| Friday, 4th April 2025, 8:01 am

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്; കൊല്‍ക്കത്തയുടെ വെടിക്കെട്ടില്‍ തകര്‍ന്ന് കമ്മിന്‍സും കൂട്ടരും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ വിജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 80 റണ്‍സിനാണ് സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്ത വിജയിച്ചുകയറിയത്. മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടാനാണ് കൊല്‍ക്കത്തയ്ക്ക് സാധിച്ചത്. വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഉദയസൂര്യന്‍മാര്‍ 16.4 ഓവറില്‍ 120 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.

കൊല്‍ക്കത്തയുടെ തകര്‍പ്പന്‍ ബൗളിങ്ങിന്റെയും ബാറ്റിങ്ങിന്റെയും പിന്‍ബലത്തിലാണ് ഹൈദരാബാദിനെ അടിമുടി തകര്‍ക്കാന്‍ സാധിച്ചത്. എന്നാല്‍ കൊല്‍ക്കത്തയോടേറ്റ ഈ തോല്‍വി വമ്പന്‍ നാണക്കേടിലേക്കാണ് ഹൈദരാബാദിനെ എത്തിച്ചത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഹൈദരബാദിന്റെ ഏറ്റവും വലിയ തോല്‍വിയാണിത്. 2024ല്‍ ചെന്നൈക്കെതിരെ 78 റണ്‍സിന്റെ തോല്‍വിയായിരുന്നു ഹൈദരാബാദിന്റെ ഏറ്റവും വലിയ തോല്‍വി. എന്നാല്‍ ഈ ചരിത്രമാണ് കൊല്‍ക്കത്ത തിരുത്തിയത്.

ഐ.പി.എല്ലില്‍ ഹൈദരബാദിന്റെ ഏറ്റവും വലിയ തോല്‍വികള്‍ (റണ്‍സ്, എതിരാളികള്‍, വര്‍ഷം).

80 റണ്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2025

78 റണ്‍സ് – ചെന്നൈ – 2024

77 റണ്‍സ് – ഹൈദരാബാദ് – 2013

72 റണ്‍സ് – രാജസ്ഥാന്‍ – 2023

72 റണ്‍സ് – പഞ്ചാബ് – 2014

ബൗളില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഇംപാക്ടായി ഇറങ്ങിയ വൈഭവ് അറോറ ഒരു മെയ്ഡന്‍ അടക്കം 29 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ നേടി മികച്ച ബൗളിങ് പ്രകടനമാണ് നടത്തിയത്. ട്രാവിസ് ഹെഡ് (4), ഇഷാന്‍ കിഷന്‍ (2), ഹെന്റിക് ക്ലാസന്‍ (33) എന്നിവരെയാണ് താരം മടക്കിയയച്ചത്. മധ്യനിരയില്‍ ഇറങ്ങിയ ക്ലാസന് മാത്രമാണ് ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചത്.

വരുണ്‍ ചക്രവര്‍ത്തി 22 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. അനികേത് വര്‍മ (6), പാറ്റ് കമ്മിന്‍സ് (14), സിമര്‍ജീത് സിങ് (0) എന്നിവരെയാണ് വരുണ്‍ പുറത്താക്കിയത്. ആന്ദ്രെ റസല്‍ രണ്ട് വിക്കറ്റും ഹര്‍ഷിത് റാണ, സുനില്‍ നരേയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഹൈദരാബാദിന് വമ്പന്‍ തിരിച്ചടി നല്‍കിയാണ് കൊല്‍ക്കത്ത ബൗളിങ് തുടങ്ങിയത്. പവര്‍പ്ലെയില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സാണ് ഹൈദരാബാദിന് നേടാന്‍ സാധിച്ചത്.

കൊല്‍ക്കത്തയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് മധ്യനിരയില്‍ ഇറങ്ങിയ വെങ്കിടേഷ് അയ്യരാണ്. 29 പന്തില്‍ മൂന്ന് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 60 റണ്‍സാണ് താരം നേടിയത്. യുവ താരം അംകൃഷ് രഘുവംശി 32 പന്തില്‍ നിന്ന് 5 സിക്സും 3 ഫോറും ഉള്‍പ്പെടെ 50 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ രഹാനെ 38 റണ്‍സും നേടിയാണ് പുറത്തായത്.

ഹൈദരാബാദിന് വേണ്ടി മുഹമ്മദ് ഷമി, സീഷന്‍ അന്‍സാരി, കാമിന്ദു മെന്‍ഡിസ്, ഹര്‍ഷല്‍ പട്ടേല്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Content Highlight: IPL 2025: Hyderabad’s biggest defeat in IPL history

Latest Stories

We use cookies to give you the best possible experience. Learn more