ഐ.പി.എല്‍ മെഗാ താര ലേലത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. നവംബര്‍ 24, 25 തിയ്യതികളില്‍ ജിദ്ദയില്‍ വെച്ചാണ് താര ലേലം അരങ്ങേറുന്നത്.
ക്രിക്കറ്റ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണും ഇത്തവണ ഐ.പി.എല്‍ താരലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1.50 കോടി രൂപ അടിസ്ഥാന വിലയ്ക്കാണ് ജിമ്മി ഐ.പി.എല്ലിനെത്തുന്നത്. ഇതാദ്യമായാണ് ആന്‍ഡേഴ്‌സണ്‍ ഐ.പി.എല്ലിന്റെ ഭാഗമാകാനൊരുങ്ങുന്നത്.
താരത്തെ ഏത് ടീം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്നത്. ഏതൊരു ടീമിന്റെയും ബൗളിങ് യൂണിറ്റിന്റെ ശക്തി ഇരട്ടിയാക്കാന്‍ പോന്നവനാണ് ഇംഗ്ലണ്ടിന്റെ ഈ വെറ്ററന്‍ ബൗളര്‍.
ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം. ജിദ്ദയില്‍ നടക്കുന്ന താരലേലത്തെ സംബന്ധിച്ചുള്ള പോസ്റ്റാണ് രാജസ്ഥാന്‍ പങ്കുവെച്ചിരിക്കുന്നത്.
ജെയിംസ് ആന്‍ഡേഴ്‌സണിന്റെ സിലൗട്ട് ചിത്രമാണ് രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഐക്കോണിക് ബൗളിങ് ആക്ഷനാണ് രാജസ്ഥാന്‍ പങ്കുവെച്ചിരിക്കുന്നത്.
ഇതിന് പിന്നാലെ ആരാധകരും ഏറെ ആവേശത്തിലാണ്. ആന്‍ഡേഴ്‌സണിനെ സ്വന്തമാക്കാന്‍ രാജസ്ഥാന്‍ ശ്രമിക്കുന്നു എന്ന വ്യക്തമായ സൂചനകളാണ് പോസ്റ്റ് നല്‍കുന്നത് എന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്.
രാജസ്ഥാന് എന്തുകൊണ്ടും ആന്‍ഡേഴ്‌സണെ ഒരു മികച്ച വേള്‍ഡ് ക്ലാസ് ബൗളര്‍ ടീമിലുണ്ടാകേണ്ടത് അത്യാവശ്യമാണ്. റിറ്റെന്‍ഷനില്‍ വെറും ഒരു ബൗളറെ മാത്രമാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയത്. അണ്‍ക്യാപ്ഡ് താരമായ സന്ദീപ് ശര്‍മ. നാല് കോടി നല്‍കിയാണ് ടീം സന്ദീപിനെ വിടാതെ ചേര്‍ത്തുപിടിച്ചത്.
ആന്‍ഡേഴ്‌സണിനെ സ്വന്തമാക്കാന്‍ സാധിച്ചാല്‍ രാജസ്ഥാന് അത് രണ്ട് തരത്തില്‍ ഗുണം ചെയ്യും. ടീമിനൊപ്പം ഒരു വേള്‍ഡ് ക്ലാസ് ബൗളര്‍ എന്നതിനൊപ്പം ഒരു അഡീഷണല്‍ ബൗളിങ് കോച്ചിന്റെ സാന്നിധ്യവും സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലുണ്ടാകും.
നിലവില്‍ രാജസ്ഥാന്റെ ഓക്ഷന്‍ പേഴ്‌സായ 41 കോടി വെച്ച് കുറേയധികം വമ്പന്‍ പിക്കുകള്‍ നടത്താന്‍ റോയല്‍സിന് സാധിക്കില്ല. എന്നാല്‍ മികച്ച പൊട്ടെന്‍ഷ്യലും കാലിബറുമുള്ള ഡൊമസ്റ്റിക് താരങ്ങളെ സ്വന്തമാക്കി ‘ആന്‍ഡേഴ്‌സണ്‍ അക്കാദമിയിലൂടെ’ വാര്‍ത്തെടുക്കാന്‍ രാജസ്ഥാന് സാധിക്കും.
