|

മണിക്കൂറില്‍ 156.7 കിലോമീറ്റര്‍ സ്പീഡില്‍ ബോളെറിഞ്ഞ് റെക്കോഡിട്ടവന്‍ തിരിച്ചെത്തുന്നു; ലഖ്‌നൗ ഇനി ഡബിള്‍ സ്‌ട്രോങ്

സ്പോര്‍ട്സ് ഡെസ്‌ക്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഫാസ്റ്റ് ബൗളര്‍ മായങ്ക് യാദവ് പരിക്കില്‍ നിന്നും മോചിതനായി. താരം ഉടന്‍ ഫ്രാഞ്ചൈസിയില്‍ ചേരുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. മത്സരത്തിന്റെ ആദ്യ ഭാഗം നഷ്ടമായ മായങ്ക് ചൊവ്വാഴ്ച എല്‍.എസ്.ജിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

11 കോടി രൂപയ്ക്ക് മയങ്കിനെ ലഖ്‌നൗ നിലനിര്‍ത്തിയെങ്കിലും പുതിയ സീസണിന് മുന്നെ ഫാസ്റ്റ് ബൗളര്‍ പരിക്കിന്റെ പിടിയിലായിരുന്നു. ബി.സി.സി.ഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ചികിത്സയിലായിരുന്നു താരം.

‘അദ്ദേഹം കളിക്കാന്‍ യോഗ്യനാണെന്ന് ഉന്നത വൃത്തങ്ങള്‍ ഇന്ത്യാ ടുഡേയെ അറിയിച്ചിട്ടുണ്ട്, എന്നാല്‍ അന്തിമ തീരുമാനമെടുക്കുന്നത് എല്‍.എസ്.ജി കോച്ചിങ് സ്റ്റാഫായിരിക്കും, അവര്‍ കളിക്കാരനെ സൂക്ഷ്മമായി നിരീക്ഷിക്കും,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ സമയം സീസണിന്റെ തുടക്കത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് നാല് ഫാസ്റ്റ് ബൗളര്‍മാരുടെ സേവനം നഷ്ടമായിരുന്നു. എന്നാല്‍ ആകാശ്ദീപും ആവേശ് ഖാനും തിരിച്ചെത്തിയപ്പോള്‍ മൊഹ്‌സിന്‍ ഖാന് പകരക്കാരനായി ഷാര്‍ദുല്‍ താക്കൂറും ടീമില്‍ ചേര്‍ന്നു.

മായങ്കിന്റെ തിരിച്ചുവരവോടെ ലഖ്‌നൗ വലിയ ആത്മവിശ്വാസത്തിലാണ്. മാത്രമല്ല 2024 ഐ.പി.എല്‍ സീസണില്‍ മണിക്കൂറില്‍ 156.7 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ് മായങ്ക് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഇന്ത്യന്‍ ബൗളറായി താരം റെക്കോഡും നേടിയിരുന്നു.

മായങ്കിന്റെ വരവ് ലഖ്‌നൗ നിരയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഉറപ്പാണ്. നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്ന് നാല് വിജയങ്ങളുമായി ലഖ്‌നൗ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ബാറ്റിങ്ങില്‍ നിക്കോളാസ് പൂരന്റെ വമ്പന്‍ പ്രകടനത്തിനൊപ്പം മായങ്കിന്റെ മിന്നും ബൗളിങ് ടീനിനെ കന്നി കിരീടത്തിലെത്തിക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

അതേസമയം ഐ.പി.എല്ലില്‍ എകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടാനിരിക്കുകയാണ്. സീസണില്‍ മോശം ഫോമില്‍ തുടരുന്ന ചെന്നൈ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങിയാണ് ലഖ്‌നൗവിനെതിരെ എത്തുന്നത്.

Content Highlight: IPL 2025: Mayank Yadav recovers from injury And set to join LSG

Latest Stories

Video Stories