| Saturday, 5th April 2025, 1:13 pm

ബൗളിങ് ഇഷ്ടപ്പെട്ട് തുടങ്ങിയത് ഈ താരം കാരണം, അയാളെ പോലെ ശാന്തനായിരിക്കാന്‍ ആഗ്രഹിക്കുന്നു; തുറന്ന് പറഞ്ഞ് ലഖ്നൗ യുവതാരം ദിഗ്വേഷ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് രണ്ടാം വിജയം സ്വന്തമാക്കിയിരിക്കുകയാണ്. സ്വന്തം തട്ടകമായ എകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 12 റണ്‍സിന്റെ ജയമാണ് സൂപ്പര്‍ ജയന്റ്സ് നേടിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടിയിരുന്നു. ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷിന്റെയും ഏയ്ഡന്‍ മര്‍ക്രമിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ലഖ്നൗ സ്‌കോര്‍ 200 കടത്തിയത്. യുവതാരം ആയുഷ് ബദോണിയുടെയും ഡേവിഡ് മില്ലറുടെയും പ്രകടനങ്ങളും മത്സരത്തില്‍ നിര്‍ണായകമായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ മുംബൈയ്ക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. മുംബൈയ്ക്ക് മോശം തുടക്കമാണ് ലഭിച്ചതെങ്കിലും സൂര്യകുമാര്‍ യാദവും നമന്‍ ധിറും ചേര്‍ന്ന് 69 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയിരുന്നു. ദിഗ്വേഷ് സിങ്ങാണ് ഈ കൂട്ടുകെട്ട് പൊളിച്ച് ലഖ്നൗവിന് ബ്രേക്ക് ത്രൂ നല്‍കിയത്. മത്സരത്തില്‍ എക്കോണമിക്കലായി പന്തെറിഞ്ഞ താരം നാല് ഓവറില്‍ 21 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

ഇപ്പോള്‍ മത്സരത്തില്‍ തന്റെ പ്രകടനത്തെ കുറിച്ചും ക്രിക്കറ്റിലേക്കുള്ള തന്റെ വരവിനെ കുറിച്ച് സംസാരിക്കുകയാണ് ദിഗ്വേഷ് സിങ്. മുംബൈ ഇന്ത്യന്‍സിനെതിരായ തന്റെ പ്രകടനം താന്‍ ആസ്വദിച്ചെന്നും വിക്കറ്റുകള്‍ എടുക്കാനാണ് താന്‍ ആഗ്രഹിച്ചതെന്നും ദിഗ്വേഷ് പറഞ്ഞു.

‘മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള എന്റെ പ്രകടനം ഞാന്‍ വളരെ ആസ്വദിച്ചു. ഡിഫന്‍സീവായി പന്തെറിയുന്നതിന് പകരം വിക്കറ്റുകള്‍ എടുക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്,’ ദിഗ്വേഷ് പറഞ്ഞു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം സുനില്‍ നരെയ്ന്‍ താന്‍ കാരണമാണ് ബൗളിങ് ഇഷ്ടപ്പെട്ടത് തുടങ്ങിയതെന്നും സമ്മര്‍ദ ഘട്ടങ്ങളില്‍ നരെയ്നെ പോലെ ശാന്തനായിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

‘സുനില്‍ നരെയ്ന്‍ കാരണമാണ് ഞാന്‍ ബൗളിങ് ഇഷ്ടപ്പെട്ട് തുടങ്ങിയത്. അഗ്രസീവ് മനോഭാവത്തോടെയുള്ള ബൗളിങ് എനിക്ക് വളരെ ഇഷ്ടമാണ്. സമ്മര്‍ദ സാഹചര്യങ്ങളില്‍ നരെയ്നെപ്പോലെ ശാന്തനായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ദിഗ്വേഷ് കൂട്ടിച്ചേര്‍ത്തു.

സീസണില്‍ ദിഗ്വേഷ് മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. നാല് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകള്‍ യുവ താരം നേടിയിട്ടുണ്ട്. 20.33 ശരാശരിയിലും 7.62 എക്കോണമിയിലുമാണ് ദിഗ്വേഷ് ടൂര്‍ണമെന്റില്‍ പന്തെറിയുന്നത്.

Content Highlight: IPL 2025: LSG vs MI: Lucknow Super Giants Young Bowler Digvesh Singh Reveals That Sunil Narine  Is His Idol

We use cookies to give you the best possible experience. Learn more