| Thursday, 31st October 2024, 5:29 pm

റിപ്പോര്‍ട്ടുകളെയും അഭ്യൂഹങ്ങളെയും കാറ്റില്‍ പറത്തി കൊല്‍ക്കത്ത, സൂപ്പര്‍ താരം തുടരും; ക്യാപ്റ്റന്‍ പുറത്തേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ന് മുന്നോടിയായി റിറ്റെന്‍ഷന്‍ ലിസ്റ്റ് പുറത്തുവിട്ട് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ആന്ദ്രേ റസലിനെ ടീം നിലനിര്‍ത്തിയിട്ടുണ്ട്.

അതേസമയം, ടീമിനെ കിരീടമണിയിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിനെ ടീം നിലനിര്‍ത്തിയിട്ടില്ലെന്നാണ് കെ.കെ.ആറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റസലിന് പുറമെ സുനില്‍ നരെയ്ന്‍, റിങ്കു സിങ്, ഹര്‍ഷിത് റാണ, രമണ്‍ദീപ് സിങ് എന്നിവരെയാണ് ടീം നിലനിര്‍ത്തിയത്.

നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റസലിനെ നിലനിര്‍ത്തില്ല എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. ലേലത്തിന്റെ ഭാഗമായാല്‍ മിക്ക ടീമുകളും റസലിനെ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെയെല്ലാം കാറ്റില്‍ പറത്തിയാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ റസലിനെ വിടാതെ ചേര്‍ത്തുപിടിച്ചത്.

ക്യാപ്റ്റന് പുറമെ ഫില്‍ സോള്‍ട്ട്, റഹ്‌മാനുള്ള ഗുര്‍ബാസ്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരെ ലേലത്തിലേക്ക് വിട്ടിരിക്കുകയാണ്.

ഒരു ടീമിന് ആറ് താരങ്ങളെ വരെ നിലനിര്‍ത്താമെന്നാണ് ബി.സി.സി.ഐ നിയമം. ഇന്ത്യന്‍ താരമെന്നോ വിദേശ താരമെന്നോ പരിമിധി ഇല്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച അഞ്ച് താരങ്ങളെ വരെ നിലനിര്‍ത്താം.

രണ്ട് താരങ്ങളെ വരെ അണ്‍ക്യാപ്ഡ് നിയമത്തില്‍ നിലനിര്‍ത്താനും കഴിയും. താരങ്ങളെ നിലനിര്‍ത്തുന്നില്ലെങ്കില്‍ ആര്‍ടിഎം കാര്‍ഡായി അത് ഉപയോഗിക്കുവാനും ടീമുകള്‍ക്ക് അവസരമുണ്ട്.

Content Highlight: IPL 2025: Kolkata Knight Riders’ retention list, Ander Russel retained

We use cookies to give you the best possible experience. Learn more