ഐ.പി.എല്‍ 2025ലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരം ഹൈദരാബാദിന്റെ തട്ടകമായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ നായകന്‍ റിഷബ് പന്ത് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
ഈ മത്സരത്തില്‍ ചെയ്‌സ് ചെയ്ത് ജയിക്കാനാണ് തീരുമാനിച്ചതെന്നാണ് റിഷബ് പന്ത് പറയുന്നത്. ഹൈദരാബാദിനെ ചെറിയ സ്‌കോറിന് പുറത്താക്കി വിജയലക്ഷ്യം പിന്തുടരാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും, അതിന് പോന്ന ബാറ്റിങ് നിര തങ്ങള്‍ക്കുണ്ടെന്നും പന്ത് അഭിപ്രായപ്പെട്ടു. ടോസിനിടെയായിരുന്നു ലഖ്‌നൗ നായകന്‍ ഇക്കാര്യം പറഞ്ഞത്.
‘ഞങ്ങള്‍ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചിരിക്കുന്നു. അവരെ വേഗം തന്നെ പുറത്താക്കി ലക്ഷ്യം പിന്തുടരാന്‍ ശ്രമിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ഇത് ടീം കോമ്പിനേഷനെ ആശ്രയിച്ചിരിക്കുന്നു, ഇതുകൊണ്ടാണ് ഞങ്ങള്‍ ആദ്യം പന്തെറിയാന്‍ ആഗ്രഹിക്കുന്നത്.
അവര്‍ ഉയര്‍ത്തുന്ന വിജയലക്ഷ്യം പിന്തുടരാന്‍ പോന്ന ബാറ്റിങ് നിര ഞങ്ങള്‍ക്കൊപ്പമുണ്ട്. ടീമില്‍ ഒരു മാറ്റമാണുള്ളത്. ഷഹബാസ് അഹമ്മദിന് പകരം ആവേശ് ഖാന്‍ തിരിച്ചെത്തുന്നു. അവര്‍ എത്ര തന്നെ റണ്‍സ് നേടിയാലും ഞങ്ങളത് പിന്തുടരും. അവര്‍ എത്ര നേടുന്നു എന്നത് പ്രശ്‌നമല്ല,’ പന്ത് പറഞ്ഞു.
അതേസമയം, ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന രീതിയിലാണ് ലഖ്‌നൗ പോരാട്ടം ആരംഭിച്ചത്. മത്സരത്തിന്റെ മൂന്നാം ഓവറില്‍ ഇരട്ട വിക്കറ്റുമായി ഷര്‍ദുല്‍ താക്കൂര്‍ തിളങ്ങി.
ആറ് പന്തില്‍ ആറ് റണ്‍സ് നേടിയ അഭിഷേക് ശര്‍മയെ നിക്കോളാസ് പൂരന്റെ കൈകളിലെത്തിച്ച് പുറത്താക്കിയ താരം, കഴിഞ്ഞ മത്സരത്തിലെ സെഞ്ചൂറിയന്‍ ഇഷാന്‍ കിഷനെ ഗോള്‍ഡന്‍ ഡക്കാക്കിയും പുറത്താക്കി. വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിന് ക്യാച്ച് നല്‍കിയായിരുന്നു ഇഷാന്റെ മടക്കം.
സൂപ്പര്‍ താരം ട്രാവിസ് ഹെഡ് 28 പന്തില്‍ 47 റണ്‍സടിച്ച് മടങ്ങി. രവി ബിഷ്‌ണോയ് എറിഞ്ഞ ആറാം ഓവറില്‍ രണ്ട് തവണ ലഭിച്ച ഹെഡ് എട്ടാം ഓവറിലാണ് പുറത്തായത്. യുവതാരം പ്രിന്‍സ് യാദവിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്. ഐ.പി.എല്ലില്‍ പ്രിന്‍സ് യാദവിന്റെ ആദ്യ വിക്കറ്റാണിത്.
നിതീഷ് കുമാര്‍ റെഡ്ഡിക്കൊപ്പം ചേര്‍ന്ന് മോശമല്ലാത്ത കൂട്ടുകെട്ട് പടുത്തുയര്‍ത്തവെ ഹെന്‌റിക് ക്ലാസന്റെ വിക്കറ്റും ഓറഞ്ച് ആര്‍മിക്ക് നഷ്ടമായി. നിതീഷ് കുമാര്‍ റെഡ്ഡിയുടെ ഷോട്ട് ബൗളര്‍ പ്രിന്‍സ് യാദവിന്റെ കയ്യില്‍ തട്ടി ഡിഫ്‌ളക്ട് ചെയ്യുകയും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ക്ലാസന്‍ റണ്‍ ഔട്ടാവുകയുമായിരുന്നു. 17 പന്തില്‍ 26 റണ്‍സടിച്ചാണ് താരം മടങ്ങിയത്.
15ാം ഓവറിലെ ആദ്യ പന്തില്‍ നിതീഷ് കുമാറിനെ രവി ബിഷ്‌ണോയ് മടക്കി ഹോം ടീമിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. 28 പന്തില്‍ 32 റണ്‍സ് നേടിയാണ് നിതീഷ് പുറത്തായത്.
നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 143 എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്. ഒമ്പത് പന്തില്‍ 24 റണ്‍സുമായി അനികേത് വര്‍മയും രണ്ട് പന്തില്‍ ഒരു റണ്ണിമായി അഭിനവ് മനോഹറുമാണ് ക്രീസില്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍
ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സിമര്‍ജീത് സിങ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍
ഏയ്ഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, ആയുഷ് ബദോണി, അബ്ദുള്‍ സമദ്, ഷര്‍ദുല്‍ താക്കൂര്‍, പ്രിന്‍സ് യാദവ്, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ദിഗ്വേഷ് സിങ്.
Content Highlight: IPL 2025: LSG vs SRH: Lucknow captain Rishabh Pant explains why he choose to field first after winning the toss