ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയിരുന്നു. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 80 റണ്‍സിന്റെ കൂറ്റന്‍ പരാജയമാണ് ഹൈദരാബാദിന് നേരിടേണ്ടി വന്നത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 201 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 120 റണ്‍സിന് പുറത്തായി.
കഴിഞ്ഞ ഫൈനലില്‍ തങ്ങളെ നാണംകെടുത്തി വിട്ടതിന്റെ കണക്കുതീര്‍ക്കാനുള്ള അവസരമായിരുന്നു ഓറഞ്ച് ആര്‍മിക്ക് മുമ്പിലുണ്ടായിരുന്നത്. എന്നാല്‍ അതിനേക്കാള്‍ വലിയ നാണക്കേടാണ് സണ്‍റൈസേഴ്‌സിന് ഏറ്റുവാങ്ങേണ്ടി വന്നത്.
ഈ തോല്‍വിക്ക് പിന്നാലെ ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് വീണിരിക്കുകയാണ് മുന്‍ ചാമ്പ്യന്‍മാര്‍. ഒടുവില്‍ കളിച്ച മൂന്ന് മത്സരത്തിലും പരാജയപ്പെട്ടാണ് സണ്‍റൈസേഴ്‌സ് പത്താം സ്ഥാനത്തേക്ക് പടിയിറങ്ങിയത്.
തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം കൂടിയാണ് സണ്‍റൈസേഴ്‌സിന് ഏറ്റുവാങ്ങേണ്ടി വന്നത്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ചെപ്പോക്കില്‍ 78 റണ്‍സിന്റെ തോല്‍വിയായിരുന്നു ഓറഞ്ച് ആര്‍മിയുടെ 13 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മോശം പരാജയം.
ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സിന്റെ ഏറ്റവും മോശം പരാജയങ്ങള്‍ (റണ്‍സിന്റെ അടിസ്ഥാനത്തില്‍)
(പരാജയ മാര്‍ജിന്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
80 റണ്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – കൊല്‍ക്കത്ത – 2025*
78 റണ്‍സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – ചെന്നൈ – 2024
77 റണ്‍സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – ഹൈദരാബാദ് – 2013
72 റണ്‍സ് – പഞ്ചാബ് കിങ്‌സ് – ഷാര്‍ജ – 2014
72 റണ്‍സ് – രാജസ്ഥാന്‍ റോയല്‍സ് – ഹൈദരാബാദ് – 2023
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്ക് തുടക്കം പാളിയിരുന്നു. ക്വിന്റണ്‍ ഡി കോക്ക് ഒരു റണ്ണും സുനില്‍ നരെയ്ന്‍ ഏഴ് റണ്‍സും നേടി പുറത്തായി. എന്നാല്‍ പിന്നാലെയെത്തിവര്‍ ചെറുത്തുനിന്നതോടെ കൊല്‍ക്കത്ത മികച്ച സ്‌കോറിലെത്തി.
വെങ്കിടേഷ് അയ്യര്‍ 29 പന്തില്‍ 60 റണ്‍സുമായി ടോപ് സ്‌കോററായപ്പോള്‍ 32 പന്തില്‍ 50 റണ്‍സുമായി ആംഗ്രിഷ് രഘുവംശിയും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 27 പന്തില്‍ പുറത്താകാതെ 38 റണ്‍സും റിങ്കു സിങ് 17 പന്തില്‍ പുറത്താകാതെ 32 റണ്‍സും അടിച്ചെടുത്തതോടെ കെ.കെ.ആര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 200ലെത്തി.
സണ്‍റൈസേഴ്‌സിനായി കാമിന്ദു മെന്‍ഡിസ്, മുഹമ്മദ് ഷമി, സീഷന്‍ അന്‍സാരി, ഹര്‍ഷല്‍ പട്ടേല്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കത്തിലേ പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് കയറും മുമ്പേ ആദ്യ മൂന്ന് വിക്കറ്റും വീണു. ട്രാവിസ് ഹെഡ് നാല് റണ്‍സടിച്ച് പുറത്തായപ്പോള്‍ ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയും രണ്ട് റണ്‍സും നേടി മടങ്ങി.
ഹെന്‌റിക് ക്ലാസന്റെ പ്രകടനമാണ് സണ്‍റൈസേഴ്‌സിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 21 പന്തില്‍ 31 റണ്‍സാണ് താരം നേടിയത്. കാമിന്ദു മെന്‍ഡിസ് (20 പന്തില്‍ 27), നീതീഷ് കുംമാര്‍ റെഡ്ഡി (15 പന്തില്‍ 19), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (15 പന്തില്‍ 14) എന്നിവര്‍ മാത്രമാണ് ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.
ഒടുവില്‍ 16.4 ഓവറില്‍ ടീം 120ന് പുറത്തായി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി വരുണ്‍ ചക്രവര്‍ത്തിയും വൈഭവ് അറോറയും മൂന്ന് വിക്കറ്റ് വീതം പിഴുതെറിഞ്ഞു. ആന്ദ്രേ റസല്‍ രണ്ട് വിക്കറ്റും ഹര്‍ഷിത് റാണ, സുനില്‍ നരെയ്‌നും ഓരോ വിക്കറ്റും നേടി സണ്‍റൈസേഴ്‌സിന്റെ പതനം പൂര്‍ത്തിയാക്കി.
Content Highlight: IPL 2025: KKR vs SRH: Sunrisers faced their biggest defeat in IPL history