|

ഷമിയേക്കാള്‍ മുന്നിലാണവന്‍; സൂപ്പര്‍ താരത്തെക്കുറിച്ച് ഇയാന്‍ ബിഷപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 153 റണ്‍സിന്റെ വിജയലക്ഷ്യം 20 പന്ത് ബാക്കി നില്‍ക്കവെ ടൈറ്റന്‍സ് മറികടക്കുകയായിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സിനായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. നാല് ഓവര്‍ പന്തെറിഞ്ഞ് 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം നാല് വിക്കറ്റ് വീഴ്ത്തിയത്.

4.25 എന്ന കിടിലന്‍ എക്കോണമിയിലാണ് താരം ബോളെറിഞ്ഞത്. മത്സരത്തിലെ താരവും സിറാജായിരുന്നു. ബെംഗളൂരിനെതിരെയുള്ള മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തി മത്സരത്തിലെ താരമാകാനും സിറാജിന് സാധിച്ചിരുന്നു.

2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ സിറാജിനെ ഇന്ത്യന്‍ ടീമില്‍ തെരഞ്ഞെടുത്തിട്ടില്ലായിരുന്നു. സമീപകാല ഫോമും പ്രായവും കണക്കിലെടുത്ത് സിറാജ് ഇപ്പോള്‍ ഇന്ത്യ ടീമിന്റെ ഫാസ്റ്റ് ബൗളിങ് ഓര്‍ഡറില്‍ മുഹമ്മദ് ഷമിയേക്കാള്‍ മുന്നിലാണെന്ന് ഇയാന്‍ ബിഷപ്പ് അഭിപ്രായപ്പെട്ടു.

‘ചാമ്പ്യന്‍സ് ട്രോഫിയില്‍ ഷമി അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചതിനുശേഷം, ആ ഷമിയെ നമ്മള്‍ പിന്നീട് കണ്ടിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന് 34 വയസുണ്ട്, ഏകദേശം 35 വയസ്. രണ്ട് സീസണുകള്‍ക്ക് മുമ്പാണ് സിറാജ് ആര്‍.സി.ബിക്ക് വേണ്ടി പവര്‍പ്ലേയില്‍ പത്ത് വിക്കറ്റുകള്‍ നേടിയത്. കഴിഞ്ഞ വര്‍ഷം അഞ്ച് വിക്കറ്റുകള്‍ മാത്രം നേടി അവന്‍ അല്‍പ്പം പിന്നിലായിപ്പോയി. പക്ഷേ, ഇപ്പോള്‍ അദ്ദേഹം മികച്ച ഫോമിലാണ്. നിലവില്‍ അവന്‍ ഷമിയെക്കാള്‍ മുന്നിലാണ്,’ ബിഷപ്പ് പറഞ്ഞു.

ഐ.പി.എല്ലില്‍ ഇതുവരെ സിറാജ് 97 ഇന്നിങ്‌സില്‍ നിന്ന് 8.61 എക്കോണമിയില്‍ 102 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. അതില്‍ തന്നെ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമായിരുന്നു ഹൈദരാബാദിനെതിരെ നടത്തിയത് (4/17). അതേസമയം ഷമി ഐ.പി.എല്ലിലെ 115 ഇന്നിങ്‌സില്‍ നിന്ന് 8.47 എക്കോണമിയില്‍ 132 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

Content Highlight: IPL 2025: Ian Bishop Talking About Mohammad Shami And Siraj

Latest Stories

Video Stories