ഐ.പി.എല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് വിജയം സ്വന്തമാക്കിയിരുന്നു. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് ഹോം ടീം സ്വന്തമാക്കിയത്. ഇതോടെ ഈ സീസണിലെ തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കാനും മുംബൈക്കായി.
ചെന്നൈ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 26 പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. രോഹിത്തിന്റെയും സൂര്യകുമാര്‍ യാദവിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മുംബൈ അനായാസ വിജയം സ്വന്തമാക്കിയത്.
മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഗംഭീര തിരിച്ചുവരവിന് കൂടെയാണ് വാംഖഡെ സ്റ്റേഡിയം വേദിയായത്. തന്റെ ഹോം ഗ്രൗണ്ടായ വാംഖഡെയില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്താണ് രോഹിത് തിരിച്ചുവരവ് നടത്തിയത്.
മത്സരത്തില്‍ 45 പന്തില്‍ 76 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറി കരസ്ഥമാക്കിയ ഹിറ്റ്മാന്‍ 168.89 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത് ആറ് സിക്സും നാല് ഫോറുമാണ് നേടിയത്. ഈ പ്രകടനത്തോടെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും താരം സ്വന്തമാക്കി.
മത്സരത്തിന് ശേഷം തന്റെ പ്രകടനത്തെ കുറിച്ചും ഫോമില്ലായ്മയെയും കുറിച്ചും രോഹിത് സംസാരിച്ചിരുന്നു. സ്വയം സംശയിക്കാനും വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങുകയും ചെയ്യാനും എളുപ്പമാണെന്നും തനിക്ക് താന്‍ ചെയ്യുന്നത് തുടരേണ്ടത് പ്രധാനമായിരുന്നുവെന്നും രോഹിത് പറഞ്ഞു. താന്‍ ഫോമിലേക്കെത്തിയത് കുറച്ച് വൈകിയാണെന്ന് തനിക്കറിയാമെന്നും മത്സരത്തില്‍ പന്തുകളെ വലിയ ഷോട്ടുകള്‍ അടിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഷേപ്പ് നിലനിര്‍ത്തേണ്ടത് പ്രധാനമായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഇത്രയും കാലം ഇവിടെ ഉണ്ടായിരുന്നതിന് ശേഷം, സ്വയം സംശയിക്കാനും വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങുകയും ചെയ്യാനും എളുപ്പമാണ്. എനിക്ക് ഞാന്‍ ചെയ്യുന്നത് തുടരേണ്ടത് പ്രധാനമായിരുന്നു. അതായത് നന്നായി പരിശീലിക്കുക, പന്ത് നന്നായി അടിക്കുക, അതാണ് ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നത്.
നിങ്ങള്‍ സ്വയം പിന്തുണയ്ക്കുകയും മനസ്സില്‍ വ്യക്തത പുലര്‍ത്തുകയും ചെയ്യുമ്പോള്‍, ഇതുപോലുള്ള കാര്യങ്ങള്‍ സംഭവിക്കാം. ഇത് കുറച്ച് സമയമായി എന്ന് എനിക്കറിയാം, പക്ഷേ ഞാന്‍ പറഞ്ഞതുപോലെ, സ്വയം സംശയിക്കാന്‍ തുടങ്ങിയാല്‍ സ്വയം സമ്മര്‍ദ്ദം ചെലുത്തുകയേയുള്ളൂ.
നിങ്ങള്‍ എങ്ങനെ കളിക്കണമെന്ന് സന്തുലിതമാക്കേണ്ടത് പ്രധാനമാണ്. ഇന്ന് എനിക്ക് പന്ത് അടിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഷേപ്പ് നിലനിര്‍ത്തേണ്ടതും പ്രധാനമായിരുന്നു,’ രോഹിത് പറഞ്ഞു.
മത്സരങ്ങളില്‍ ഇംപാക്ട് പ്ലെയറായി ഇറങ്ങുന്നതിനെ കുറിച്ചും രോഹിത് സംസാരിച്ചു. താന്‍ ഫീല്‍ഡ് ചെയ്യാതെ ഉടനെ വന്ന് ബാറ്റ് ചെയ്യണമെന്ന് ടീം ആഗ്രഹിക്കുന്നുവെങ്കില്‍ തനിക്കത് പ്രശ്‌നമല്ലായെന്നും ക്രീസില്‍ നില്‍ക്കുകയും കളി പൂര്‍ത്തിയാക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും സംതൃപ്തി നല്‍കുന്നതെന്നും താരം പറഞ്ഞു.
‘നിങ്ങള്‍ 17 ഓവറുകള്‍ ഫീല്‍ഡ് ചെയ്തിട്ടില്ല, അതാണ് എന്റെ ചിന്താ പ്രക്രിയ. പക്ഷേ എന്റെ ടീം ഞാന്‍ ഉടനെ വന്ന് ബാറ്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ എനിക്ക് അത് പ്രശ്‌നമല്ല. എനിക്ക് ക്രീസില്‍ നില്‍ക്കുകയും കളി പൂര്‍ത്തിയാക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും സംതൃപ്തി നല്‍കുന്നത്,’ രോഹിത് പറഞ്ഞു.
രോഹിതിന് പുറമെ വാംഖഡെയില്‍ സൂര്യകുമാര്‍ യാദവും മികച്ച പ്രകടനം പുറത്തെടുത്തു. 30 പന്തില്‍ അഞ്ച് സിക്സും ആറ് ഫോറുമടക്കം 68 റണ്‍സുമാണ് താരം നേടിയത്. വണ്‍ ഡൗണായി ഇറങ്ങിയ സൂര്യകുമാര്‍ യാദവുമായി രോഹിത് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു.
ചെന്നൈക്ക് വേണ്ടി ബാറ്റിങ്ങില്‍ 35 പന്തില്‍ 53 റണ്‍സ് നേടി പുറത്താകാതെ നിന്ന് രവീന്ദ്ര ജഡേജയും 32 പന്തില്‍ 50 റണ്‍സ് നേടിയ ശിവം ദുബെയുമാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്.
മുംബൈയ്ക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സാന്റ്നര്‍, ദീപക് ചഹര്‍, അശ്വിനി കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. വിജയത്തോടെ മുംബൈയ്ക്ക് പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തേക്ക് ഉയരാനും സാധിച്ചു.
Content Highlight: IPL 2025: MI vs CSK: Mumbai Indians batter Rohit Sharma opens up on his indifferent form after scoring fifty against Chennai Super Kings