ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്. ടൈറ്റന്‍സിന്റെ തട്ടകമായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. പതിനെട്ടാം സീസണിലെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും പരസ്പരം പോരാടാനൊരുങ്ങുന്നത്.
സീസണിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്സിനോട് ഗുജറാത്ത് ടൈറ്റന്‍സ് തോറ്റിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തിട്ടും 11 റണ്‍സിന്റെ തോല്‍വിയാണ് ഗില്ലിന്റെ സംഘം ഏറ്റുവാങ്ങിയത്.
അതേസമയം, എല്‍ ക്ലാസിക്കോയില്‍ ചെന്നൈയോട് നാല് വിക്കറ്റിന് പരാജയപ്പെട്ടതാണ് മുംബൈ ഇന്ത്യന്‍സ് രണ്ടാം മത്സരത്തില്‍ ഇറങ്ങുന്നത്. വിലക്ക് കാരണം ആദ്യ മത്സരത്തില്‍ ഇറങ്ങാതിരുന്ന ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ മുംബൈയെ ഈ മത്സരത്തില്‍ തിരിച്ചെത്തും. താരത്തിന്റ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിച്ചിരുന്നത്.
രണ്ടാം വിജയം തേടി ഗുജറാത്തിനെതിരെ ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് വമ്പന്‍ നേട്ടമാണ്. മത്സരത്തില്‍ ഒരു ഫോര്‍ കൂടെ നേടാനായാല്‍ ഐ.പി.എല്ലില്‍ 600 ഫോറുകള്‍ തികയ്ക്കുന്ന നാലാമത്തെ താരമാകാന്‍ കഴിയും. ഇതുവരെ 258 മത്സരങ്ങളില്‍ നിന്നായി രോഹിത് 599 ഫോറുകള്‍ നേടിയിട്ടുണ്ട്.
നിലവില്‍ രോഹിത് ഐ.പി.എല്ലില്‍ 6628 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും 43 അര്‍ധ സെഞ്ച്വറിയുമാണ് താരം ടൂര്‍ണമെന്റില്‍ പതിനെട്ട് സീസണില്‍ നിന്ന് നേടിയത്. 131.03 സ്‌ട്രൈക്ക് റേറ്റും 29.58 ശരാശരിയുമാണ് താരത്തിന്റെ പേരിലുള്ളത്.
ഐ.പി.എല്ലില്‍ 600 ഫോറുകള്‍ തികച്ച ബാറ്റര്‍മാര്‍
(താരം – മത്സരം – ഫോറുകള്‍ എന്നീ ക്രമത്തില്‍)
ശിഖര്‍ ധവാന്‍ – 222 – 768
വിരാട് കോഹ്ലി – 254 – 711
ഡേവിഡ് വാര്‍ണര്‍ – 184 – 663
അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയ്ക്ക് റണ്‍സൊന്നും കണ്ടെത്താനായിരുന്നില്ല. നാല് പന്ത് നേരിട്ട താരം ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ശിവം ദുബൈക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്.
Content Highlight: IPL 2025: MI vs GT: Indian Skipper Rohit Sharma Aims A Record In IPL