ഐ.പി.എല്‍ 2024 താരലേലത്തിന് ഇനി രണ്ട് നാളിന്റെ കാത്തിരിപ്പ്. നവംബര്‍ 24, 25 തിയ്യതികളിലായി ജിദ്ദയിലാണ് ഇത്തവണ താരലേലം അരങ്ങേറുന്നത്. 574 താരങ്ങള്‍ ഇത്തവണ ലേലനടപടികളുടെ ഭാഗമാകും.
ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട 574 താരങ്ങളില്‍ 366 പേരും ഇന്ത്യക്കാരാണ്. 208 ഓവര്‍സീസ് താരങ്ങളും മൂന്ന് അസോസിയേറ്റ് താരങ്ങളും ലേലത്തിന്റെ ഭാഗമാകും. ഇന്ത്യന്‍ താരങ്ങളില്‍ 316 പേരും അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല. ലേലത്തില്‍ പങ്കെടുക്കുന്ന 12 വിദേശ താരങ്ങളും നാഷണല്‍ ജേഴ്‌സി ധരിക്കാത്തവരാണ്.
ഓരോ ടീമിനും 25 താരങ്ങളുടെ സ്‌ക്വാഡിനെയാണ് തെരഞ്ഞെടുക്കേണ്ടത്. റിറ്റെന്‍ഷനിന്റെ ഭാഗമായി ടീമുകള്‍ ഇതിനോടകം തന്നെ 46 താരങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. ശേഷിക്കുന്ന 204 സ്ലോട്ടുകളിലേക്കാണ് 574 താരങ്ങള്‍ കണ്ണുവെക്കുന്നത്.
താരലേലത്തില്‍ പഞ്ചാബ് കിങ്‌സാണ് എതിരാളികളെ ഞെട്ടിക്കാനൊരുങ്ങുന്നത്. റിറ്റെന്‍ഷനില്‍ വെറും രണ്ടേ രണ്ട് താരങ്ങളെ മാത്രം നിലനിര്‍ത്തിയ പഞ്ചാബ് 110.5 കോടി രൂപയുമായാണ് താരങ്ങള്‍ക്കായി വലവിരിക്കുന്നത്.
5.5 കോടി രൂപ നല്‍കി ശശാങ്ക് സിങ്ങിനെയും നാല് കോടി നല്‍കി പ്രഭ്സിമ്രാന്‍ സിങ്ങിനെയും വിടാതെ ചേര്‍ത്തുനിര്‍ത്തിയ പഞ്ചാബ് അര്‍ഷ്ദീപ് സിങ് അടക്കമുള്ള സൂപ്പര്‍ താരങ്ങളെ ഓക്ഷന്‍ പൂളിലേക്കിറക്കിവിട്ടിരുന്നു. എന്നാല്‍ നാല് ക്യാപ്ഡ് താരങ്ങള്‍ക്കായുള്ള ആര്‍.ടി.എം ഓപ്ഷനുകളും നിലനിര്‍ത്തിയ പഞ്ചാബ് എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ കൂടിയാണ് ലേലത്തിനെത്തുന്നത്.
83 കോടി കയ്യിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരുവാണ് പഞ്ചാബിന് ശേഷം ഏറ്റവുമധികം തുക കയ്യിലുള്ള ടീം. റിറ്റെന്‍ഷനില്‍ വിരാട് കോഹ്‌ലിയടക്കം മൂന്ന് താരങ്ങളെയാണ് ബെംഗളൂരു നിലനിര്‍ത്തിയത്.
റിഷബ് പന്തിനെയടക്കം ലേലത്തില്‍ വിട്ടുകൊടുത്ത ദല്‍ഹി ക്യാപ്പിറ്റല്‍സ് 73 കോടിയുമായി മൂന്നാം സ്ഥാനത്തുണ്ട്.
റിറ്റെന്‍ഷനില്‍ ഏറ്റവുമധികം തുക ചെലവഴിച്ച രാജസ്ഥാന്‍ റോയല്‍സിന്റെ പക്കലാണ് ഏറ്റവും കുറവ് തുക ബാക്കിയുള്ളത്. ക്യാപ്റ്റന്‍ സഞ്ജു സാംസണും യശസ്വി ജെയ്‌സ്വാളും അടക്കം ആറ് താരങ്ങളെ നിലനിര്‍ത്തിയ രാജസ്ഥാന്റെ പക്കല്‍ 41 കോടി രൂപ മാത്രമാണ് ശേഷിക്കുന്നത്. ഒറ്റ ആര്‍.ടി.എം ഓപ്ഷന്‍ പോലും അവശേഷിക്കുന്നുമില്ല.
