|

36 പഞ്ചാബ് വിക്കറ്റുകള്‍! ഐ.പി.എല്‍ റെക്കോഡുമായി സുനില്‍ നരെയ്ന്‍; രണ്ടാമന്റെ വേട്ടമൃഗവും പഞ്ചാബ് തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സിന് ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് കിങ്‌സിനെ കുഞ്ഞന്‍ സ്‌കോറില്‍ തളച്ചിട്ടത്. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മുല്ലാന്‍പൂരില്‍ വെറും 111 റണ്‍സിനാണ് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹോം ടീമിനെ കൊല്‍ക്കത്ത ബൗളര്‍മാര്‍ എറിഞ്ഞിട്ടത്.

പവര്‍പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഹര്‍ഷിത് റാണ പഞ്ചാബിനെ കശക്കിയെറിഞ്ഞപ്പോല്‍ സുനില്‍ നരെയ്‌നും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ആന്‌റിക് നോര്‍ക്യ, വൈഭവ് അറോറ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കിയപ്പോള്‍ ഒരു പഞ്ചാബ് താരം റണ്‍ ഔട്ടാവുകയും ചെയ്തു.

പഞ്ചാബ് കിങ്‌സിനെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ ഐ.പി.എല്‍ റെക്കോഡാണ് നൈറ്റ് റൈഡേഴ്‌സിന്റെ കരിബീയന്‍ സൂപ്പര്‍ താരം സുനില്‍ നരെയ്‌ന്റെ പേരില്‍ കുറിക്കപ്പെട്ടത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമെന്ന നേട്ടമാണ് നരെയ്‌ന്റെ പേരില്‍ കുറിക്കപ്പെട്ടത്. പഞ്ചാബ് കിങ്‌സിനെതിരെ 36 വിക്കറ്റുകള്‍ നേടിയാണ് നരെയ്ന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

പഞ്ചാബിനെതിരെ തന്നെ 35 വിക്കറ്റുകള്‍ നേടിയ ഉമേഷ് യാദവാണ് ഈ മത്സരത്തിന് മുമ്പ് ഈ റെക്കോഡ് നേട്ടത്തില്‍ ഒന്നാമതുണ്ടായിരുന്നത്. മത്സരത്തില്‍ ആദ്യ വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഉമേഷ് യാദവിനൊപ്പമെത്തിയ സുനില്‍ നരെയ്ന്‍, രണ്ടാം വിക്കറ്റിന് പിന്നാലെ ഉമേഷ് യാദവിനെ പിന്തള്ളി ഒന്നാമതെത്തുകയായിരുന്നു.

ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ താരം

(ബൗളര്‍ – ഏത് ടീമിനെതിരെ – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)

സുനില്‍ നരെയ്ന്‍ – പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) – 36*

ഉമേഷ് യാദവ് – പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) – 35

മോഹിത് ശര്‍മ – മുംബൈ ഇന്ത്യന്‍സ് – 33

ഡ്വെയ്ന്‍ ബ്രാവോ – മുംബൈ ഇന്ത്യന്‍സ് – 33

യൂസ്വേന്ദ്ര ചഹല്‍ – പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) – 32

അതേസമയം, പഞ്ചാബ് ഉയര്‍ത്തിയ 112 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലവില്‍ ഒമ്പത് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 71 എന്ന നിലയിലാണ്. 27 പന്തില്‍ 31 റണ്‍സുമായി ആംഗ്രിഷ് രഘുവംശിയും രണ്ട് പന്തില്‍ ആറ് റണ്‍സുമായി വെങ്കിടേഷ് അയ്യരുമാണ് ക്രീസില്‍.

Content Highlight: IPL 2025: KKR vs PBKS: Sunil Narine tops the list of most wickets against an opponents in IPL

Video Stories