|

കാര്യം വെടിക്കെട്ടും 250.00 സ്‌ട്രൈക്ക് റേറ്റുമൊക്കെയുണ്ട്, പക്ഷേ സ്റ്റാര്‍ക്ക് നേരെ നിന്നാല്‍ മുട്ട് വിറയ്ക്കും; സ്വയം നിരാശപ്പെടുത്തി പൂരന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ ദല്‍ഹി ക്യാപ്പിറ്റല്‍സ് – ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മത്സരത്തില്‍ ക്യാപ്പിറ്റല്‍സിന് 210 റണ്‍സിന്റെ വിജയലക്ഷ്യം. ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ രണ്ടാമത് ഹോം സ്റ്റേഡിയമായ വിശാഖപട്ടണത്തിലെ എ.സി.എ-വി.സി.ഡി.എ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി നായകന്‍ അക്സര്‍ പട്ടേല്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് ലഖ്‌നൗ സ്വന്തമാക്കിയത്. മിച്ചല്‍ മാര്‍ഷിന്റെയും നിക്കോളാസ് പൂരന്റെയും വെടിക്കെട്ടിലാണ് സൂപ്പര്‍ ജയന്റ്‌സ് മികച്ച സ്‌കോറിലെത്തിയത്.

36 പന്തില്‍ ആറ് വീതം സിക്‌സറും ഫോറുമടക്കം 200.00 സ്‌ട്രൈക്ക് റേറ്റില്‍ 72 റണ്‍സാണ് മാര്‍ഷ് അടിച്ചെടുത്തത്. മാര്‍ഷിനേക്കാള്‍ മികച്ച വെടിക്കെട്ട് പുറത്തെടുത്താന്‍ പൂരന്‍ തന്റെ ക്ലാസ് വ്യക്തമാക്കിയത്. 30 പന്തില്‍ ഏഴ് സിക്‌സറിന്റെയും ആറ് ഫോറിന്റെയും അകമ്പടിയോടെ 75 റണ്‍സാണ് പൂരന്‍ ടീം ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചത്. 250.00 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

ഏഴാം ഓവറില്‍ വിപ്രജ് നിഗമിനെതിരെ നാല് സിക്‌സറടക്കം 25 റണ്‍സ് അടിച്ചെടുത്ത പൂരന്‍ 13ാം ഓവറില്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെതിരെ നാല് സിക്‌സറും ഒരു ഫോറുമടക്കം 28 റണ്‍സും നേടിയിരുന്നു.

ലഖ്‌നൗവിന്റെ മറ്റ് ബൗളര്‍മാര്‍ക്കെതിരെ തകര്‍ത്തടിച്ചെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിന് മുമ്പില്‍ പൂരന്‍ ഒരിക്കല്‍ക്കൂടി തകര്‍ന്നടിഞ്ഞു. സ്റ്റാര്‍ക് അളന്നുമുറിച്ച് തൊടുത്തുവിട്ട ബുള്ളറ്റ് പൂരന്റെ സ്റ്റംപ് കടപുഴക്കിയെറിയുകയായിരുന്നു.

ഈ മത്സരത്തിലും പുറത്തായതോടെ സ്റ്റാര്‍ക്കിനെതിരെ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ പൂരന്‍ കുഴങ്ങുകയാണ്. ഇരുവരും ആറ് ഇന്നിങ്‌സുകളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ നാല് തവണയാണ് സ്റ്റാര്‍ക് പൂരനെ മടക്കിയത്.

സ്റ്റാര്‍ക്കിന്റെ 13 പന്ത് നേരിട്ട പൂരന് 12 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 92.0 സ്‌ട്രൈക്ക് റേറ്റും 3.0 ശരാശരിയുമാണ് സ്റ്റാര്‍ക്കിനെതിരെ പൂരനുള്ളത്.

അതേസമയം, ലഖ്‌നൗ ഉയര്‍ത്തിയ 210 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സിന് തുടക്കം പാളിയിരുന്നു. വെറും ഏഴ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് ഹോം ടീമിന് നഷ്ടമായത്. ജേക് ഫ്രേസര്‍ മക്ഗൂര്‍ക് (രണ്ട് പന്തില്‍ ഒന്ന്), അഭിഷേക് പോരല്‍ (രണ്ട് പന്തില്‍ പൂജ്യം), സമീര്‍ റിസ്വി (നാല് പന്തില്‍ നാല്) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.

നാലാം ഓവറില്‍ ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലും വൈസ് ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമത്തിനും സൂപ്പര്‍ ജയന്റ്‌സ് അധികം ആയുസ് നല്‍കിയില്ല.

ടീം സ്‌കോര്‍ 50ല്‍ നില്‍ക്കവെ ക്യാപ്റ്റനെ മടക്കി ദിഗ്വേഷ് സിങ് സൂപ്പര്‍ ജയന്റ്‌സിനാവശ്യമായ ബ്രേക് ത്രൂ നല്‍കി. 11 പന്തില്‍ 22 റണ്‍സ് നേടി നില്‍ക്കവെയാണ് അക്‌സര്‍ പട്ടേല്‍ പുറത്തായത്.

നിലവില്‍ ആറ് ഓവര്‍ അവസാനിക്കുമ്പോള്‍ 58/4 എന്ന നിലയിലാണ്. 15 പന്തില്‍ 23 റണ്‍സുമായി ഫാഫ് ഡു പ്ലെസിയും രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി ട്രിസ്റ്റണ്‍ സ്റ്റബ്‌സുമാണ് ക്രീസില്‍.

Content Highlight: IPL 2025: LSG vs DC: Nicholas Pooran’s poor form continues against Mitchell Starc