അശ്വനി കുമാറിന്റെ മികച്ച പ്രകടനത്തിന് കയ്യടി ഉയരുമ്പോള്‍ മുംബൈ മാനേജ്‌മെന്റിനും അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്. താരങ്ങളെ കണ്ടെത്തി വളര്‍ത്തിയെടുക്കുന്ന മുംബൈ ഇന്ത്യന്‍സിന്റെ പതിവ് ഈ സീസണില്‍ വീണ്ടും ആവര്‍ത്തിച്ചു എന്നാണ് ആരാധകര്‍ പറയുന്നത്.
ആദ്യ മത്സരത്തില്‍ തിളങ്ങിയ മലയാളി താരം വിഘ്‌നേഷ് പുത്തൂരിനെയും മുംബൈ ഇന്ത്യന്‍സ് ഇത്തരത്തില്‍ കണ്ടെത്തിയതാണ്. സീനിയര്‍ തലത്തില്‍ കേരളത്തിനായി ഒറ്റ മത്സരം പോലും കളിക്കാത്ത താരമാണ് വിഘ്‌നേഷ് എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.
ലേലത്തില്‍ സ്വന്തമാക്കിയതിന് പിന്നാലെ ഐ.എല്‍. ടി-20യില്‍ മുംബൈ ഫ്രാഞ്ചൈസി ടീമായ എം.ഐ കേപ്ടൗണിനൊപ്പം നെറ്റ്‌സ് ബൗളറായി പ്രവര്‍ത്തിക്കാനുള്ള അവസരവും വിഘ്‌നേഷിന് ടീം ഒരുക്കിയിരുന്നു.
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് കണ്ടെത്തുകയും വളര്‍ത്തിയെടുക്കുകയും ചെയ്ത താരങ്ങള്‍ ഏറെയാണ്. സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ, സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ, യുവതാരം തിലക് വര്‍മ എന്നിവരെല്ലാം തന്നെ മുംബൈ ഇന്ത്യന്‍സ് ഫാക്ടറിയുടെ പ്രൊഡക്ടുകളാണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് ഐ.പി.എല്‍ കരിയര്‍ ആരംഭിച്ചതെങ്കിലും, മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്നുവന്ന വെടിക്കെട്ട് വീരന്‍ സൂര്യകുമാര്‍ യാദവും മുംബൈയുടെ പ്രൊഡക്ട് തന്നെയാണ്. ഇവര്‍ക്കൊപ്പം ഈ കൂട്ടത്തിലേക്കാണ് ഇപ്പോള്‍ പഞ്ചാബിന്റെ ഇടംകയ്യന്‍ മീഡിയം പേസറും ഇടം നേടിയിരിക്കുന്നത്.
ഈ വിജയത്തിന് പിന്നാലെ പത്താം സ്ഥാനത്ത് നിന്നും ഒറ്റയടിക്ക് ആറാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് മുംബൈ. കൊല്‍ക്കത്തയാകട്ടെ പത്താം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.
ഏപ്രില്‍ നാലിനാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍. ലഖ്‌നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്‌റ്റേഡിയമാണ് വേദി.
Content Highlight: IPL 2025: MI vs KKR: Ashwani Kumar’s brilliant bowling performance against Kolkata Knight Riders