|

തോറ്റ് തോറ്റ് ജയിച്ചപ്പോള്‍ ഒറ്റയടിക്ക് പത്തില്‍ നിന്നും ആറിലേക്ക്; സൂപ്പര്‍ കിങ്‌സിനെയും മറികടന്ന് ദൈവത്തിന്റെ പോരാളികള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ല്‍ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ശേഷമാണ് മൂന്നാം മത്സരത്തില്‍ ടീം ഗംഭീര തിരിച്ചുവരവ് നടത്തിയത്. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 117 റണ്‍സിന്റെ വിജയലക്ഷ്യം കേവലം 12.5 ഓവറില്‍ മുംബൈ മറികടന്നു. അരങ്ങേറ്റക്കാരന്‍ അശ്വനി കുമാറിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനവും റിയാന്‍ റിക്കല്‍ട്ടണിന്റെ അര്‍ധ സെഞ്ച്വറിയുമാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്.

ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ വന്‍ കുതിപ്പാണ് മുംബൈ ഇന്ത്യന്‍സ് നടത്തിയിരിക്കുന്നത്. ആദ്യ രണ്ട് മത്സരം അവസാനിക്കുമ്പോള്‍ പത്താം സ്ഥാനത്തുണ്ടായിരുന്ന മുന്‍ ചാമ്പ്യന്‍മാര്‍, കൊല്‍ക്കത്തയ്‌ക്കെതിരായ മികച്ച വിജയത്തിന് പിന്നാലെ നാല് സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി.

കൊല്‍ക്കത്ത ഉയര്‍ത്തിയ വിജയലക്ഷ്യം 43 പന്ത് ശേഷിക്കെ മറികടന്നതോടെ നെറ്റ് റണ്‍ റേറ്റിലും വലിയ മാറ്റങ്ങളുണ്ടാക്കാന്‍ മുംബൈയ്ക്ക് സാധിച്ചു. +0.309 എന്ന റണ്‍ റേറ്റാണ് മുംബൈയ്ക്കുള്ളത്.

അതേസമയം കൊല്‍ക്കത്തയാകട്ടെ പത്താം സ്ഥാനത്തേക്കും വീണു. -1.428 ആണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുടെ നിലവിലെ നെറ്റ് റണ്‍ റേറ്റ്.

പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മുതല്‍ പത്താം സ്ഥാനത്തുള്ള കൊല്‍ക്കത്ത വരെയുള്ള എല്ലാ ടീമുകള്‍ക്കും രണ്ട് പോയിന്റ് വീതമാണ് ഉള്ളത്. റണ്‍ റേറ്റാണ് ഇവരെ പരസ്പരം വേര്‍തിരിക്കുന്നത്.

നിലവിലെ ഐ.പി.ല്‍ പോയിന്റ് പട്ടികയും രസകരമാണ്. പോയിന്റ് ടേബിളിലെ ആദ്യ അഞ്ച് ടീമുകള്‍ക്കുമായി കേവലം ഒരു കിരീടമാണുള്ളത്. അതേസമയം, അവസാന അഞ്ച് സ്ഥാനക്കാര്‍ക്കുമായി 15 കിരീടങ്ങളുമുണ്ട്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ദല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളാണ് ആദ്യ അഞ്ചിലുള്ളത്. ഇതില്‍ ടൈറ്റന്‍സ് മാത്രമാണ് കപ്പുയര്‍ത്തിയ ഏക ടീം.

അതേസമയം, രണ്ടാം പകുതിയിലാകട്ടെ മുംബൈ ഇന്ത്യന്‍സ് (5), ചെന്നൈ സൂപ്പര്‍ കിങ്‌സ് (5), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (1), രാജസ്ഥാന്‍ റോയല്‍സ് (1), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (3) ടീമുകളാണുള്ളത്.

ഐ.പി.എല്‍ പോയിന്റ് പട്ടികയുടെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയും 16.2 ഓവറില്‍ കേവലം 116 റണ്‍സിന് ഓള്‍ ഔട്ടാക്കുകയുമായിരുന്നു.

മുംബൈക്കായി ആദ്യ മത്സരം കളിക്കാനിറങ്ങിയ അശ്വനി കുമാറിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് മുംബൈ എതിരാളികളെ ചെറിയ സ്‌കോറില്‍ തളച്ചിട്ടത്. മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ തിലക് വര്‍മയുടെ കൈകളിലെത്തിച്ച് മടക്കി വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ച അശ്വനി, റിങ്കു സിങ്ങിനെ നമന്‍ ധിറിന്റെ കൈകളിലെത്തിച്ചും, മനീഷ് പാണ്ഡേ, ആന്ദ്രേ റസല്‍ എന്നിവരെ ക്ലീന്‍ ബൗള്‍ഡാക്കിയും മടക്കി.

അശ്വനി കുമാറിന് പുറമെ ദീപക് ചഹര്‍ രണ്ട് വിക്കറ്റും ഹര്‍ദിക് പാണ്ഡ്യ, മിച്ചല്‍ സാന്റ്നര്‍, ട്രെന്റ് ബോള്‍ട്ട്, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ രോഹിത് ശര്‍മ (12 പന്തില്‍ 13) വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ റിയാന്‍ റിക്കല്‍ട്ടണ്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. 41 പന്തില്‍ പുറത്താകാതെ 62 റണ്‍സാണ് താരം നേടിയത്. വില്‍ ജാക്സ് (17 പന്തില്‍ 16), സൂര്യകുമാര്‍ യാദവ് (ഒമ്പത് പന്തില്‍ 27) എന്നിവരും വിജയത്തില്‍ നിര്‍ണായകമായി.

ഏപ്രില്‍ നാലിനാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍. ലഖ്നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: IPL 2025: KKR vs MI: Mumbai Indians climbs to 6th position