|

കൊടുങ്കാറ്റായി ലിവിങ്സ്റ്റണ്‍; വെടിക്കെട്ടില്‍ പിറന്നത് മിന്നല്‍ റെക്കോഡ്!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ബൗളിങ്ങാണ് തെരഞ്ഞെടുത്തത്.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു നിശ്ചിത ഓവര്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. തുടക്കത്തില്‍ തന്നെ വമ്പന്‍ തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും മികച്ച തിരിച്ചുവരവാണ് ബെംഗളൂരു കാഴ്ചവെച്ചത്.

മധ്യ നിരയില്‍ നിന്ന് ലിയാം ലിവിങ്സ്റ്റണ്‍ മിന്നും പ്രകടനം കാഴ്ചവെച്ചാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 40 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 54 റണ്‍സാണ് താരം നേടിയത്. ഇതോടെ ഒരു തകര്പ്പന്‍ നാഴികക്കല്ലും പിന്നിടാന്‍ താരത്തിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്.

ഇതുവരെ ഐ.പി.എല്ലില്‍ 42 മത്സരങ്ങള്‍ കളിച്ച താരം 1018 റണ്‍സാണ് നേടിയത്. 94 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 2019ല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് ഐ.പി.എല്ലില്‍ താരം അരങ്ങേറ്റം നടത്തിയത്.

മത്സരത്തില്‍ ലിവിങ്‌സറ്റണിന്റെ വിക്കറ്റ് നേടിയത് സിറാജായിരുന്നു. ബാറ്റിങ്ങില്‍ 33 റണ്‍സ് നേടിയ ജിതേഷ് ശര്‍മയും ബെംഗളൂരുവിന് തുണയായി. എന്നാല്‍ റണ്‍ റേറ്റില്‍ പിന്നിലായിരുന്ന ടീമിനെ അവസാന ഘട്ടത്തില്‍ കരകയറ്റിയത് ടിം ഡേവിഡാണ്. 18 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 32 റണ്‍സാണ് ഡേവിഡ് നേടിയത്.

ഗുജറാത്തിന് വേണ്ടി സിറാജ് മൂന്ന് വിക്കറ്റും സായി കിഷോര്‍ രണ്ട് വിക്കറ്റും നേടി. പ്രസീദ് കൃഷ്ണ, അര്‍ഷാദ് ഖാന്‍, ഇഷാന്ത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മത്സരത്തിലെ രണ്ടാം ഓവറിലെ നാലാം പന്തില്‍ ജി.ടിയുടെ അര്‍ഷാദ് ഖാന്‍ കിങ് കോഹ്‌ലിയെ പറഞ്ഞയച്ചാണ് തുടങ്ങിയത്. ആറ് പന്തില്‍ ഏഴ് റണ്‍സ് നേടിയാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കൂടാരം കയറിയത്. ബൗണ്ടറി ലൈനില്‍ പ്രസീദ് കൃഷ്ണയ്ക്ക് ക്യാച് നല്‍കിയാണ് കിങ് പുറത്തായത്.

എന്നാല്‍ ഏറെ വൈകാതെ വണ്‍ ഡൗണ്‍ ഇറങ്ങിയ ദേവ് ദത്ത് പടിക്കലിനെ തന്റെ രണ്ടാം ഓവറില്‍ മിന്നും ബൗളിങ്ങില്‍ സിറാജ് ക്ലീന്‍ ബൗള്‍ഡ് ചെയ്ത് മടക്കി. ഫില്‍ സാള്‍ട്ടിനെ 14 റണ്‍സിനും സിറാജ് പുറത്താക്കി. തുടര്‍ന്ന കളത്തിലെത്തിയ ക്യാപ്റ്റന്‍ രജത് പാടിദാറിനെ 12 റണ്‍സിന് പുറത്താക്കി ഇശാന്ത് ശര്‍മയും കരുത്ത് തെളിയിച്ചു.

നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സാണ് നേടിയത്. 141 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഗില്ലാണ് പുറത്തായത്. ഭുവനേശ്വര്‍ കുമാറാണ് വിക്കറ്റ് നേടിയത്. നിലവില്‍ ഓപ്പണര്‍ സായി സുദര്‍ശന്‍ 32 റണ്‍സ് നേടിയും ജോസ് ബട്‌ലര്‍ 13 റണ്‍സ് നേടിയും ക്രീസില്‍ തുടരുകയാണ്.

Content Highlight: IPL 2025: Liam Livingstone Complete 1000 Runs In IPL