ഐ.പി.എല്‍ 2025ലെ ദല്‍ഹി ക്യാപ്പിറ്റല്‍സ് – ഗുജറാത്ത് ടൈറ്റന്‍ മത്സരത്തില്‍ സൂപ്പര്‍ താരം കെ.എല്‍. രാഹുല്‍ തന്റെ ഐ.പി.എല്‍ കരിയറിലെ 200 സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. സൂപ്പര്‍ പേസര്‍ മുഹമ്മദ് സിറാജിനെതിരെ നേടിയ പടുകൂറ്റന്‍ സിക്‌സറാണ് രാഹുലിനെ ഈ റെക്കോഡ് നേട്ടത്തിലെത്തിച്ചത്.
ഈ സിക്‌സറിന് പിന്നാലെ കളിച്ച ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 200 ഐ.പി.എല്‍ സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രാഹുല്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. കളിച്ച 129ാം ഇന്നിങ്‌സിലാണ് രാഹുല്‍ ഐ.പി.എല്ലില്‍ സിക്‌സറടിച്ച് ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ റെക്കോഡ് തകര്‍ത്താണ് രാഹുല്‍ ഏറ്റവും വേഗത്തില്‍ 200 സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. തന്റെ ഐ.പി.എല്‍ കരിയറിലെ 159ാം മത്സരത്തിലാണ് സഞ്ജു റെക്കോഡിനുടമയായത്.
ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 200 സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ (ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍)
(താരം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)
കെ.എല്‍. രാഹുല്‍ – 129
സഞ്ജു സാംസണ്‍ – 159
എം.എസ്. ധോണി – 165
വിരാട് കോഹ്‌ലി – 180
രോഹിത് ശര്‍മ – 180
സുരേഷ് റെയ്‌ന – 193
കളിച്ച ഇന്നിങ്‌സുകള്‍ പരിഗണിക്കുമ്പോള്‍ സഞ്ജുവിനെ മറികടക്കാന്‍ രാഹുലിന് സാധിച്ചെങ്കിലും 200 സിക്‌സര്‍ പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്തുകളുടെ കാര്യമെടുക്കുമ്പോള്‍ ഒന്നാമന്‍ സഞ്ജു തന്നെയാണ്. ഈ റെക്കോഡില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്. ധോണിക്കും ശേഷം മൂന്നാമനാണ് രാഹുല്‍.
ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 200 സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ (നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍)
(താരം – പന്ത് എന്നീ ക്രമത്തില്‍)
സഞ്ജു സാംസണ്‍ – 3,081
എം.എസ്. ധോണി – 3,126
കെ.എല്‍. രാഹുല്‍ – 3,637
രോഹിത് ശര്‍മ – 3,798
സുരേഷ് റെയ്‌ന – 3,879
വിരാട് കോഹ്‌ലി – 4,435
ഈ റെക്കോഡിലെത്തിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണെങ്കിലും ഐ.പി.എല്‍ മുഴുവനായുമെടുത്ത് പരിശോധിക്കുമ്പോള്‍ എട്ടാമതാണ് രാഹുല്‍. കരിബീയന്‍ കരുത്തരാണ് ഈ ലിസ്റ്റ് ഭരിക്കുന്നത്.
ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 200 സിക്‌സറുകള്‍ നേടിയ താരങ്ങള്‍ (നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍)
(താരം – പന്ത് എന്നീ ക്രമത്തില്‍)
ആന്ദ്രേ റസല്‍ – 1,322
ക്രിസ് ഗെയ്ല്‍ – 1,811
കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 2,055
എ.ബി. ഡി വില്ലിയേഴ്‌സ് – 2,790
സഞ്ജു സാംസണ്‍ – 3,081
എം.എസ്. ധോണി – 3,126
കെ.എല്‍. രാഹുല്‍ – 3,637
രോഹിത് ശര്‍മ – 3,798
ഡേവിഡ് വാര്‍ണര്‍ – 3,879
സുരേഷ് റെയ്‌ന – 3,879
വിരാട് കോഹ്‌ലി – 4,435
അതേസമയം, ആറാം വിജയം ലക്ഷ്യമിട്ടിറങ്ങിയ ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റില്‍ നഷ്ടത്തില്‍ 203 റണ്‍സ് നേടി. ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ (32 പന്തില്‍ 39), അശുതോഷ് ശര്‍മ (17 പന്തില്‍ 37), കരുണ്‍ നായര്‍ (18 പന്തില്‍ 31), ട്രിസ്റ്റണ്‍ സ്റ്റബ്സ് (21 പന്തില്‍ 31) എന്നിവരുടെ കരുത്തിലാണ് ക്യാപ്പിറ്റല്‍സ് മികച്ച സ്‌കോറിലെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് എട്ട് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 എന്ന നിലയിലാണ്. 19 പന്തില്‍ 30 റണ്‍സുമായി ജോസ് ബട്‌ലറും മൂന്ന് പന്തില്‍ ഒരു റണ്ണുമായി ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡുമാണ് ക്രീസില്‍.
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (അഞ്ച് പന്തില്‍ ഏഴ്), സായ് സുദര്‍ശന്‍ (21 പന്തില്‍ 36) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.
Content Highlight: IPL 2025: KL Rahul became the third Indian player to hit 200 sixes in the IPL based on the number of balls faced. Sanju Samson tops the list