ഐ.പി.എല്‍ മെഗാ താരലേലത്തിനുള്ള ഫൈനല്‍ ലിസ്റ്റ് കഴിഞ്ഞ ദിവസം ബി.സി.സി.ഐ പുറത്തുവിട്ടിരുന്നു. ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത 1,574 താരങ്ങളില്‍ നിന്നും ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത 574 താരങ്ങളുടെ പട്ടികയാണ് അപെക്സ് ബോര്‍ഡ് പുറത്തുവിട്ടിരിക്കുന്നത്.
ലേലത്തില്‍ പങ്കെടുക്കുന്ന 574ല്‍ 366 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. 208 പേര്‍ ഓവര്‍സീസ് താരങ്ങളും. മൂന്ന് അസോസിയേറ്റ് താരങ്ങള്‍ മാത്രമാണ് ഷോര്‍ട്ട്‌ലിസ്റ്റില്‍ ഇടം നേടിയത്. ഇന്ത്യന്‍ താരങ്ങളില്‍ 318 പേര്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കാത്തവരാണ്. ലേലത്തിന്റെ ഭാഗമാകുന്ന 12 വിദേശ താരങ്ങളും ഇതുവരെ നാഷണല്‍ ജേഴ്സി ധരിച്ചിട്ടില്ല.
ഓരോ ടീമിനും 25 താരങ്ങളുടെ സ്‌ക്വാഡിനൊണ് തെരഞ്ഞെടുക്കേണ്ടത്. റിറ്റെന്‍ഷനിന്റെ ഭാഗമായി ടീമുകള്‍ ഇതിനോടകം തന്നെ 46 താരങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. ശേഷിക്കുന്ന 204 സ്ലോട്ടുകളിലേക്കാണ് 574 താരങ്ങള്‍ കണ്ണുവെക്കുന്നത്.
ക്രിക്കറ്റ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണാണ് ലേലത്തിനെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം. 42 വയസും 109 ദിവസവുമാണ് താരത്തിന്റെ പ്രായം.
ഈ വര്‍ഷം അന്താരാഷ്ട്ര കരിയറിനോട് വിടപറഞ്ഞതിന് ശേഷമാണ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പേസര്‍ ഐ.പി.എല്ലില്‍ പുതിയ ഇന്നിങ്‌സിനിറങ്ങുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിറസാന്നിധ്യമായി തുടരുമ്പോഴും ആന്‍ഡേഴ്‌സണ്‍ ഒരിക്കല്‍പ്പോലും ഐ.പി.എല്ലിന്റെ ഭാഗമായിരുന്നില്ല. തന്റെ 42ാം വയസിലാണ് താരം ഐ.പി.എല്‍ അരങ്ങേറ്റത്തിനിറങ്ങുന്നത്.
ലേലത്തില്‍ പങ്കെടുക്കുന്ന പ്രായം കൂടിയ താരം ആന്‍ഡേഴ്‌സണാണെങ്കില്‍ പ്രായം കുറഞ്ഞ താരമാര് എന്നതായി ആരാധകരുടെ അടുത്ത അന്വേഷണം. ആ തെരച്ചില്‍ അവസാനിച്ചതാകട്ടെ ബീഹാറിലും.
വൈഭവ് സൂര്യവംശിയെന്ന 13കാരനാണ് ലേലത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. താരലേലത്തിന്റെ ഭാഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം ഐ.പി.എല്ലിന്റെ റെക്കോഡ് പുസ്‌കതകങ്ങളില്‍ എഴുതിച്ചേര്‍ത്താണ് സൂര്യവംശി എത്തുന്നത്.
പ്രായം വെറും 13 മാത്രമാണെങ്കിലും ചില്ലറക്കാരനല്ല ബീഹാറിന്റെ ഈ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍. 12ാം വയസില്‍ രഞ്ജിയില്‍ അരങ്ങേറ്റം കുറിച്ചാണ് താരം ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചത്. കളത്തിലിറങ്ങിയതാകട്ടെ കരുത്തരായ മുംബൈക്കെതിരെയും.
2023ലെ കൂച്ച് ബെഹര്‍ ട്രോഫിയില്‍ താരം ബീഹാറിന് വേണ്ടി കളത്തിലിറങ്ങിയിരുന്നു. ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ 128 പന്തില്‍ നിന്നും 151 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. 22 ഫോറും മൂന്ന് സിക്സറുമാണ് സൂര്യവംശിയുടെ ഇന്നിങ്സിലുണ്ടായിരുന്നത്. ആ മത്സരത്തില്‍ തന്നെ 76 റണ്‍സും താരം നേടി.
ഇന്ത്യ U19 A, ഇന്ത്യ U19 B, ഇംഗ്ലണ്ട് U19, ബംഗ്ലാദേശ് U19 എന്നിവരുള്‍പ്പെട്ട ക്വാഡ്രാന്‍ഗുലര്‍ സീരീസിലും സൂര്യവംശി ഭാഗമായിരുന്നു. ടൂര്‍ണമെന്റില്‍ 53, 74, 0, 41, 0 എന്നിങ്ങനെയായിരുന്നു താരം റണ്‍സ് നേടിയത്. ഇതിന് പിന്നാലെയാണ് താരം രഞ്ജിയിലും കളത്തിലിറങ്ങിയത്.
ഫസ്റ്റ് ക്ലാസില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ നാലാമത് ഇന്ത്യന്‍ താരമാണ് വൈഭവ് സൂര്യവംശി. 12 വയസും 284 ദിവസവും പ്രായമുള്ളപ്പോഴാണ് താരം രഞ്ജിയില്‍ അരങ്ങേറിയത്.
2024 സെപ്റ്റംബറില്‍, ഓസ്ട്രേലിയയ്ക്കെതിരെ നടന്ന യൂത്ത് ടെസ്റ്റ് മത്സരത്തില്‍ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിനായി വൈഭവ് അരങ്ങേറ്റം കുറിച്ചിരുന്നു. നേരിട്ട 58ാം പന്തില്‍ സെഞ്ച്വറി നേടിയാണ് വൈഭവ് തന്റെ വരവറിയിച്ചത്.
നംവബര്‍ 24, 25 തിയ്യതികളില്‍ നടക്കുന്ന താരലേലത്തില്‍ വൈഭവിനെ ഏതെങ്കിലും ടീം സ്വന്തമാക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്തിയെടുക്കുന്ന മുംബൈ ഇന്ത്യന്‍സില്‍ തന്നെയാണ് ആരാധകരുടെ പ്രതീക്ഷയും.
Content highlight: IPL 2025 Mega Auction: Who is Vaibhav Suryavanshi