ഓരോ ടീമും ചുരുങ്ങിയത് 18 താരങ്ങളുടെ സ്‌ക്വാഡാണ് പടുത്തുയര്‍ത്തേണ്ടത്. പരമാവധി 25 താരങ്ങളെ വരെ സ്‌ക്വാഡിലെത്തിക്കാം. അതായത് ശേഷിക്കുന്ന 41 കോടി ഉപയോഗിച്ച് ഏറ്റവും ചുരുങ്ങിയത് രാജസ്ഥാന്‍ 12 താരങ്ങളെയെങ്കിലും സ്വന്തമാക്കണം.
റിഷബ് പന്ത്, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഫാഫ് ഡു പ്ലെസി, ഡേവിഡ് വാര്‍ണര്‍, മുഹമ്മദ് ഷമി, ഡേവിഡ് മില്ലര്‍, ആര്‍. അശ്വിന്‍, യൂസി ചഹല്‍ ഉള്‍പ്പെടെ വമ്പന്‍ പേരുകാര്‍ ലേലത്തിന്റെ ഭാഗമാണ്.
പഞ്ചാബ് കിങ്‌സ്
➣ നിലനിര്‍ത്തിയ താരങ്ങള്‍: ശശാങ്ക് സിങ് (5.5 കോടി), പ്രഭ്സിമ്രാന്‍ സിങ് (4 കോടി)
➣ ശേഷിക്കുന്ന തുക: 110.5 കോടി
➣ ആര്‍.ടി.എം ഓപ്ഷനുകള്‍: 4 (നാല് ക്യാപ്ഡ് താരങ്ങളെ)
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
➣ നിലനിര്‍ത്തിയ താരങ്ങള്‍: വിരാട് കോഹ്‌ലി (21 കോടി), രജത് പാടിദാര്‍ (11 കോടി), യാഷ് ദയാല്‍ (5 കോടി)
➣ ശേഷിക്കുന്ന തുക: 83 കോടി
➣ ആര്‍.ടി.എം ഓപ്ഷനുകള്‍: 3 (ഒരു അണ്‍ക്യാപ്ഡ് താരവും രണ്ട് ക്യാപ്ഡും താരങ്ങളും അല്ലെങ്കില്‍ മൂന്ന് ക്യാപ്ഡ് താരങ്ങള്‍)
ദല്‍ഹി ക്യാപ്പിറ്റല്‍സ്
➣ നിലനിര്‍ത്തിയ താരങ്ങള്‍: അക്സര്‍ പട്ടേല്‍ (16.50 കോടി), കുല്‍ദീപ് യാദവ് (13.25 കോടി), ട്രിസ്റ്റണ്‍ സ്റ്റബ്സ് (10 കോടി) അഭിഷേക് പോരല്‍ (4 കോടി)
➣ ശേഷിക്കുന്ന തുക: 73 കോടി
➣ ആര്‍.ടി.എം ഓപ്ഷനുകള്‍: 2 (രണ്ട് ക്യാപ്ഡ് താരങ്ങള്‍ അല്ലെങ്കില്‍ ഒരു ക്യാപ്ഡ് താരവും ഒരു അണ്‍ ക്യാപ്ഡ് താരവും)
ഗുജറാത്ത് ടൈറ്റന്‍സ്
➣ നിലനിര്‍ത്തിയ താരങ്ങള്‍: റാഷിദ് ഖാന്‍ (18 കോടി), ശുഭ്മന്‍ ഗില്‍ (16.50 കോടി), സായ് സുദര്‍ശന്‍ (8.50 കോടി), രാഹുല്‍ തെവാട്ടിയ (4 കോടി), ഷാരൂഖ് ഖാന്‍ (4 കോടി)
➣ ശേഷിക്കുന്ന തുക: 69 കോടി
➣ ആര്‍.ടി.എം ഓപ്ഷനുകള്‍: 1 (ഒരു ക്യാപ്ഡ് താരത്തെ)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
➣ നിലനിര്‍ത്തിയ താരങ്ങള്‍: നിക്കോളാസ് പൂരന്‍ (21 കോടി), രവി ബിഷ്ണോയ് (11 കോടി), മായങ്ക് യാദവ് (11 കോടി), മൊഹ്സിന്‍ ഖാന്‍ (4 കോടി), ആയുഷ് ബദോനി (4 കോടി)
