|

എക്കോണമിക്കല്‍ മൊയീന്‍; ചരിത്രത്തില്‍ ഇവന്‍ മൂന്നാമന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയം സ്വന്തമാക്കിയിരുന്നു. ചെപ്പോക്കില്‍ ഹോം ടീമിനെതിരെ എട്ട് വിക്കറ്റിന്റെ വിജയമാണ് നൈറ്റ് റൈഡേഴ്സ് നേടിയെടുത്തത്.

ചെന്നൈ ഉയര്‍ത്തിയ 104 റണ്‍സിന്റെ വിജയലക്ഷ്യം 59 പന്ത് ബാക്കി നില്‍ക്കവെ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരുപോലെ തിളങ്ങിയ സൂപ്പര്‍ താരം സുനില്‍ നരെയ്ന്റെ ഓള്‍ റൗണ്ട് മികവിലാണ് കൊല്‍ക്കത്ത മികച്ച വിജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ കൊല്‍ക്കത്ത ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കുകയായിരുന്നു. സൂപ്പര്‍ കിങ്‌സിന്റെ ആറ് ബാറ്റര്‍മാരെയാണ് ഒറ്റയക്കത്തില്‍ ഡഗ്ഔട്ടിലേക്ക് അയച്ചത്. നൈറ്റ് റൈഡേഴ്സ് ബൗളര്‍മാരെല്ലാം എക്കോണമിക്കലായാണ് പന്തെറിഞ്ഞത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയെ പുറത്താക്കി മൊയീന്‍ അലിയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ഇതോടെ ഒരു നേട്ടവും ഇംഗ്ലണ്ട് താരം സ്വന്തം പേരില്‍ ചേര്‍ത്തു. ഐ.പി.എല്‍ ചരിത്രത്തില്‍ പവര്‍ പ്ലേയില്‍ കുറഞ്ഞത് പത്ത് ഓവറുകള്‍ എറിഞ്ഞ് ഏറ്റവും മികച്ച എക്കോണമിയുള്ള മൂന്നാമത്തെ താരമാകാനാണ് മൊയീന്‍ അലിക്ക് സാധിച്ചത്.

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പവര്‍പ്ലേ എക്കണോമി (കുറഞ്ഞത് 10 ഓവറില്‍)

(എക്കോണമി – താരം എന്നീ ക്രമത്തില്‍)

4.0 – അലി മുര്‍താസ

4.5 – ഫിഡല്‍ എഡ്വേര്‍ഡ്‌സ്

4.6 – മൊയീന്‍ അലി

4.9 – അനില്‍ കുംബ്ലെ

2022 മുതല്‍ ഐ.പി.എല്ലില്‍ നാല് മത്സരങ്ങളിലായി മൊയീന്‍ പവര്‍പ്ലേയില്‍ ആറ് ഓവര്‍ എറിഞ്ഞിട്ടുണ്ട്. 36 പന്തില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മൊയീന്‍ നാല് ഓവറില്‍ അഞ്ച് എക്കോണമിയില്‍ പന്തെറിഞ്ഞ് 20 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഒരു മൈഡന്‍ ഓവറും മൊയീന്‍ അലി കൊല്‍ക്കത്തക്കെതിരെ എറിഞ്ഞിരുന്നു. ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട് താരം.

കൊല്‍ക്കത്തക്കായി സുനില്‍ നരെയ്ന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. നാല് ഓവറില്‍ 3.25 എക്കണോമിയില്‍ പന്തെറിഞ്ഞ 13 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരത്തിന്റെ വിക്കറ്റ് നേട്ടം. ഹര്‍ഷിത് റാണയും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതവും നേടി. ശേഷിച്ച ഒരു വിക്കറ്റ് നേടിയത് വൈഭവ് അറോറയാണ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ വെറും 16 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍മാര്‍ രണ്ട് പേരെയും സൂപ്പര്‍ കിങ്‌സിന് നഷ്ടമായിരുന്നു.

ചെന്നൈയുടെ നാല് ബാറ്റര്‍മാര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. നാലാം നമ്പറില്‍ ഇറങ്ങിയ ശിവം ദുബൈ മാത്രമാണ് ടീമിനായി മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. 29 പന്തില്‍ പുറത്താവാതെ 31 റണ്‍സാണ് താരം നേടിയത്.

Content Highlight: IPL 2025: KKR vs CSK: Kolkata Night Riders Bowler Moeen Ali Bags A Record In IPL

Latest Stories