തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം പ്രതീക്ഷിച്ച് സ്വന്തം തട്ടകത്തിലിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഞെട്ടിച്ചാണ് ധോണിയും സംഘവും വിജയം സ്വന്തമാക്കിയത്.
ലഖ്‌നൗവിലെ എകാന ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. ലഖ്‌നൗ ഉയര്‍ത്തിയ 167 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് പന്ത് ശേഷിക്കെ ചെന്നൈ മറികടക്കുകയായിരുന്നു. ശിവം ദുബെ, രചിന്‍ രവീന്ദ്ര എന്നിവരുടെ ഇന്നിങ്‌സും ധോണിയുടെ മികച്ച ഫിനിഷിങ്ങിന്റെയും കരുത്തിലാണ് ഫൈവ് ടൈംസ് ചാമ്പ്യന്‍മാര്‍ വിജയലക്ഷ്യം മറികടന്നത്.
ഏഴ് മത്സരത്തില്‍ നിന്നും രണ്ട് ജയവും അഞ്ച് തോല്‍വിയുമടക്കം നാല് പോയിന്റാണ് ടീമിനുള്ളത്. പട്ടികയില്‍ മുംബൈ ഇന്ത്യന്‍സിനും താഴെ പത്താം സ്ഥാനത്താണ് ധോണിയും സംഘവും ഇടം നേടിയിരിക്കുന്നത്.
ഇതിന് മുമ്പും ഇതേ അവസ്ഥ ചെന്നൈ സൂപ്പര്‍ കിങ്‌സിനുണ്ടായിട്ടുണ്ട്. കളിച്ച ആദ്യ ഏഴ് മത്സരത്തില്‍ അഞ്ചിലും തോല്‍ക്കേണ്ടി വന്ന് ഒരുവേള പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളിലേക്ക് തള്ളപ്പെടുകയും എന്നാല്‍ മികച്ച തിരിച്ചുവരവ് നടത്തി കിരീടം നേടുകയും ചെയ്ത് സൂപ്പര്‍ കിങ്‌സ് ചരിത്രം കുറിച്ചിട്ടുണ്ട്.
നേടിയ അഞ്ച് കിരീടങ്ങളില്‍ ആദ്യ ടൈറ്റില്‍ സ്വന്തമാക്കിയ 2010ലാണ് ധോണിക്കും സംഘത്തിനും ആദ്യ ഏഴ് മത്സരത്തില്‍ അഞ്ചിലും പരാജയപ്പെടേണ്ടി വന്നത്.
ആദ്യ മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഡെക്കാന്‍ ചാര്‍ജേഴ്‌സിനോട് 31 റണ്‍സിന്റെ പരാജയമേറ്റുവാങ്ങിയ ചെന്നൈ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 55 റണ്‍സിന് തോല്‍പ്പിച്ച് പേരിന് നേരെ രണ്ട് പോയിന്റ് എഴുതിച്ചേര്‍ത്തു. മൂന്നാം മത്സരത്തില്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ അഞ്ച് വിക്കറ്റ് വിജയം നേടി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും തുടര്‍ന്നങ്ങോട്ട് തുടര്‍ച്ചയായ പരാജയങ്ങളായിരുന്നു ടീമിനെ കാത്തിരുന്നത്.
കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ നടന്ന നാലാം മത്സരം സമനിലയിലാവുകയും സൂപ്പര്‍ ഓവറില്‍ മൊഹാലിയുടെ രാജാക്കന്‍മാര്‍ വിജയിക്കുകയും ചെയ്തപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരോടും പരാജയപ്പെട്ട് ധോണിപ്പട കാലിടറി വീണു.
എന്നാല്‍ തുടര്‍ന്നങ്ങോട്ട് മികച്ച വിജയങ്ങള്‍ നേടിയ ചെന്നൈ കലാശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് മൂന്നാം സീസണിന്റെ രാജാക്കന്‍മാരായി.
എന്നാല്‍ ഈ ചരിത്രം കേട്ട് അധികം ആവേശം കൊള്ളാന്‍ ഒരു ചെന്നൈ ആരാധകനും ശ്രമിക്കില്ല. കാരണം 2022ലെ പ്രകടനങ്ങള്‍ അവര്‍ക്ക് മുമ്പിലുണ്ട്! 2022ലും ഇത്തരത്തിലെ ആദ്യ ഏഴ് മത്സരത്തില്‍ അഞ്ചിലും ചെന്നൈ പരാജയപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേക്കാണ് ടീം എത്തിയത്.
ആദ്യ നാല് മത്സരത്തിലും ടീമിന് പരാജയമായിരുന്നു ഫലം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരോട് പരാജയപ്പെട്ടപ്പോള്‍ അഞ്ചാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തി രണ്ട് പോയിന്റ് സ്വന്തമാക്കി.
ആറാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടപ്പോള്‍ ഏഴാം മത്സരത്തില്‍ ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിനെ ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ മൂന്ന് വിക്കറ്റിനും പരാജയപ്പെടുത്തി.
അന്ന് ആദ്യ ഏഴ് മത്സരത്തില്‍ അഞ്ചിലും പരാജയപ്പെട്ടപ്പോള്‍ അടുത്ത ഏഴ് മത്സരത്തിലും രണ്ട് ജയം മാത്രമാണ് ടീമിന് നേടാനായത്. 14 മത്സരത്തില്‍ നിന്നും നാല് ജയവുമായി ഒമ്പതാം സ്ഥാനത്താണ് ചെന്നൈ ഇടം നേടിയത്.
2022ല്‍ സംഭവിച്ച മറ്റൊരു കാര്യവും ഈ സീസണില്‍ സംഭവിച്ചിട്ടുണ്ട്! ടൂര്‍ണമെന്റിനിടയിലെ ടീമിന്റെ ക്യാപ്റ്റന്‍സി മാറ്റം.
2022ല്‍ തുടര്‍ തോല്‍വിക്ക് പിന്നാലെ രവീന്ദ്ര ജഡജേ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുകയും ധോണി ഒരിക്കല്‍ക്കൂടി ക്യാപ്റ്റനാവുകയും ചെയ്തു. സമാനമായി 2025ല്‍ തുടര്‍ തോല്‍വികള്‍ക്കിടെ ക്യാപ്റ്റന്‍ ഗെയ്ക്വാദിന് പരിക്കേല്‍ക്കുകയും ധോണിയെ തേടി ക്യാപ്റ്റന്‍സിയെത്തുകയുമായിരുന്നു.
ലഖ്‌നൗവിനെതിരെ വിജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്ത് തന്നെയാണ് ചെന്നൈയുടെ സ്ഥാനം.
ഏപ്രില്‍ 20നാണ് ചെന്നൈയുടെ അടുത്ത മത്സരം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെയാണ് ടീമിന് നേരിടാനുള്ളത്.
Content highlight: IPL 2025: Like 2010 and 2022 CSK won 2 out of first 7 matches in this season too