➣ ശേഷിക്കുന്ന തുക: 69 കോടി
➣ ആര്‍.ടി.എം ഓപ്ഷനുകള്‍: 1 (ഒരു ക്യാപ്ഡ് താരത്തെ)
ചെന്നൈ സൂപ്പര്‍ കിങ്‌സ്
➣ നിലനിര്‍ത്തിയ താരങ്ങള്‍: ഋതുരാജ് ഗെയ്ക്വാദ് (18 കോടി), മതീശ പതിരാന (13 കോടി), ശിവം ദുബെ (12 കോടി), രവീന്ദ്ര ജഡേജ (18 കോടി), എം.എസ്. ധോണി (4 കോടി)
➣ ശേഷിക്കുന്ന തുക: 65 കോടി
➣ ആര്‍.ടി.എം ഓപ്ഷനുകള്‍: 1 (ഒരു ക്യാപ്ഡ് അല്ലെങ്കില്‍ ഒരു അണ്‍ ക്യാപ്ഡ് താരം)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
➣ നിലനിര്‍ത്തിയ താരങ്ങള്‍: റിങ്കു സിങ് (13 കോടി), വരുണ്‍ ചക്രവര്‍ത്തി (12 കോടി), സുനില്‍ നരെയ്ന്‍ (12 കോടി), ആന്ദ്രേ റസല്‍ (12 കോടി), രമണ്‍ദീപ് സിങ് (4 കോടി), ഹര്‍ഷിത് റാണ (4 കോടി)
➣ ശേഷിക്കുന്ന തുക: 51 കോടി
➣ ആര്‍.ടി.എം ഓപ്ഷനുകള്‍: –
മുംബൈ ഇന്ത്യന്‍സ്
➣ നിലനിര്‍ത്തിയ താരങ്ങള്‍: ജസ്പ്രീത് ബുംറ (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹര്‍ദിക് പാണ്ഡ്യ (16.35 കോടി), രോഹിത് ശര്‍മ (16.30 കോടി), തിലക് വര്‍മ (8 കോടി)
➣ ശേഷിക്കുന്ന തുക: 45 കോടി
➣ ആര്‍.ടി.എം ഓപ്ഷനുകള്‍: 1 (ഒരു അണ്‍ ക്യാപ്ഡ് താരത്തെ)
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
➣ നിലനിര്‍ത്തിയ താരങ്ങള്‍: ഹെന്‌റിക് ക്ലാസന്‍ (23 കോടി), പാറ്റ് കമ്മിന്‍സ് (18 കോടി), അഭിഷേക് ശര്‍മ (14 കോടി), ട്രാവിസ് ഹെഡ് (14 കോടി), നിതീഷ് കുമാര്‍ റെഡ്ഡി (6 കോടി)
➣ ശേഷിക്കുന്ന തുക: 45 കോടി
➣ ആര്‍.ടി.എം ഓപ്ഷനുകള്‍: 1 (ഒരു അണ്‍ക്യാപ്ഡ് താരത്തെ)
രാജസ്ഥാന്‍ റോയല്‍സ്
➣ നിലനിര്‍ത്തിയ താരങ്ങള്‍: സഞ്ജു സാംസണ്‍ (18 കോടി), യശസ്വി ജെയ്സ്വാള്‍ (18 കോടി), ധ്രുവ് ജുറെല്‍ (14 കോടി), റിയാന്‍ പരാഗ് (14 കോടി), ഷിംറോണ്‍ ഹെറ്റ്മെയര്‍ (11 കോടി), സന്ദീപ് ശര്‍മ (4 കോടി)
➣ ശേഷിക്കുന്ന തുക: 41 കോടി
➣ ആര്‍.ടി.എം ഓപ്ഷനുകള്‍: –
Content highlight: IPL 2025 Mega Auction, Punjab Kings has the highest purse