ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സ് വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 12 റണ്‍സിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ഇതോടെ സീസണിലെ രണ്ടാം ജയം നേടാനും ക്യാപിറ്റല്‍സിന്റെ അപരാജിത കുതിപ്പിന് വിരമിടാനും ഹര്‍ദികിന്റെ സംഘത്തിന് സാധിച്ചു.
മുംബൈ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 193ന് പുറത്തായി. 19ാം ഓവറിലെ അവസാന മൂന്ന് പന്തുകളില്‍ പിറന്ന മൂന്ന് റണ്‍ ഔട്ടുകളാണ് മുംബൈ ഇന്ത്യന്‍സിന് രണ്ടാം വിജയം സമ്മാനിച്ചത്. ഒപ്പം ഇംപാക്ട് പ്ലെയറായെത്തിയ കരണ്‍ ശര്‍മയുടെ സ്‌പെല്ലും വിജയത്തില്‍ നിര്‍ണായകമായി.
ഇപ്പോള്‍ ഈ മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. മത്സരത്തിലെ വിജയം മുംബൈ ഇന്ത്യന്‍സിന്റെ തിരിച്ചു വരവായിരിക്കാമെന്നും അത് നല്ലതാണെന്നും സേവാഗ് പറഞ്ഞു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തുന്ന ശീലം മുംബൈയ്ക്കുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഇത് മുംബൈ ഇന്ത്യന്‍സിന്റെ തിരിച്ചുവരവായിരിക്കാം. 2025ലെ ഐ.പി.എല്ലിന് ഇത് നല്ലതാണ്, കാരണം ഇത് പോയിന്റ് പട്ടിക തുറക്കും. നിലവിലെ ആദ്യ നാല് സ്ഥാനക്കാര്‍ പ്ലേഓഫിലേക്ക് എളുപ്പത്തില്‍ യോഗ്യത നേടണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തുന്ന ശീലം മുംബൈയ്ക്കുണ്ട്,’ സേവാഗ് പറഞ്ഞു.
മത്സരത്തില്‍ ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ട്ടത്തില്‍ 205 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ യുവ താരം തിലക് വര്‍മയുടെയും അവസാന ഓവറുകള്‍ മിന്നല്‍ ബാറ്റിങ് കാഴ്ച വെച്ച നമന്‍ ധിറിന്റെയും കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.
തിലക് വര്‍മ 33 പന്തില്‍ 59 റണ്‍സും നമന്‍ ധിര്‍ 17 പന്തില്‍ 38 റണ്‍സുമാണ് അടിച്ചെടുത്തത്. റിയാന്‍ റിക്കല്‍ടണും സൂര്യകുമാര്‍ യാദവും മുംബൈയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിങ്ങില്‍ ഇംപാക്ട് പ്ലെയറായെത്തി 40 പന്തില്‍ 89 റണ്‍സ് എടുത്ത് വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ കരുണ്‍ നായര്‍ ദല്‍ഹിക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ താരത്തെ ക്ലീന്‍ ബൗള്‍ട്ടാക്കി മിച്ചല്‍ സാന്റ്‌നര്‍ മുംബൈയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി.
പിന്നാലെത്തിയവര്‍ക്ക് ദല്‍ഹിയെ വിജയത്തില്‍ എത്തിക്കാനായില്ല. ജസ്പ്രീത് ബുംറ എറിഞ്ഞ പത്തൊന്‍മ്പതാം ഓവറിലെ മൂന്ന് റണ്‍ ഔട്ടുകളാണ് ദല്‍ഹിയുടെ തോല്‍വിക്ക് വഴി തെളിച്ചത്.
മുംബൈക്കായി കരണ്‍ ശര്‍മ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ന്യൂസിലാന്‍ഡ് സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ദീപക് ചഹറും ബുംറയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Content Highlight: IPL 2025: MI vs DC: Former Indian Cricketer Virender Sehwag Says that the Mumbai Indians win against Delhi Capitals is could be their comeback