ഐ.പി.എല്‍ 2025ന് മുന്നോടിയായുള്ള ലേലനടപടികള്‍ തുടരുകയാണ്. ഇതിനോടകം ഏഴ് സെറ്റ് താരങ്ങള്‍ ലേലനടപടികളുടെ ഭാഗമായപ്പോള്‍ നാല് താരങ്ങള്‍ മാത്രമാണ് അണ്‍സോള്‍ഡായത്.
ഇതുവരെ മൂന്ന് താരങ്ങളെയാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചത്. ആദ്യ താരമായി 12.5 കോടി രൂപയ്ക്ക് ജോഫ്രാ ആര്‍ച്ചറിനെ ടീമിലെത്തിച്ച രാജസ്ഥാന്‍ 4.4 കോടിക്ക് മഹീഷ് തീക്ഷണയെയും സ്വന്തമാക്കി.
രണ്ട് കോടി അടിസ്ഥാന വിലയുള്ള വാനിന്ദു ഹസരങ്കയെ 5.25 കോടിക്ക് ടീമിലെത്തിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സ്പിന്‍ ഡിപ്പാര്‍ട്‌മെന്റ് കൂടുതല്‍ ശക്തമാക്കിയത്. ശ്രീലങ്കയുടെ വിശ്വസ്തനായ ഓള്‍ റൗണ്ടര്‍ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലും പുതിയ ഇന്നിങ്‌സിനാണ് തയ്യാറെടുക്കുന്നത്.
ഒരു ബാറ്ററെ ഒരു ബൗളര്‍ തുടര്‍ച്ചയായി പുറത്താക്കിയാല്‍ അയാള്‍ ആ ബൗളറുടെ ബണ്ണിയെന്നറിയപ്പെടും. ഇത്തരത്തില്‍ സഞ്ജുവിനെതിരെ മികച്ച ട്രാക്ക് റെക്കോഡുള്ള താരമാണ് ഹസരങ്ക.
സഞ്ജുവും ഹസരങ്കയും എട്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആറ് തവണയാണ് ശ്രീലങ്കന്‍ താരം സഞ്ജുവിനെ പുറത്താക്കിയത്. ഹസരങ്കക്കെതിരെ താരത്തിന്റെ ബാറ്റിങ് പ്രകടനവും ശരാശരിയാണ്.
ഐ.പി.എല്‍ 2023ന് മുന്നോടിയായി വിന്‍ഡീസ് സൂപ്പര്‍ താരം ജേസണ്‍ ഹോള്‍ഡറെയും രാജസ്ഥാന്‍ ടീമിലെത്തിച്ചിരുന്നു. രാജസ്ഥാന്‍ നായകനെതിരെ മികച്ച പ്രകടനമാണ് കരീബിയന്‍ സൂപ്പര്‍ താരം പുറത്തെടുത്തിരുന്നത്. സഞ്ജുവിനെ പലകുറി പുറത്താക്കിയ ചഹല്‍ മെഗാലേലത്തില്‍ രാജസ്ഥാന്റെ ഭാഗമായപ്പോഴും ആരാധകര്‍ക്കിടയില്‍ ഇത്തരം ചര്‍ച്ചകളുയര്‍ന്നിരുന്നു.