| Sunday, 30th March 2025, 9:14 am

പുറത്തായത് നാല് തവണ; ഇവനെ കണ്ടാല്‍ ഗില്ലിന് മുട്ട് വിറക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് വിജയം നേടിയിരുന്നു. ടൈറ്റന്‍സിന്റെ തട്ടകമായ അഹമ്മദാബാദില്‍ 36 റണ്‍സിനാണ് ഗുജറാത്ത് വിജയിച്ചത്.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടര്‍ന്ന് ഗുജറാത്ത് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടാന്‍ സാധിച്ചത്. ഇതോടെ തങ്ങളുടെ രണ്ടാം തോല്‍വിയും മുംബൈ ഏറ്റുവാങ്ങേണ്ടി വന്നു.

തുടക്കത്തില്‍ തന്നെ വമ്പന്‍ തിരിച്ചടിയാണ് ഗുജറാത്ത് മുംബൈക്ക് നല്‍കിയത്. ആദ്യ ഓവറിനെത്തിയ മുഹമ്മദ് സിറാജിന്റെ നാലാം പന്തില്‍ രോഹിത് ശര്‍മയെ ബൗള്‍ഡാക്കിയാണ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. നാല് പന്തില്‍ നിന്ന് രണ്ട് ഫോര്‍ അടക്കം എട്ട് റണ്‍സായിരുന്നു രോഹിത് നേടിയത്. 80ാം തവണയാണ് രോഹിത് സിംഗിള്‍ ഡിജിറ്റില്‍ പുറത്താകുന്നത്.

മത്സരത്തിലെ നാലാം ഓവറില്‍ റിയാന്‍ റിക്കല്‍ട്ടനെ ആറ് റണ്‍സിന് പുറത്താക്കി സിറാജ് രണ്ടാം വിക്കറ്റും നേടി. സൂര്യകുമാര്‍ യാദവ് നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 48 റണ്‍സും തിലക് വര്‍മ 39 റണ്‍സും നേടി മിന്നും പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 11 റണ്‍സിനും കൂടാരം കയറി. അവസാന ഘട്ടത്തില്‍ നമന്‍ ധിറും മിച്ചല്‍ സാന്റ്നറും 18 റണ്‍സ് നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കാനായില്ല.

ഗുജറാത്തിന് വേണ്ടി സിറാജ്, പ്രസീത് കൃഷ്ണ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കഗീസോ റബാദ സായി കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയാണ് ഗുജറാത്തിന് ആദ്യ നഷ്ടപ്പെട്ടത്. മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ നമന്‍ ധിറിന്റെ കയ്യിലാകുകയായിരുന്നു. 27 പന്തില്‍ 38 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. ഇന്ത്യന്‍ പേസര്‍ ദീപക് ചഹറും സൗത്ത് ആഫ്രിക്കന്‍ ബൗളര്‍ ആന് റിക് നോര്‍ക്യയുമാണ് ഇതിന് മുമ്പ് ഗില്ലിനെ നാല് വട്ടം പുറത്താക്കിയത്.

ഐ.പി.എല്ലില്‍ ഇത് നാലാം തവണയാണ് ഹര്‍ദിക് പാണ്ഡ്യ ഗില്ലിനെ പുറത്താക്കുന്നത്. പാണ്ഡ്യക്കെതിരെ ഗുജറാത്ത് നായകന് ടൂര്‍ണ്ണമെന്റില്‍ 18 പന്തില്‍ നിന്ന് 2.8 ശരാശരിയിലും 61.1 സ്‌ട്രൈക്ക് റേറ്റിലും 11 റണ്‍സെടുത്തിട്ടുള്ളത്.

ഐ.പി.എല്ലില്‍ ശുഭ്മന്‍ ഗില്ലിന്റെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ താരങ്ങള്‍

(താരം – ഇന്നിങ്സ് – എണ്ണം എന്നീ ക്രമത്തില്‍)

ഹര്‍ദിക് പാണ്ഡ്യ – 5 – 4

ആന് റിക് നോര്‍ക്യ – 7 – 4

ദീപക് ചഹര്‍ – 4 – 11

യുസ്വേന്ദ്ര ചഹല്‍ – 3 – 8

ഭുവനേശ്വര്‍ കുമാര്‍ – 3 -10

മികച്ച പ്രകടനത്തോടെയാണ് ശുഭ്മന്‍ ഗില്‍ സീസണ്‍ തുടങ്ങിയത്. ആദ്യ മത്സരത്തില്‍ ദല്‍ഹിക്കെതിരേ 14 പന്തില്‍ 33 റണ്‍സെടുത്തിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്നായി 71 റണ്‍സുണ്ട് താരത്തിന്റെ പേരിലുണ്ട്.

Content Highlight: IPL 2025: MI vs GT: Gujarat Titans Skipper Shubman Gill Got Dismissed Four Times Against Hardik Pandya

We use cookies to give you the best possible experience. Learn more