ഐ.പി.എല്ലില്‍ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സുമാണ് ഏറ്റുമുട്ടുന്നത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും നാല് തോല്‍വിയും ഉള്‍പ്പെടെ എട്ടാം സ്ഥാനത്താണ് നിലവില്‍ രാജസ്ഥാന്‍.
അതേസമയം അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ഒരു തോല്‍വിയും ഉള്‍പ്പെടെ രണ്ടാം സ്ഥാനത്താണ് ദല്‍ഹി. പോയിന്റ് ടേബിളില്‍ മുന്നേറാന്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് വിജയം അനിവാര്യമാണ്. ഇരുവരും ഏറ്റുമുട്ടുമ്പോള്‍ തകര്‍പ്പന്‍ മത്സരം തന്നെയായിരിക്കും ഇന്ന് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുക.
എന്നാല്‍ മത്സരത്തില്‍ സഞ്ജുവിനേയും കൂട്ടരേയും വിറപ്പിക്കാന്‍ കെല്‍പ്പുള്ള ദല്‍ഹിയുടെ സ്റ്റാര്‍ സ്പിന്നറാണ് കുല്‍ദീപ് യാദവ്. സ്പിന്നര്‍മാരെയും പിന്തുണയ്ക്കുന്ന പിച്ചില്‍ കുല്‍ദീപ് മിന്നും പ്രകടനം കാഴ്ചവെക്കുമെന്ന് ഉറപ്പാണ്. അതിന് ഒരു കാരണവുമുണ്ട്. സീസണില്‍ മികച്ച ഒരു റെക്കോഡുമായാണ് കുല്‍ദീപിന്റെ കുതിപ്പ്. നിലവില്‍ 2025 ഐ.പി.എല്ലില്‍ ഏറ്റവും മികച്ച എക്കോണമിയില്‍ പന്തെറിയുന്ന താരങ്ങളില്‍ ഒന്നാമതാണ് കുല്‍ദീപ് (മിനിമം 20 ഓവര്‍).
കുല്‍ദീപ് യാധദവ് – 5.60
വരുണ്‍ ചക്രവര്‍ത്തി – 6.22
പ്രസീദ് കൃഷ്ണ – 6.95
നൂര്‍ അഹമ്മദ് – 7.12
സുനില്‍ നരെയ്ന്‍ – 7.33
നിലവില്‍ സീസണിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 112 റണ്‍സ് വഴങ്ങി 10 വിക്കറ്റുകളാണ് താരം നേടിയത്. 3/22 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. മാത്രമല്ല വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനത്തും താരമുണ്ട്. ബൗളിങ്ങില്‍ മാത്രമല്ല ബാറ്റിങ്ങില്‍ പാതി മലയാളിയായ കരുണ്‍ നായരേയും രാജസ്ഥാന്‍ പേടിക്കണം.
കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടീമില്‍ ഇടം നേടിയ കരുണ്‍ 89 റണ്‍സാണ് അടിച്ചെടുത്തത്. ഇംപാക്ട് ആയി ഇറങ്ങിയ കരുണ്‍ 12 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയാണ് തന്റെ ആദ്യ മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. എന്നാല്‍ രാജസ്ഥാനും ദല്‍ഹിയും ഏറ്റുമുട്ടിയ 29 മത്സരങ്ങളില്‍ 14 എണ്ണം ദല്‍ഹി വിജയിച്ചപ്പോള്‍ 15 എണ്ണം രാജസ്ഥാനാണ് വിജയം നേടിയത്.
Content Highlight: IPL 2025: Kuldeep Yadav In Great Record Achievement In 2025 IPL