| Thursday, 31st October 2024, 1:21 pm

'ക്യാപ്റ്റന്‍സി മാത്രം പോര, മറ്റുചിലത് കൂടെ വേണം'; പന്തിനോട് ഗുഡ്‌ബൈ പറയാന്‍ ക്യാപ്പിറ്റല്‍സ്; പുതിയ ക്യാപ്റ്റന്‍ ഇവനോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മെഗാ താരലേലത്തിന് മുന്നോടിയായി ദല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ പുറത്ത്. സൂപ്പര്‍ താരവും ക്യാപ്റ്റനുമായ റിഷബ് പന്തിനെ ടീം നിലനിര്‍ത്താന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ റിപ്പോര്‍ട്ട് പ്രകാരം റിഷബ് പന്ത് ക്യാപ്പിറ്റല്‍സിന്റെ റിട്ടെന്‍ഷന്‍ ലിസ്റ്റിന്റെ ഭാഗമല്ല. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവരെയാണ് ക്യാപ്പിറ്റല്‍സ് നിലനിര്‍ത്താന്‍ സാധ്യത. അണ്‍ക്യാപ്ഡ് പ്ലെയറായി അഭിഷേക് പോരലിനെയായിരിക്കും ടീം നിലനിര്‍ത്തുക.

‘റിഷബ് പന്ത് ക്യാപ്റ്റന്‍സിയാവശ്യപ്പെട്ടു. മാത്രമല്ല കോച്ചിനെയും സപ്പോര്‍ട്ടിങ് സ്റ്റാഫിനെയും നിയമിക്കുന്നതിലും അവന്റെ ഇടപെടലുകള്‍ വേണമെന്നാണ് അവന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതിനെ കുറിച്ചും അവന്റെ ടി-20 ഗെയ്മിനെയും കുറിച്ചും ദല്‍ഹി ക്യാപ്പിറ്റല്‍സിന് വിശ്വാസം പോര.

പന്ത് ടീമിനെ നയിക്കുന്നതിനെ സംബന്ധിച്ച് മാനേജ്‌മെന്റിന് പോസിറ്റീവായ നിലപാടല്ല ഉള്ളത്. ഇത് ഒറ്റ രാത്രികൊണ്ട് ഉണ്ടായതല്ല എന്ന് വ്യക്തമാണ്,’ ഡി.സി. ഒഫീഷ്യലിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

2021 മുതല്‍ ടീമിന്റെ ക്യാപ്റ്റനായ റിഷബ് പന്തിനെ ഇനി ആ സ്ഥാനത്ത് മാനേജ്‌മെന്റ് കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘അക്‌സര്‍ പട്ടേല്‍ ഒരു ഓപ്ഷനായി ടീമിന് മുമ്പിലുണ്ട്. പക്ഷേ മെഗാ ലേലത്തില്‍ സാധ്യമായ മറ്റ് ഓപ്ഷനുകളെയും ക്യാപ്പിറ്റല്‍സ് സൂക്ഷ്മമായി പരിശോധിക്കും. മെഗാ ലേലത്തില്‍ ക്യാപ്റ്റനാകാന്‍ പൊട്ടെന്‍ഷ്യലുള്ള നിരവധി താരങ്ങള്‍ വന്നേക്കാം. ഇതുകൊണ്ടുതന്നെ കാത്തിരിക്കുക എന്നതാണ് ഡി.സിയുടെ പദ്ധതി.

ദല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യര്‍ അവരുടെ റഡാറിലുണ്ടാകും. ഒപ്പം മികച്ച പല താരങ്ങളെയും ടീം നിലനിര്‍ത്തിയിട്ടുണ്ട്. ഒരു ശക്തമായ സ്‌ക്വാഡ് നിര്‍മിക്കാന്‍ ഇവര്‍ക്ക് സാധിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, റിഷബ് പന്തിനെ ക്യാപ്പിറ്റല്‍സ് ലേലത്തില്‍ വിടുകയാണെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉറപ്പായും താരത്തെ സ്വന്തമാക്കാനുള്ള സാധ്യതകളുണ്ട്. എം.എസ്. ധോണിക്ക് പിന്മുറക്കാരനായി ചെന്നൈ താരത്തെ കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Content highlight: IPL 2025: Mega Auction: Reports says Delhi Capitals may say goodbye to Rishabh Pant

We use cookies to give you the best possible experience. Learn more