|

അവന്‍ ഒരു അപൂര്‍വ ഇന്നിങ്‌സാണ് കളിച്ചത്, അവിശ്വസിനീയം; യുവ താരത്തിന് പ്രശംസയുമായി മാത്യു ഹെയ്ഡന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. ഐ.പി.എല്ലിലെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത് റണ്‍ചെയ്‌സിലൂടെയാണ് സീസണിലെ രണ്ടാം വിജയം ഹൈദരാബാദ് നേടിയത്.

പഞ്ചാബ് ഉയര്‍ത്തിയ 246 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് പന്ത് ബാക്കി നില്‍ക്കെ ഹൈദരാബാദ് മറികടക്കുകയായിരുന്നു. അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിലാണ് സണ്‍റൈസേഴ്‌സ് വിജയിച്ചത്.

55 പന്തില്‍ നിന്നും 256.36 സ്‌ട്രൈക്ക് റേറ്റില്‍ 141 റണ്‍സാണ് അഭിഷേക് സ്വന്തമാക്കിയത്. 10 സിക്‌സറും 14 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. നേരിട്ട 19ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ അഭിഷേക് 40ാം പന്തില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. ട്രാവിസ് ഹെഡ് 37 പന്തില്‍ നിന്ന് 66 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇരുവരുടേയും കൂട്ടുകെട്ടിന്റെ പിന്‍ബലത്തില്‍ മികച്ച തുടക്കമായിരുന്നു ഹൈദരാബാദിന് ലഭിച്ചത്.

ആദ്യ വിക്കറ്റില്‍ അവര്‍ 171 റണ്‍സിന്റെ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത് സണ്‍റൈസേഴ്‌സിന്റെ ഐ.പി.എല്‍ ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്.

മത്സര ശേഷം അഭിഷേക് ശര്‍മയേയും ട്രാവിസ് ഹെഡ്ഡിനേയും പ്രശംസിച്ച് മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡന്‍ സംസാരിച്ചിരുന്നു. അവരുടേത് മികച്ച ഇന്നിങ്‌സായിരുന്നെന്നും സാഹചര്യങ്ങള്‍ അവര്‍ക്ക് അനുകൂലമായിരുന്നെന്നും ഹെയ്ഡന്‍ പറഞ്ഞു. മത്സരത്തിന്റെ തുടക്കത്തില്‍ യാഷ് താക്കൂറില്‍ നിന്ന് ലഭിച്ച നോബോള്‍ അഭിഷേകിന് മികച്ച ആത്മവിശ്വാസം നല്‍കിയെന്നും ഹെയ്ഡന്‍ അഭിപ്രായപ്പെട്ടു.

‘അവരുടേത് തികച്ചും മികച്ച പ്രകടനമായിരുന്നു. അഭിഷേക് ശര്‍മയുടെയും ട്രാവിസ് ഹെഡിന്റെയും ദിവസമായിരുന്നു അതെന്ന് വ്യക്തമാണ്. എല്ലാം അവര്‍ക്ക് അനുകൂലമായിരുന്നു. തുടക്കത്തില്‍ തന്നെ ഒരു അവസരം ലഭിച്ചു, പക്ഷേ യാഷ് താക്കൂറിന്റെ ഒരു നോബോള്‍ എല്ലാം നശിപ്പിച്ചു.

ഒരു ബാറ്റര്‍ എന്ന നിലയില്‍ അത്തരം നിമിഷങ്ങള്‍ നിങ്ങളുടെ വഴിക്ക് വരുമ്പോള്‍ ഇത് നിങ്ങളുടെ ദിവസമാണെന്ന് നിങ്ങള്‍ക്ക് തോന്നാന്‍ തുടങ്ങും. നിങ്ങള്‍ റിസ്‌ക് എടുക്കുന്നു, അവ ഫലം ചെയ്തുകൊണ്ടേയിരിക്കുമ്പോള്‍, അത് നിങ്ങളുടെ ആത്മവിശ്വാസം വളര്‍ത്തുന്നു. അവന്‍ ഒരു അപൂര്‍വ ഇന്നിങ്‌സാണ് കളിച്ചത്. അത് അവിശ്വസനീയമായിരുന്നു,’ ഹെയ്ഡന്‍ ജിയോഹോട്ട്സ്റ്റാറില്‍ പറഞ്ഞു.

Content Highlight: IPL 2025: Matthew Haydan Praises Abhiskek Sharma And Travis Head

Video Stories