ഐ.പി.എല്ലിന്റെ താരലേലത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തങ്ങളുടെ പ്രിയ ടീമുകള്‍ ഏതെല്ലാം താരങ്ങളെ നിലനിര്‍ത്തുമെന്നും ഏതെല്ലാം പുതിയ താരങ്ങളെ ടീമിലെത്തിക്കുമെന്നാണ് ആരാധകക്കൂട്ടം കണക്കുകൂട്ടുന്നത്. ഇവര്‍ ഇതിനോടകം തന്നെ തങ്ങളുടേതായ റിട്ടെന്‍ഷന്‍ ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്.
എന്നാല്‍ ആരാധകരെയും എതിര്‍ ടീമുകളെയും ഒരുപോലെ ഞെട്ടിക്കാനാണ് പഞ്ചാബ് കിങ്‌സ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. അണ്‍ ക്യാപ്ഡ് താരമുള്‍പ്പടെ വളരെ കുറച്ച് താരങ്ങളെ നിലനിര്‍ത്താനാണ് ടീം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
അങ്ങനെയെങ്കില്‍ പ്രീതി സിന്റയും കൂട്ടരും 112 കോടി രൂപയുമായാകും ലേലത്തിനെത്തുക എന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സൂപ്പര്‍ താരങ്ങളെ ഉള്‍പ്പെടെ ഒഴിവാക്കുന്നതിലൂടെ ടീമിന്റെ ഓക്ഷന്‍ പേഴ്‌സില്‍ കോടികളെത്തും. ഇതിലൂടെ ടീമിനെ കേശാദിപാദം മുതല്‍ പാദാദികേശം വരെ ഉടച്ചുവാര്‍ക്കാന് തന്നെയാകും ടീമിന്റെ ശ്രമം.
സ്റ്റാര്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെ പോലും നിലനിര്‍ത്തേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് പഞ്ചാബ് കിങ്‌സ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബ് കിങ്‌സിന്റെ ബൗളിങ് യൂണിറ്റിനെ കാലങ്ങളായി മുന്നില്‍ നിന്നും നയിക്കുന്ന താരമാണ് അര്‍ഷ്ദീപ്. അര്‍ഷ്ദീപിനെയും നിലനിര്‍ത്തേണ്ട എന്ന തീരുമാനിക്കുന്നതിലൂടെ ടീം പുതിയ പദ്ധതികള്‍ക്ക് തുടക്കമിടുന്നു എന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്.
ശശാങ്ക് സിങ്ങാണ് പഞ്ചാബ് നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളില്‍ ഒരാള്‍. കഴിഞ്ഞ താരലേലത്തില്‍ ആളുമാറി വിളിച്ചെടുത്ത ശശാങ്ക് ടീമിന്റെ രക്ഷകനാകുന്ന കാഴ്ചക്കാണ് ഐ.പി.എല്‍ ശേഷം സാക്ഷിയായത്. വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങും പഞ്ചാബിന്റെ റിട്ടെന്‍ഷന്‍ ലിസ്റ്റിലുണ്ടാകും. ഇവര്‍ക്കൊപ്പം ചില അണ്‍ ക്യാപ്ഡ് താരങ്ങളുമാകും ടീമിന്റെ ഭാഗമാവുക.
ലേലത്തില്‍ കൂടുതല്‍ തുക മുടക്കാന്‍ സാധിക്കുന്നതിലൂടെ കൂടുതല്‍ മെച്ചപ്പെട്ട സ്‌ക്വാഡിനെ കെട്ടിപ്പടുത്താന്‍ സാധിക്കുമെന്നാണ് പഞ്ചാബ് കിങ്‌സിന്റെ കണക്കുകൂട്ടല്‍.
പഞ്ചാബ് ഇങ്ങനെ ഒരു തീരുമാനമെടുത്തെങ്കില്‍ അത് എന്തിന് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേയുള്ളൂ, ആദ്യ കിരീടം. ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടും കിരീടം നേടാന്‍ സാധിക്കാതെ പോയ മൂന്ന് ടീമുകളില്‍ ഒന്നാണ് പഞ്ചാബ് കിങ്‌സ് (FKA കിങ്‌സ് ഇലവന്‍ പഞ്ചാബ്), ദല്‍ഹിയും ബെംഗളൂരുവുമാണ് മറ്റ് രണ്ട് ടീമുകള്‍.
ഐ.പി.എല്‍ 2024 പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് പഞ്ചാബ് കിങ്‌സ് ഫിനിഷ് ചെയ്തത്. മുംബൈ ഇന്ത്യന്‍സ് മാത്രമാണ് പഞ്ചാബിന് താഴെയുണ്ടായിരുന്നത്.
14 കളിയില്‍ നിന്നും വെറും അഞ്ച് മത്സരത്തില്‍ മാത്രമാണ് പഞ്ചാബിന് വിജയിക്കാന്‍ സാധിച്ചത്.
എന്നാല്‍ ചില മികച്ച വിജയങ്ങളും കഴിഞ്ഞ സീസണില്‍ പഞ്ചാബിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴസ് ഉയര്‍ത്തിയ 262 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് വിക്കറ്റും എട്ട് പന്തും ശേഷിക്കെ മറികടന്നതും ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഏഴ് വിക്കറ്റിന്റെ വിജയവും ഉദാഹരണങ്ങള്‍ മാത്രം.
Content Highlight: IPL 2025, Mega Auction: Reports says Punjab Kings will not retain Arshdeep Singh