ഐ.പി.എല്‍ 2025ല്‍ ആദ്യ വിജയവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അവരുടെ തട്ടകത്തിലെത്തി പരാജയപ്പെടുത്തിയാണ് ലഖ്‌നൗ പോയിന്റ് ടേബിളില്‍ അക്കൗണ്ട് തുറന്നത്.
സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 192 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സൂപ്പര്‍ ജയന്റ്‌സ് മറികടക്കുകയായിരുന്നു. ഷര്‍ദുല്‍ താക്കൂറിന്റെ ഫോര്‍ഫറും നിക്കോളാസ് പൂരന്‍, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറികളുമാണ് ലഖ്‌നൗവിന് വിജയം സമ്മാനിച്ചത്.
മത്സരത്തില്‍ ടോസ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിങ്ങിയ ഹോം ടീമിന് തുടക്കം പാളിയിരുന്നു. മത്സരത്തിന്റെ മൂന്നാം ഓവറില്‍ ഇരട്ട വിക്കറ്റുമായി ഷര്‍ദുല്‍ താക്കൂര്‍ തിളങ്ങി.
ആറ് പന്തില്‍ ആറ് റണ്‍സ് നേടിയ അഭിഷേക് ശര്‍മയെ നിക്കോളാസ് പൂരന്റെ കൈകളിലെത്തിച്ച് പുറത്താക്കിയ താരം, കഴിഞ്ഞ മത്സരത്തിലെ സെഞ്ചൂറിയന്‍ ഇഷാന്‍ കിഷനെ ഗോള്‍ഡന്‍ ഡക്കാക്കിയും പുറത്താക്കി. വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിന് ക്യാച്ച് നല്‍കിയായിരുന്നു ഇഷാന്റെ മടക്കം.
സൂപ്പര്‍ താരം ട്രാവിസ് ഹെഡ് 28 പന്തില്‍ 47 റണ്‍സടിച്ച് മടങ്ങി. രവി ബിഷ്ണോയ് എറിഞ്ഞ ആറാം ഓവറില്‍ രണ്ട് തവണ ലഭിച്ച ഹെഡ് എട്ടാം ഓവറിലാണ് പുറത്തായത്. യുവതാരം പ്രിന്‍സ് യാദവിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്. ഐ.പി.എല്ലില്‍ പ്രിന്‍സ് യാദവിന്റെ ആദ്യ വിക്കറ്റാണിത്.
നിതീഷ് കുമാര്‍ റെഡ്ഡിക്കൊപ്പം ചേര്‍ന്ന് മോശമല്ലാത്ത കൂട്ടുകെട്ട് പടുത്തുയര്‍ത്തവെ ഹെന്റിക് ക്ലാസന്റെ വിക്കറ്റും ഓറഞ്ച് ആര്‍മിക്ക് നഷ്ടമായി. നിതീഷ് കുമാര്‍ റെഡ്ഡിയുടെ ഷോട്ട് ബൗളര്‍ പ്രിന്‍സ് യാദവിന്റെ കയ്യില്‍ തട്ടി ഡിഫ്ളക്ട് ചെയ്യുകയും നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ ക്ലാസന്‍ റണ്‍ ഔട്ടാവുകയുമായിരുന്നു. 17 പന്തില്‍ 26 റണ്‍സടിച്ചാണ് താരം മടങ്ങിയത്.
15ാം ഓവറിലെ ആദ്യ പന്തില്‍ നിതീഷ് കുമാറിനെ രവി ബിഷ്ണോയ് മടക്കി ഹോം ടീമിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. 28 പന്തില്‍ 32 റണ്‍സ് നേടിയാണ് നിതീഷ് പുറത്തായത്.
ആറാം നമ്പറിലിറങ്ങിയ അനികേത് വര്‍മയുടെ വെടിക്കെട്ടിനാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ സിക്സറുകള്‍ പായിച്ച് താരം തിളങ്ങി. ഒടുവില്‍ ദിഗ്വേഷ് സിങ്ങിന്റെ പന്തില്‍ ഡേവിഡ് മില്ലറിന് ക്യാച്ച് നല്‍കി മടങ്ങും മുമ്പ് 13 പന്തില്‍ 36 റണ്‍സാണ് താരം സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്. അഞ്ച് സിക്സറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
നേരിട്ട നാല് പന്തില്‍ മൂന്നിലും സിക്സര്‍ നേടിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ കാമിയോയും സണ്‍റൈസേഴ്സിന് തുണയായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 എന്ന നിലയിലാണ് സണ്‍റൈസേഴ്സ് പോരാട്ടം അവസാനിപ്പിച്ചത്.
