|

വിജയങ്ങള്‍ എന്നും സ്‌പെഷ്യല്‍, അവന്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി; തുറന്ന് പറഞ്ഞ് ഹര്‍ദിക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോം ടീമിന്റെ 12 റണ്‍സിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ഇതോടെ സീസണില്‍ രണ്ടാം വിജയം സ്വന്തമാക്കാനും ക്യാപിറ്റല്‍സിന്റെ അപരാജിത കുതിപ്പിന് വിരാമമിടാനും മുംബൈയ്ക്ക് സാധിച്ചു.

മുംബൈ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 193ന് പുറത്തായി. 19ാം ഓവറിലെ അവസാന മൂന്ന് പന്തുകളില്‍ പിറന്ന മൂന്ന് റണ്‍ ഔട്ടുകളാണ് മുംബൈ ഇന്ത്യന്‍സിന് വിജയം സമ്മാനിച്ചത്. ഒപ്പം ഇംപാക്ട് പ്ലെയറായെത്തിയ കരണ്‍ ശര്‍മയുടെ സ്‌പെല്ലും വിജയത്തില്‍ നിര്‍ണായകമായി.

ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ വിജയത്തില്‍ പ്രതികരിക്കുകയാണ് ടീമിന്റെ നായകന്‍ ഹര്‍ദിക് പാണ്ഡ്യ. മത്സരത്തില്‍ വിജയിക്കുന്നത് എപ്പോഴും സ്‌പെഷ്യലാണെന്നും പതിമൂന്നാം ഓവര്‍ വരെ തന്റെ ടീം കളിയില്‍ ഉണ്ടായിരുന്നില്ല എന്നും ഹര്‍ദിക് പറഞ്ഞു. കരുണ്‍ നായര്‍ ബാറ്റ് ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും വിദര്‍ഭ താരം തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും മുംബൈ നായകന്‍ കൂട്ടിച്ചേര്‍ത്തു.

‘മത്സരത്തില്‍ വിജയിക്കുന്നത് എപ്പോഴും സ്‌പെഷ്യലാണ്. പതിമൂന്നാം ഓവര്‍ വരെ ഞങ്ങള്‍ കളിയില്‍ ഉണ്ടായിരുന്നില്ല. പക്ഷേ ഞങ്ങള്‍ തിരിച്ചടിച്ചു.

കരുണ്‍ നായര്‍ ബാറ്റ് ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അദ്ദേഹം ഞങ്ങളെ അത്ഭുതപ്പെടുത്തി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലമാണത്,’ ഹര്‍ദിക് പറഞ്ഞു.

മത്സരത്തില്‍ ഇംപാക്ട് പ്ലെയറായെത്തിയ കരണ്‍ ശര്‍മയുടെ പ്രകടനത്തെ കുറിച്ചും ഫീല്‍ഡിങ്ങിനെ കുറിച്ചും ഹര്‍ദിക് സംസാരിച്ചു. കരണ്‍ ശര്‍മ നന്നായി പന്തെറിഞ്ഞ് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തിയെന്നും ഫീല്‍ഡിങ്ങിന് മത്സരത്തില്‍ എപ്പോഴും ഒരു റോളുണ്ടെന്നും ഹര്‍ദിക് പറഞ്ഞു. ടൈംഔട്ടില്‍ പോരാട്ടം തുടരാനും ഒരിക്കലും വിട്ടുകൊടുക്കാതിരിക്കാനുമാനാണ് താന്‍ ആവശ്യപ്പെട്ടത് എന്നും ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ കൂട്ടിച്ചേര്‍ത്തു.

‘കരണ്‍ ശര്‍മ ഞങ്ങള്‍ക്ക് വേണ്ടി നന്നായി പന്തെറിഞ്ഞു. പ്രധാന വിക്കറ്റുകള്‍ വീഴ്ത്തി. ഫീല്‍ഡിങ്ങിന് മത്സരത്തില്‍ എപ്പോഴും ഒരു റോളുണ്ട്. ഞങ്ങള്‍ക്ക് മൂന്ന് ദല്‍ഹി ബാറ്റര്‍മാരെ റണ്‍ഔട്ടാക്കാന്‍ കഴിഞ്ഞു.

ടൈംഔട്ടില്‍ ഞാന്‍ പോരാട്ടം തുടരാനും ഒരിക്കലും വിട്ടുകൊടുക്കാതിരിക്കാനുമാനാണ് ആവശ്യപ്പെട്ടത്. അവര്‍ അവരുടെ സ്വഭാവം കാണിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു,’ ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തിലക് വര്‍മ (33 പന്തില്‍ 59), റിയാന്‍ റിക്കല്‍ടണ്‍ (25 പന്തില്‍ 41), സൂര്യകുമാര്‍ യാദവ് (28 പന്തില്‍ 40), നമന്‍ ധിര്‍ (17 പന്തില്‍ 38) എന്നിവരാണ് മുംബൈയ്ക്ക് വേണ്ടി തിളങ്ങിയത്.

മറുപടി ബാറ്റിങ്ങില്‍ ഇംപാക്ട് പ്ലെയറായെത്തി 40 പന്തില്‍ 89 റണ്‍സ് എടുത്ത് വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ കരുണ്‍ നായര്‍ ദല്‍ഹിക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ താരത്തെ ക്ലീന്‍ ബൗള്‍ട്ടാക്കി മിച്ചല്‍ സാന്റ്‌നര്‍ മുംബൈയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെത്തിയവര്‍ക്ക് ദല്‍ഹിയെ വിജയത്തില്‍ എത്തിക്കാനായില്ല.

മുംബൈക്കായി കരണ്‍ ശര്‍മ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ന്യൂസിലാന്‍ഡ് സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ദീപക് ചഹറും ബുംറയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlight: IPL 2025:MI vs DC: Mumbai Indians Captain Hardik Pandya talks about win against Delhi Capitals