ഐ.പി.എല്‍ 2025ലെ 16ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 203 റണ്‍സിന്റെ ടോട്ടല്‍ പടുത്തുയര്‍ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. സൂപ്പര്‍ ജയന്റ്‌സിന്റെ ഹോം ഗ്രൗണ്ടായ എകാന സ്‌പോര്‍ട്‌സ് സിറ്റയില്‍ നടക്കുന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ടാം ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങിയിരിക്കുന്നത്.
മിച്ചല്‍ മാര്‍ഷിന്റെയും ഏയ്ഡന്‍ മര്‍ക്രമിന്റെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ലഖ്നൗ മികച്ച സ്‌കോറിലെത്തിയത്.
മാര്‍ഷ് 31 പന്തില്‍ 60 റണ്‍സ് നേടിയപ്പോള്‍ 38 പന്തില്‍ 53 റണ്‍സാണ് മര്‍ക്രം അടിച്ചെടുത്തത്. ആയുഷ് ബദോണി (19 പന്തില്‍ 30), ഡേവിഡ് മില്ലര്‍ (14 പന്തില്‍ 27) എന്നിവരുടെ പ്രകടനങ്ങളും ലഖ്നൗ നിരയില്‍ നിര്‍ണായകമായി.
ഈ ഇന്നിങ്‌സിന് പിന്നാലെ ഐ.പി.എല്ലില്‍ 3,000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാനും മില്ലറിനായി. തന്റെ 128ാം ഐ.പി.എല്‍ ഇന്നിങ്‌സിലാണ് താരം 3,000 എന്ന മാജിക്കല്‍ മൈല്‍സ്റ്റോണ്‍ പിന്നിട്ടത്. ഈ നേട്ടം സ്വന്തമാക്കുന്ന 28ാം താരമാണ് മില്ലര്‍.
ഗുജറാത്ത് ടൈറ്റന്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് (പഞ്ചാബ് കിങ്‌സ്), രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ക്കൊപ്പമാണ് മില്ലര്‍ കളത്തിലിറങ്ങിയത്.
ഐ.പി.എല്ലില്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത് സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍ എന്ന ചരിത്ര നേട്ടവും മില്ലര്‍ സ്വന്തമാക്കി. ഇതിഹാസ താരം എ.ബി. ഡി വില്ലിയേഴ്‌സ് ഒന്നാമതുള്ള ലിസ്റ്റിലേക്കാണ് മില്ലറും കാലെടുത്ത് വെച്ചത്.
(താരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
എ.ബി. ഡി വില്ലിയേഴ്‌സ് – 170 – 5,162
ഫാഫ് ഡു പ്ലെസി – 140 – 4,650
ക്വിന്റണ്‍ ഡി കോക്ക് – 11 – 3,260
ഡേവിഡ് മില്ലര്‍ – 128 – 3,010*
അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിലവില്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് എന്ന നിലയിലാണ്. 23 പന്തില്‍ 37 റണ്‍സുമായി സൂര്യകുമാറും ഏഴ് പന്തില്‍ ഒമ്പത് റണ്‍സുമായി തിലക് വര്‍മയുമാണ് ക്രീസില്‍.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍
മിച്ചല്‍ മാര്‍ഷ്, ഏയ്ഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോണി, ഡേവിഡ് മില്ലര്‍, ആബ്ദുള്‍ സമദ്, ഷര്‍ദുല്‍ താക്കൂര്‍, ദിഗ്വേഷ് സിങ്, ആകാശ് ദീപ്, ആവേശ് ഖാന്‍.
മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍
വില്‍ ജാക്‌സ്, റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, രാജ് ബാവ, മിച്ചല്‍ സാന്റ്‌നര്‍, ട്രെന്റ് ബോള്‍ട്ട്, അശ്വനി കുമാര്‍, ദീപക് ചഹര്‍, വിഘ്‌നേഷ് പുത്തൂര്‍.
Content highlight: IPL 2025: LSG vs MI: David Miller becomes the 4th South African batter to complete 3,000 runs in IPL