| Wednesday, 28th August 2024, 3:44 pm

ഇനി ചിലപ്പോള്‍ ലഖ്‌നൗവിനെ പിടിച്ചാല്‍ കിട്ടില്ല; ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസര്‍ ടീമിലേക്ക്, ഗംഭീറിന് പകരക്കാരന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ന് മുന്നോടിയായി ഇതിഹാസ താരം സഹീര്‍ ഖാനെ മെന്ററായി നിയമിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഇന്ത്യ പ്രൊഡ്യൂസ് ചെയ്ത എക്കാലത്തെയും മികച്ച പേസറായ സഹീറിനെ ടീമിലെത്തിച്ച് പുതിയ സീസണില്‍ കിരീടം തന്നെയാണ് ലഖ്‌നൗ ലക്ഷ്യം വെക്കുന്നത്.

ഐ.പി.എല്‍ 2025ന് മുന്നോടിയായി മെഗാ താരലേലവും നടക്കുന്നതിനാല്‍ സഹീര്‍ ഖാന്റെ അഡീഷന്‍ താരലേലത്തിലും നിര്‍ണായകമായേക്കും.

2022ല്‍ ഐ.പി.എല്ലിന്റെ ഭാഗമായെങ്കിലും ഇതുവരെ കിരീടമുയര്‍ത്താനോ ഫൈനല്‍ കളിക്കാനോ സൂപ്പര്‍ ജയന്റ്‌സിന് സാധിച്ചിരുന്നില്ല. തങ്ങള്‍ക്കൊപ്പം ഐ.പി.എല്ലില്‍ അരങ്ങേറിയ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യ സീസണില്‍ കപ്പുയര്‍ത്തുകയും രണ്ട് സീസണില്‍ രണ്ടാം സ്ഥാനക്കാരാവുകയും ചെയ്തപ്പോള്‍ ഈ രണ്ട് സീസണിലും പ്ലേ ഓഫ് കളിച്ച സൂപ്പര്‍ ജയന്റ്‌സിന് അതിനിപ്പുറം പോകാന്‍ സാധിച്ചില്ല. 2024ല്‍ പ്ലേ ഓഫിന് യോഗ്യത നേടാനുമായില്ല.

എന്നാലിപ്പോള്‍ പുതിയ സീസണില്‍ കാര്യങ്ങള്‍ മാറി മറഞ്ഞേക്കാം. സഹീറിന്റെ തന്ത്രങ്ങള്‍ ടീമിന്റെ ടോട്ടല്‍ പെര്‍ഫോമന്‍സിനെ തന്നെ സ്വാധീനിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

മെന്ററുടെ റോളിലാണെങ്കിലും ഫാസ്റ്റ് ബൗളിങ് കോച്ചിന്റെ രൂപത്തിലും ലഖ്‌നൗവിന് സഹീറിന്റെ കഴിവുകളെ ആശ്രയിക്കാം. മായങ്ക് യാദവ് അടക്കമുള്ള എക്‌സ്പ്രസ് ബൗളര്‍മാരെ സഹീറിന്റെ കൈകളില്‍ കിട്ടുമ്പോള്‍ എതിരാളികള്‍ക്ക് നെഞ്ചിടിപ്പേറുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

2018 മുതല്‍ 2022 വരെ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു സഹീര്‍ ഖാന്‍. ആദ്യം ക്രിക്കറ്റ് ഡയറക്ടറായും ശേഷം ടീമിന്റെ ഗ്ലോബല്‍ ഡെവലപ്‌മെന്റ് തലവനായും അദ്ദേഹം പ്രവര്‍ത്തിച്ചു.

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം നാല് തവണ ഐ.പി.എല്‍ കിരീടവും രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് ടി-20 കിരീടവും നേടിയ സഹീര്‍, ദല്‍ഹി ഡെയര്‍ ഡെവിള്‍സിനും റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടിയും പന്തെറിഞ്ഞിട്ടുണ്ട്. ഐ.പി.എല്ലില്‍ കളിച്ച 100 മത്സരത്തില്‍ നിന്നും 102 വിക്കറ്റും താരം സ്വന്തമാക്കി.

Content Highlight: IPL 2025: Lucknow Super Giants appointed Zaheer Khan as a mentor.

We use cookies to give you the best possible experience. Learn more