നാല് വിക്കറ്റുമായി തിളങ്ങിയ ഷര്‍ദുല്‍ താക്കൂറാണ് സണ്‍റൈസേഴ്സിനെ വമ്പന്‍ സ്‌കോറിലേക്ക് കടക്കാതെ തളച്ചിട്ടത്. നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങിയാണ് താരം നാല് വിക്കറ്റ് നേടിയത്.
താക്കൂറിന് പുറമെ പ്രിന്‍സ് യാദവ്, ദിഗ്വേഷ് സിങ്, രവി ബിഷ്ണോയ്. ആവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ജയന്റ്‌സിന് ഏയ്ഡന്‍ മര്‍ക്രമിനെ തുടക്കത്തിലേ നഷ്ടപ്പെട്ടിരുന്നു. നാല് പന്തില്‍ ഒറ്റ റണ്‍സുമായി നില്‍ക്കവെ മുഹമ്മദ് ഷമിയുടെ പന്തില്‍ പാറ്റ് കമ്മിന്‍സിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
വണ്‍ ഡൗണായി സൂപ്പര്‍ താരം നിക്കോളാസ് പൂരനെത്തിയതോടെ മത്സരം സണ്‍റൈസേഴ്‌സിന്റെ കൈകളില്‍ നിന്നും പതിയെ വഴുതി മാറി. രണ്ടാം വിക്കറ്റില്‍ 116 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും തിളങ്ങിയത്.
ടീം സ്‌കോര്‍ 120ല്‍ നില്‍ക്കവെ പൂരനെ മടക്കി പാറ്റ് കമ്മിന്‍സ് സണ്‍റൈസേഴ്‌സിനാവശ്യമായ ബ്രേക് ത്രൂ നല്‍കി. 26 പന്തില്‍ ആറ് വീതം സിക്‌സറും ഫോറുമടക്കം 70 റണ്‍സാണ് താരം സ്വന്തമാക്കിയത്.
അധികം വൈകാതെ മിച്ചല്‍ മാര്‍ഷും പുറത്തായി. 31 പന്തില്‍ 52 റണ്‍സാണ് താരം ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചത്. ലഖ്‌നൗവിനെ താങ്ങി നിര്‍ത്തിയ രണ്ട് താരങ്ങളെയും പുറത്താക്കിയെങ്കിലും ഇരുവരും ഇതിനോടകം തന്നെ ഓറഞ്ച് ആര്‍മിയുടെ നെറുകില്‍ പ്രഹരമേല്‍പ്പിച്ചിരുന്നു.
മാര്‍ഷ് പുറത്തായതോടെ സ്‌കോറിങ്ങിന് കുറച്ചെങ്കിലും വേഗം കുറഞ്ഞു. ഇതിനിടെ ആയുഷ് ബദോണി (ആറ് പന്തില്‍ ആറ്), ക്യാപ്റ്റന്‍ റിഷബ് പന്ത് (15 പന്തില്‍ 15) എന്നിവരെയും സണ്‍റൈസേഴ്‌സ് മടക്കിയിരുന്നു.
എന്നാല്‍ പിന്നാലെയെത്തിയ അബ്ദുള്‍ സമദ് അതിവേഗം വിജയത്തിലേക്ക് കുതിച്ചു. ഒടുവില്‍ 23 പന്ത് ബാക്കി നില്‍ക്കെ ടീം വിജയം സ്വന്തമാക്കി.
അബ്ദുള്‍ സമദ് എട്ട് പന്തില്‍ പുറത്താകാതെ 22 റണ്‍സും ഡേവിഡ് മില്ലര്‍ ഏഴ് പന്തില്‍ 13 റണ്‍സും സ്വന്തമാക്കി.
സണ്‍റൈസേഴ്‌സിനായി കമ്മിന്‍സ് രണ്ട് വിക്കറ്റും ആദം സാംപ, മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
Content Highlight: IPL 2025: LSG vs SRH: Lucknow Super Giants defatted Sunrisers Hyderabad