ഐ.പി.എല്‍ 2025ലെ എല്‍ ക്ലാസിക്കോ മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 156 റണ്‍സിന്റെ വിജയലക്ഷ്യം. രോഹിത് ശര്‍മയടക്കമുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ തിലക് വര്‍മ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ദീപക് ചഹര്‍ എന്നിവരുടെ ചെറുത്തുനില്‍പ്പാണ് മുംബൈ ഇന്ത്യന്‍സിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.
ചെന്നൈയ്ക്കായി അരങ്ങേറ്റ മത്സരത്തിനിറങ്ങിയ നൂര്‍ അഹമ്മദിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന്റെ ബലത്തിലാണ് എതിരാളികളെ വലിയ സ്‌കോറിലേക്ക് കുതിക്കാതെ സൂപ്പര്‍ കിങ്‌സ് തളച്ചിട്ടത്. മെഗാ താരലേലത്തില്‍ പത്ത് കോടി മുടക്കിയാണ് ചെന്നൈ അഫ്ഗാന്‍ പ്രോഡിജിയെ ചെപ്പോക്കിലെത്തിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ തിളങ്ങിയാണ് നൂര്‍ ആരാധകരെ ആവേശത്തിലാഴ്ത്തി.
നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയാണ് നൂര്‍ അഹമ്മദ് തിളങ്ങിയത്. റിയാന്‍ റിക്കല്‍ടണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റോബിന്‍ മിന്‍സ് എന്നിവരെയാണ് താരം മടക്കിയത്.
ഇതോടെ അരങ്ങേറ്റ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഏറ്റവും മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച താരമാകാനും നൂര്‍ അഹമ്മദിന് സാധിച്ചു.
(താരം – എതിരാളികള്‍ – ബൗളിങ് ഫിഗര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
നൂര്‍ അഹമ്മദ് – മുംബൈ ഇന്ത്യന്‍സ് – 4/18 – 2025*
മുസ്തഫിസുര്‍ റഹ്‌മാന്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 4/22 – 2024
ഖലീല്‍ അഹമ്മദ് – മുംബൈ ഇന്ത്യന്‍സ് – 3/29 – 2025*
രാജ്‌വര്‍ധന്‍ ഹംഗാര്‍ഗേക്കര്‍ – ഗുജറാത്ത് ടൈറ്റന്‍സ് – 3/36 – 2023
കരണ്‍ ശര്‍മ – രാജസ്ഥാന്‍ റോയല്‍സ് – 2/13 – 2018
അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് മുന്‍ നായകന്‍ രോഹിത് ശര്‍മയെ പൂജ്യത്തിന് നഷ്ടപ്പെട്ടിരുന്നു. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ശിവം ദുബെയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
റിയാന്‍ റിക്കല്‍ടണ്‍ (ഏഴ് പന്തില്‍ 13), വില്‍ ജാക്‌സ് (ഏഴ് പന്തില്‍ 11) എന്നിവരുടെ വിക്കറ്റുകളും മുന്‍ ചാമ്പ്യന്‍മാര്‍ക്ക് നഷ്ടപ്പെട്ടിരുന്നു.
പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും മികച്ച രീതിയില്‍ ഇന്നിങ്‌സ് കെട്ടിപ്പടുക്കവെ സൂര്യയെ മടക്കി നൂര്‍ അഹമ്മദ് കൂട്ടുകെട്ട് പൊളിച്ചു. വിക്കറ്റിന് പിന്നില്‍ എം.എസ്. ധോണി ഒരിക്കല്‍ക്കൂടി ഇടിമിന്നലായപ്പോള്‍ സ്‌കൈ 26 പന്തില്‍ 29 റണ്‍സുമായി മടങ്ങി.
പിന്നാലെയെത്തിയ റോബിന്‍ മിന്‍സ് ചലനമുണ്ടാക്കാതെ മടങ്ങി. റോബിന്‍ മിന്‍സിനെ പുറത്താക്കിയ അതേ ഓവറില്‍ തന്നെ തിലക് വര്‍മയെയും മടക്കി നൂര്‍ അഹമ്മദ് വീണ്ടും തന്റെ മാജിക് പുറത്തെടുത്തു. 25 പന്തില്‍ 31 റണ്‍സാണ് താരം നേടിയത്.
അവസാന ഓവറുകളില്‍ ദീപക് ചഹറിന്റെ ചെറുത്തുനില്‍പ്പാണ് മുംബൈയെ 150 കടത്തിയത്. 18 പന്തില്‍ പുറത്താകാതെ 28 റണ്‍സാണ് താരം നേടിയത്.
ചെന്നൈ നിരയില്‍ നൂര്‍ അഹമ്മദിന് പുറമെ ഖലീല്‍ അഹമ്മദും തിളങ്ങി. നാല് ഓവര്‍ പന്തെറിഞ്ഞ് 29 റണ്‍സിന് മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ആര്‍. അശ്വിനും നഥാന്‍ എല്ലിസും ഓരോ വിക്കറ്റ് വീതവും നേടി.
മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ, റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, നമന്‍ ധിര്‍, റോബിന്‍ മിന്‍സ്, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, എസ്. രാജു.
ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍
രചിന്‍ രവീന്ദ്ര, ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ദീപക് ഹൂഡ, ശിവം ദുബെ, രവീന്ദ്ര ജഡേജ, സാം കറന്‍, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, നൂര്‍ അഹമ്മദ്, നഥാന്‍ എല്ലിസ്, ഖലീല്‍ അഹമ്മദ്.
Content highlight: IPL 2025: MI vs CSK: Noor Ahmad’s brilliant bowling performance on CSK debut