| Thursday, 31st October 2024, 12:35 pm

സഞ്ജുവും സഞ്ജു കരിയര്‍ രക്ഷിച്ചവനും; ഞെട്ടിക്കാനൊരുങ്ങി രാജസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ന് മുന്നോടിയായുള്ള മെഗാ താരലേലത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തങ്ങളുടെ പ്രിയ ടീമുകള്‍ ഏതെല്ലാം താരങ്ങളെ നിലനിര്‍ത്തുമെന്നും ഏതെല്ലാം പുതിയ താരങ്ങളെ ടീമിലെത്തിക്കുമെന്നാണ് ആരാധകക്കൂട്ടം കണക്കുകൂട്ടുന്നത്. ഇവര്‍ ഇതിനോടകം തന്നെ തങ്ങളുടേതായ റിട്ടെന്‍ഷന്‍ ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്.

ഐ.പി.എല്ലിലെ ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് ആരെയൊക്കെ നിലനിര്‍ത്തുമെന്നാണ് ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ച. സഞ്ജുവും അശ്വിനും ജെയ്‌സ്വാളും ചഹലും അടങ്ങുന്ന ഇന്ത്യന്‍ താരങ്ങളാലും ജോസ് ബട്‌ലറും ട്രെന്റ് ബോള്‍ട്ടും അടങ്ങുന്ന വിദേശ താരങ്ങളാലും സമ്പന്നമാണ് രാജസ്ഥാന്‍ നിര. ഇതില്‍ ആരൊക്കെ അടുത്ത സീസണില്‍ രാജസ്ഥാന്‍ ജേഴ്‌സിയില്‍ തന്നെയുണ്ടാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

എന്നാല്‍ നാല് താരങ്ങളെ നിലനിര്‍ത്താനാണ് രാജസ്ഥാന്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, സ്റ്റാര്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍, യുവതാരം റിയാന്‍ പരാഗ്, സന്ദീപ് ശര്‍മ എന്നിവരാണ് രാജസ്ഥാന്റെ റിട്ടെന്‍ഷന്‍ ലിസ്റ്റിലുള്ളതെന്നാണ് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തങ്ങളുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ സഞ്ജു സാംസണെ സംബന്ധിച്ച് രാജസ്ഥാന്‍ റോയല്‍സിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടുണ്ടാകില്ല. വ്യക്തിഗത നേട്ടത്തിനായി ഒരിക്കല്‍പ്പോലും ശ്രമിക്കാത്ത പക്കാ ടീം മാനായ സഞ്ജുവിനെ ലേലത്തില്‍ വിട്ടാല്‍ പല ടീമുകളും താരത്തെ കൊത്തിയെടുക്കുമെന്ന് ആര്‍.ആര്‍. മാനേജ്‌മെന്റിന് വ്യക്തമായ ധാരണയുണ്ട്.

രാജസ്ഥാന്‍ റോയല്‍സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളെന്ന് തന്റെ പ്രകടനം കൊണ്ട് അടയാളപ്പെടുത്ത താരമാണ് ജെയ്സ്വാള്‍. കഴിഞ്ഞ സീസണുകളിലെല്ലാം തന്നെ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.

ജെയ്സ്വാളിനെ നിലനിര്‍ത്തുന്ന കാര്യത്തില്‍ രാജസ്ഥാന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നേക്കില്ല. ലേലത്തില്‍ വിട്ടുകൊടുത്ത് വീണ്ടും സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെത്തിക്കാം എന്ന പ്ലാന്‍ ടീമിനുണ്ടെങ്കില്‍ അത് പാളാനുള്ള സാധ്യകള്‍ ഏറെയാണ്. ജെയ്സ്വാളിനെ പൊന്നും വിലകൊടുത്ത് ടീമിലെത്തിക്കാന്‍ മറ്റു ടീമുകള്‍ മത്സരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും രാജസ്ഥാന് ഉണ്ടാകില്ല എന്നതിനാല്‍ തന്നെ അടുത്ത സീസണില്‍ ജെയ്സ്വാളിനെ പിങ്ക് ജേഴ്സിയില്‍ കാണാന്‍ സാധിച്ചേക്കും.

ഏതൊരു പരിതസ്ഥിതിയിലും മോശം ഫോമിലും രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമാക്കി കൊണ്ടുനടന്ന റിയാന്‍ പരാഗ് അടുത്ത സീസണിലും ടീമിനൊപ്പമുണ്ടാകാനുള്ള സാധ്യതകളേറെയാണ്. ഇക്കാലമത്രയും കേട്ട വിമര്‍ശനങ്ങള്‍ക്ക് ഒറ്റ സീസണ്‍ കൊണ്ട് മറുപടി നല്‍കിയാണ് പരാഗ് തിളങ്ങിയത്.

നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയാണ് പരാഗ് 2024 സീസണ്‍ അവസാനിപ്പിച്ചത്.

മുമ്പ് നടന്ന താരലേലത്തില്‍ ഒരാള്‍ പോലും വാങ്ങാതിരുന്ന സന്ദീപ് ശര്‍മയെ രാജസ്ഥാന്റെ ഭാഗമാക്കിയതില്‍ പ്രധാനപങ്കുവഹിച്ചത് സഞ്ജു സാംസണാണ്. പരിക്കേറ്റ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരക്കാനായി ടീമിനൊപ്പം കൂടിയ ശര്‍മ, തുടര്‍ന്ന് സഞ്ജുവിന്റെ വിശ്വസ്തനായ പടയാളിയായി മാറുന്ന കാഴ്ചയ്ക്കാണ് ഐ.പി.എല്‍ ആരാധകര്‍ സാക്ഷ്യം വഹിച്ചത്.

ജെയ്‌സ്വാളിന്റെ ഓപ്പണിങ് പാര്‍ട്ണര്‍ ജോസ് ബട്‌ലറിനെയും സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലിനെയും ടീം നിലനിര്‍ത്തിലേക്കില്ലെന്നും ആര്‍.ടി.എമ്മിലൂടെ തിരികെയെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അതേസമയം, യുവതാരം ധ്രുവ് ജുറെലിന്റെ കാര്യത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് കണ്‍ഫ്യൂഷനിലായിരിക്കുന്നത്. 2022 താരലേലത്തില്‍ 20 ലക്ഷം രൂപയ്ക്കാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററെ രാജസ്ഥാന്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെത്തിച്ചത്. ലഭിച്ച അവസരങ്ങള്‍ കൃത്യമായി വിനിയോഗിച്ച താരം തുടര്‍ന്ന് പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു.

പിന്നാലെ ഇന്ത്യക്കായും ജുറെല്‍ അരങ്ങേറ്റം കുറിച്ചു.

ജുറെലിനെ ലേലത്തിന്റെ ഭാഗമാക്കിയാല്‍ ഈ യുവപ്രതിഭയെ തങ്ങള്‍ക്ക് നഷ്ടമാകുമോ എന്ന പേടിയും ടീമിനുണ്ട്. ഇക്കാരണത്താല്‍ താരത്തെ അവസാന നിമിഷം നിലനിര്‍ത്താനും സാധ്യതകളേറെയാണ്.

Content Highlight: IPL 2025: Mega Auction: Rajasthan Royals’ possible retention list

We use cookies to give you the best possible experience. Learn more