IPL
മുംബൈയെ തകര്‍ത്ത പവര്‍ പ്ലേ വെടിക്കെട്ട്; തകര്‍പ്പന്‍ നേട്ടവുമായി മാര്‍ഷ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 05, 03:23 am
Saturday, 5th April 2025, 8:53 am

ഐ.പി.എല്ലില്‍ രണ്ടാം വിജയം സ്വന്തമാക്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. സ്വന്തം തട്ടകമായ എകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 12 റണ്‍സിന്റെ ജയമാണ് സൂപ്പര്‍ ജയന്റ്സ് നേടിയത്.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുത്ത് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് പന്തിന്റെ സംഘം ഉയര്‍ത്തിയത്.

മറുപടി ബാറ്റിങ്ങില്‍ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ 191 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. അവസാന പന്ത് വരെ പൊരുതിയെങ്കിലും ലഖ്നൗ ഉയര്‍ത്തിയ വിജയലക്ഷ്യം മുംബൈയ്ക്ക് മറികടക്കാനായില്ല.

ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിനായി മിച്ചല്‍ മാര്‍ഷും ഏയ്ഡന്‍ മര്‍ക്രവും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ക്രീസിലെത്തിയ ആദ്യ നിമിഷം മുതല്‍ തന്നെ മാര്‍ഷ് തന്റെ സ്വാഭാവികമായ ബാറ്റിങ് പുറത്തെടുത്തു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ പന്ത് അതിര്‍ത്തി കടന്നപ്പോള്‍ ലഖ്‌നൗ ടോട്ടലും പറപറന്നു.

പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 69 റണ്‍സാണ് ലഖ്നൗ അടിച്ചെടുത്തത്. ആറാം ഓവറില്‍ തന്നെ മാര്‍ഷ് തന്റെ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു.

ലഖ്നൗ നേടിയ 69 റണ്‍സില്‍ 60ഉം മാര്‍ഷാണ് അടിച്ചെടുത്തത്. പവര്‍ പ്ലേയിലെ 30 പന്തുകള്‍ നേരിട്ടാണ് താരം ഈ റണ്‍സ് നേടിയത്. ഇതിന്‌ പിന്നാലെ ഒരു സൂപ്പര്‍ നേട്ടവും മാര്‍ഷ് തന്റെ പേരില്‍ എഴുതി ചേര്‍ത്തു.

പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട താരമെന്ന റെക്കോഡാണ് മാര്‍ഷ് സ്വന്തം പേരിലാക്കിയത്. ഇന്ത്യന്‍ ബാറ്റര്‍ ശിഖര്‍ ധവാനെ മറികടന്നാണ് ഈ നേട്ടം കുറിച്ചത്.

ഐ.പി.എല്ലില്‍ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട താരം

(പന്തുകള്‍ – താരം – ടീം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)

30 – മിച്ചല്‍ മാര്‍ഷ് – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – മുംബൈ ഇന്ത്യന്‍സ് – 2025

29 – ശിഖര്‍ ധവാന്‍ – സണ്‍റൈസേഴ്സ് ഹൈദരാബാദ് – മുംബൈ ഇന്ത്യന്‍സ് – 2015

28 – സനത് ജയസൂര്യ – മുംബൈ ഇന്ത്യന്‍സ് – ചെന്നൈ സൂപ്പര്‍ കിങ്സ് – 2008

28 – സൗരവ് ഗാംഗുലി – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് –  ഡെക്കാന്‍ ചാര്‍ജേഴ്സ് – 2010

28 – മൈക്കല്‍ ലംബ് – രാജസ്ഥാന്‍ റോയല്‍സ് – കിങ്സ് ഇലവന്‍ പഞ്ചാബ് – 2010

Content Highlight: IPL 2025: LSG vs MI: Lucknow Super Giants Allrounder Mitchell Marsh Tops A Record In IPL