ഐ.പി.എല്‍ 2025ലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 175 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്.
മികച്ച തുടക്കം ലഭിച്ച കൊല്‍ക്കത്ത ഒരുവേള 220+ സ്‌കോര്‍ അടിച്ചെടുക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ ആര്‍.സി.ബി ബൗളര്‍മാര്‍ കളമറിഞ്ഞ് കളിച്ചതോടെ മത്സരം കൂടുതല്‍ ആവേശമായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ നഷ്ടമായിരുന്നു. നാല് റണ്‍സുമായി നില്‍ക്കവെ ജോഷ് ഹെയ്സല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് ക്രീസിലെത്തിയത്.
അടുത്ത രണ്ട് ഓവറിലും ആര്‍.സി.ബി ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. എന്നാല്‍ റാസിഖ് ദാര്‍ എറിഞ്ഞ നാലാം ഓവറില്‍ രണ്ട് സിക്സറും ഒരു ഫോറുമായി രഹാനെ വെടിക്കെട്ടിന് തിരികൊളുത്തി.
അഞ്ചാം ഓവറില്‍ ക്രുണാല്‍ പാണ്ഡ്യയെയും കൊല്‍ക്കത്ത ബാറ്റര്‍മാര്‍ തല്ലിയൊതുക്കി. 15 റണ്‍സാണ് താരം വിട്ടുകൊടുത്തത്.
പിന്നാലെ സുനില്‍ നരെയ്‌നും തന്റെ മാജിക് പുറത്തെടുത്തതോടെ കൊല്‍ക്കത്ത സ്‌കോര്‍ ബോര്‍ഡിന് വേഗം കൂടി. തുടക്കത്തില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ നരെയ്ന്‍ ആര്‍.സി.ബി ബൗളര്‍മാരെ തല്ലിയൊതുക്കുന്ന കാഴ്ചയ്ക്കാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.
രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് രഹാനെയും നരെയ്‌നും തിളങ്ങിയത്.
ടീം സ്‌കോര്‍ 107ല്‍ നില്‍ക്കവെ പത്താം ഓവറിലെ അവസാന പന്തില്‍ നരെയ്‌നെ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. 46 പന്തില്‍ 44 റണ്‍സുമായി നില്‍ക്കവെ റാസിഖ് സലാമിന് വിക്കറ്റ് നല്‍കിയാണ് താരം പുറത്തായത്.
നരെയ്ന്‍ പുറത്തായി മൂന്നാം പന്തില്‍ രഹാനെയുടെ വിക്കറ്റും ഹോം ടീമിന് നഷ്ടമായി. 31 പന്ത് നേരിട്ട് 56 റണ്‍സുമായാണ് രഹാനെ കളം വിട്ടത്.
ക്രീസില്‍ നിലയുറപ്പിച്ച രണ്ട് താരങ്ങളും മിനിട്ടുകളുടെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടത് കൊല്‍ക്കത്തയ്ക്ക് താങ്ങാനാകുന്നതിലുമപ്പുറമായിരുന്നു. മികച്ച കൂട്ടുകെട്ടുകളൊന്നും തന്നെ പടുത്തുയര്‍ത്താന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചില്ല.
ഒരു വശത്ത് ആംഗ്രിഷ് രഘുവംശി ഉറച്ചുനിന്നെങ്കിലും മറുവശത്തെ ആക്രമിച്ച ബെംഗളൂരു കളി തിരിച്ചു. വെങ്കിടേഷ് അയ്യരും റിങ്കു സിങ്ങും ആന്ദ്രേ റസലും കളി മറന്നപ്പോള്‍ നൈറ്റ് റൈഡേഴ്‌സിന്റ സ്‌കോര്‍ ബോര്‍ഡിന്റെ വേഗവും കുറഞ്ഞു.
ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 174 എന്ന നിലയില്‍ കൊല്‍ക്കത്ത ഇന്നിങ്‌സ് അവസാനിപ്പിച്ചു. രഘുവംശി 22 പന്തില്‍ 30 റണ്‍സ് നേടി ചെറുത്തുനിന്നു.
ബെംഗളൂരുവിനായി ക്രുണാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടി. ക്യാപ്റ്റന്‍ രഹാനെ, വെങ്കിടേഷ് അയ്യര്‍, റിങ്കു സിങ് എന്നിവരുടെ വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ജോഷ് ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ യാഷ് ദയാല്‍, റാസിഖ് സലാം, സുയാഷ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വിതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു ആദ്യ ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 12 എന്ന നിലയിലാണ്. നാല് പന്തില്‍ അഞ്ച് റണ്‍സുമായി ഫില്‍ സാള്‍ട്ടും രണ്ട് പന്തില്‍ ആറ് റണ്ണുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍
സുനില്‍ നരെയ്ന്‍, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, ആംഗ്രിഷ് രഘുവംശി, റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍
ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), വിരാട് കോഹ്‌ലി, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റാസിഖ് സലാം, സുയാഷ് ശര്‍മ, ജോഷ് ഹെയ്‌സല്‍വുഡ്, യാഷ് ദയാല്‍
Content Highlight: IPL 2025: KKR vs RCB: Royal Challengers Bengaluru restricted Kolkata Knight Riders in 174