ഐ.പി.എല്‍ 2024 താരലേലത്തിന് ഇനി രണ്ട് നാളിന്റെ കാത്തിരിപ്പ്. നവംബര്‍ 24, 25 തിയ്യതികളിലായി ജിദ്ദയിലാണ് ഇത്തവണ താരലേലം അരങ്ങേറുന്നത്. 574 താരങ്ങള്‍ ഇത്തവണ ലേലനടപടികളുടെ ഭാഗമാകും.
ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട 574 താരങ്ങളില്‍ 366 പേരും ഇന്ത്യക്കാരാണ്. 208 ഓവര്‍സീസ് താരങ്ങളും മൂന്ന് അസോസിയേറ്റ് താരങ്ങളും ലേലത്തിന്റെ ഭാഗമാകും. ഇന്ത്യന്‍ താരങ്ങളില്‍ 316 പേരും അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല. ലേലത്തില്‍ പങ്കെടുക്കുന്ന 12 വിദേശ താരങ്ങളും നാഷണല്‍ ജേഴ്‌സി ധരിക്കാത്തവരാണ്.
ഓരോ ടീമിനും 25 താരങ്ങളുടെ സ്‌ക്വാഡിനെയാണ് തെരഞ്ഞെടുക്കേണ്ടത്. റിറ്റെന്‍ഷനിന്റെ ഭാഗമായി ടീമുകള്‍ ഇതിനോടകം തന്നെ 46 താരങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. ശേഷിക്കുന്ന 204 സ്ലോട്ടുകളിലേക്കാണ് 574 താരങ്ങള്‍ കണ്ണുവെക്കുന്നത്.
താരലേലത്തില്‍ പഞ്ചാബ് കിങ്‌സാണ് എതിരാളികളെ ഞെട്ടിക്കാനൊരുങ്ങുന്നത്. റിറ്റെന്‍ഷനില്‍ വെറും രണ്ടേ രണ്ട് താരങ്ങളെ മാത്രം നിലനിര്‍ത്തിയ പഞ്ചാബ് 110.5 കോടി രൂപയുമായാണ് താരങ്ങള്‍ക്കായി വലവിരിക്കുന്നത്.
5.5 കോടി രൂപ നല്‍കി ശശാങ്ക് സിങ്ങിനെയും നാല് കോടി നല്‍കി പ്രഭ്സിമ്രാന്‍ സിങ്ങിനെയും വിടാതെ ചേര്‍ത്തുനിര്‍ത്തിയ പഞ്ചാബ് അര്‍ഷ്ദീപ് സിങ് അടക്കമുള്ള സൂപ്പര്‍ താരങ്ങളെ ഓക്ഷന്‍ പൂളിലേക്കിറക്കിവിട്ടിരുന്നു. എന്നാല്‍ നാല് ക്യാപ്ഡ് താരങ്ങള്‍ക്കായുള്ള ആര്‍.ടി.എം ഓപ്ഷനുകളും നിലനിര്‍ത്തിയ പഞ്ചാബ് എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ കൂടിയാണ് ലേലത്തിനെത്തുന്നത്.
83 കോടി കയ്യിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരുവാണ് പഞ്ചാബിന് ശേഷം ഏറ്റവുമധികം തുക കയ്യിലുള്ള ടീം. റിറ്റെന്‍ഷനില്‍ വിരാട് കോഹ്‌ലിയടക്കം മൂന്ന് താരങ്ങളെയാണ് ബെംഗളൂരു നിലനിര്‍ത്തിയത്.
റിഷബ് പന്തിനെയടക്കം ലേലത്തില്‍ വിട്ടുകൊടുത്ത ദല്‍ഹി ക്യാപ്പിറ്റല്‍സ് 73 കോടിയുമായി മൂന്നാം സ്ഥാനത്തുണ്ട്.
റിറ്റെന്‍ഷനില്‍ ഏറ്റവുമധികം തുക ചെലവഴിച്ച രാജസ്ഥാന്‍ റോയല്‍സിന്റെ പക്കലാണ് ഏറ്റവും കുറവ് തുക ബാക്കിയുള്ളത്. ക്യാപ്റ്റന്‍ സഞ്ജു സാംസണും യശസ്വി ജെയ്‌സ്വാളും അടക്കം ആറ് താരങ്ങളെ നിലനിര്‍ത്തിയ രാജസ്ഥാന്റെ പക്കല്‍ 41 കോടി രൂപ മാത്രമാണ് ശേഷിക്കുന്നത്. ഒറ്റ ആര്‍.ടി.എം ഓപ്ഷന്‍ പോലും അവശേഷിക്കുന്നുമില്ല.
ഓരോ ടീമും ചുരുങ്ങിയത് 18 താരങ്ങളുടെ സ്‌ക്വാഡാണ് പടുത്തുയര്‍ത്തേണ്ടത്. പരമാവധി 25 താരങ്ങളെ വരെ സ്‌ക്വാഡിലെത്തിക്കാം. അതായത് ശേഷിക്കുന്ന 41 കോടി ഉപയോഗിച്ച് ഏറ്റവും ചുരുങ്ങിയത് രാജസ്ഥാന്‍ 12 താരങ്ങളെയെങ്കിലും സ്വന്തമാക്കണം.