ഇതിനൊപ്പം തന്നെ ഫുട്‌ബോള്‍ ഇതിഹാസവും അസൂറിപ്പടയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായ ആന്ദ്രേ പിര്‍ലോയുടെ ചിത്രവും രാജസ്ഥാന്‍ പങ്കുവെച്ചിട്ടുണ്ട്. ആന്‍ഡേഴ്‌സണൊപ്പം പിര്‍ലോക്കെന്ത് കാര്യമെന്നാണ് ആരാധകര്‍ പരസ്പരം ചോദിച്ചത്.
എന്നാല്‍ താരലേലത്തിലേക്ക് വരുമ്പോള്‍ പിര്‍ലോയിലൂടെ രാജസ്ഥാന്‍ ഉദ്ധേശിച്ചതെന്ത് എന്നതിനെ സംബന്ധിച്ച് ചെറിയ ധാരണയും ലഭിക്കും.
ഈ താരലേലത്തില്‍ ഒരേയൊരു ഇറ്റാലിയന്‍ താരം മാത്രമാണ് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 24കാരനായ തോമസ് ഡ്രാക്ക. ഈ വലംകയ്യന്‍ മീഡിയം പേസറെയും സ്വന്തമാക്കാനാണ് താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ശ്രമിക്കുന്നത് എന്ന രീതിയിലും ഈ പോസ്റ്റ് വായിച്ചെടുക്കാന്‍ സാധിക്കും.
ഗ്ലോബല്‍ ടി-20 കാനഡയില്‍ ബ്രാംറ്റണ്‍ വൂള്‍വ്സിന് വേണ്ടി കളത്തിലിറങ്ങിയ താരമാണ് ഡ്രാക്ക. വരാനിരിക്കുന്ന ഐ.എല്‍. ടി-20യില്‍ മുംബൈ ഇന്ത്യന്‍സിന്റെ കൗണ്ടര്‍പാര്‍ട്ടായ എം.ഐ എമിറേറ്റ്സ് സ്വന്തമാക്കിയ താരം കൂടിയാണ് ഈ 24കാരന്‍.
അന്താരാഷ്ട്ര ടി-20യില്‍ നാല് മത്സരത്തില്‍ കാനഡക്കായി കളത്തിലിറങ്ങിയ ഈ വലംകയ്യന്‍ മീഡിയം പേസര്‍ 8.50 ശരാശരിയിലും 12.00 സ്ട്രൈക്ക് റേറ്റിലും എട്ട് വിക്കറ്റ് നേടിയിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ 12ന് ഐല്‍ ഓഫ് മാനിനെതിരെ ഒമ്പത് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.
സഞ്ജു സാംസണ്‍, യശസ്വി ജെയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, സന്ദീപ് ശര്‍മ എന്നിവര്‍ക്കൊപ്പം ഏക വിദേശ താരമായി ഷിംറോണ്‍ ഹെറ്റ്‌മെയറിനെയുമാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്.
സഞ്ജുവിനും ജെയ്‌സ്വാളിനും 18 കോടി വീതം ലഭിച്ചപ്പോള്‍ പരാഗിനെയും ജുറെലിനെയും 14 കോടി നല്‍കിയാണ് ടീം നിലനിര്‍ത്തിയത്. ഹെറ്റ്‌മെയറിനായി 11 കോടി മാറ്റിവെച്ചപ്പോള്‍ നാല് കോടിയാണ് സന്ദീപ് ശര്‍മക്ക് ലഭിച്ചത്.
സാധ്യമായ ആറ് താരങ്ങളെയും സ്വന്തമാക്കിയതോടെ ആര്‍.ടി.എം ഓപ്ഷന്‍ നിലവില്‍ രാജസ്ഥാന് മുമ്പിലില്ല.
Content Highlight: IPL 2025 Mega Auction: Following the post shared by Rajasthan Royals, fans are in discussion