ഐ.പി.എല്‍ 2025നുള്ള പടയൊരുക്കം ടീമുകള്‍ ആരംഭിച്ചിരിക്കുകയാണ്. പുതിയ സീസണിന് മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക ടീമുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മിക്ക ടീമുകളും തങ്ങളുടെ ക്യാപ്റ്റന്‍മാരെയും മാര്‍ക്വി താരങ്ങളെയും നിലനിര്‍ത്തിയപ്പോള്‍ ക്യാപ്റ്റന്‍മാരെയുള്‍പ്പെടെ ലേലത്തിന് വിട്ട ടീമുകളുമുണ്ടായിരുന്നു.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നിവരാണ് ക്യാപ്റ്റന്‍മാരെ നിലനിര്‍ത്താതെ വിട്ട ടീമുകള്‍.
ഓരോ ടീമുകള്‍ക്കും ആറ് താരങ്ങളെ വരെ നിലനിര്‍ത്താമെന്നാണ് ഐ.പി.എല്‍ മാര്‍ഗനിര്‍ദേശം നല്‍കിയത്. ആറില്‍ ആറ് താരങ്ങളെ നിലനിര്‍ത്തിയ രാജസ്ഥാനെ പോലുള്ള ടീമുകളും വെറും രണ്ട് താരങ്ങളെ മാത്രം ഒപ്പം കൂട്ടിയ പഞ്ചാബ് കിങ്‌സുമായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.
സണ്‍റൈസേഴ്‌സ് സൂപ്പര്‍ താരം ഹെന്റിക് ക്ലാസനാണ് റിറ്റെന്‍ഷനില്‍ ഏറ്റവുമധികം തുക സ്വന്തമാക്കിയ താരം. 23 കോടി രൂപയാണ് ഓറഞ്ച് ആര്‍മി തങ്ങളുടെ വിശ്വസ്തനായി ചെലവാക്കിയത്.
ഏറ്റവുമധികം തുക നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് രണ്ട് പേരുണ്ട്. ആര്‍.സി.ബിയുടെ വിരാട് കോഹ്‌ലിയും ലഖ്‌നൗവിന്റെ നിക്കോളാസ് പൂരനും. 21 കോടിയാണ് ഇരു ടീമുകളും തങ്ങളുടെ മാര്‍ക്വി താരങ്ങള്‍ക്കായി നല്‍കിയത്.
മൂന്നാം സ്ഥാനത്ത് ഏഴ് താരങ്ങളാണുള്ളത്. ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്), സഞ്ജു സാംസണ്‍, യശസ്വി ജെയ്‌സ്വാള്‍ (രാജസ്ഥാന്‍ റോയല്‍സ്), ഋതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പര്‍ കിങ്‌സ്), പാറ്റ് കമ്മിന്‍സ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), റാഷിദ് ഖാന്‍ (ഗുജറാത്ത് ടൈറ്റന്‍സ്) എന്നിവരാണ് ‘റിറ്റെന്‍ഷന്‍ ക്രോര്‍പതി’ ലിസ്റ്റിലെ മൂന്നാം സ്ഥാനക്കാര്‍. 18 കോടി വീതമാണ് ഇവര്‍ക്കായി ഓക്ഷന്‍ പേഴ്‌സില്‍ നിന്നും ടീമുകള്‍ മാറ്റിവെച്ചത്.
ലേലത്തില്‍ സര്‍പ്രൈസായി കോടികള്‍ നേടിയ താരങ്ങളുമുണ്ടായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം ധ്രുവ് ജുറെലാണ് ഇക്കൂട്ടത്തിലെ പ്രധാനി. 14 കോടി രൂപയാണ് രാജസ്ഥാന്‍ തങ്ങളുടെ വിശ്വസ്തനായി മാറ്റിവെച്ചത്. 2022 താരലേലത്തില്‍ 20 ലക്ഷം രൂപയ്ക്കാണ് ടീം ജുറെലിനെ സ്വന്തമാക്കിയത്. രണ്ട് സീസണിന് പിന്നാലെ 70 ഇരട്ടിയായാണ് താരത്തിന്റെ താരമൂല്യം ഉയര്‍ന്നത്.
മായങ്ക് യാദവാണ് ഇത്തരത്തില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു പ്രധാന താരം. 2024 താരലേലത്തില്‍ 20 ലക്ഷത്തിനാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരത്തെ സ്വന്തമാക്കിയത്. സീസണില്‍ വെറും നാല് മത്സരങ്ങളാണ് താരം കളിച്ചത്. ഇതില്‍ രണ്ടിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കി. കെ.എല്‍. രാഹുലിനെയടക്കം ഒഴിവാക്കിയ സൂപ്പര്‍ ജയന്റ്‌സ് 11 കോടിയാണ് താരത്തിനായി മാറ്റിവെച്ചത്.
’55 ലക്ഷം എന്നത് എന്നെ സംബന്ധിച്ച് വളരെ വലിയ തുകയാണ്. ഇതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്’ എന്നായിരുന്നു നൈറ്റ് റൈഡേഴ്‌സ് ഫിനിഷര്‍ റിങ്കു സിങ് തന്റെ സാലറിയെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നത്. റിങ്കു പഞ്ഞിക്കിട്ട യാഷ് ദയാലിന് അഞ്ച് കോടി രൂപ പ്രതിഫലം ലഭിച്ചപ്പോഴും റിങ്കുവിന്റെ പ്രതിഫലം 55 ലക്ഷമായി തന്നെ തുടര്‍ന്നത് ആരാധകരില്‍ വലിയ നിരാശയുണ്ടാക്കിയിരുന്നു.
എന്നാല്‍ ഇത്തവണ റിങ്കുവിന് അര്‍ഹിച്ച പ്രതിഫലം തന്നെ നല്‍കി ചേര്‍ത്തുനിര്‍ത്തിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടീമിലെ മറ്റേത് താരത്തെക്കാളും ഉയര്‍ന്ന പ്രതിഫലമാണ് റിറ്റെന്‍ഷനില്‍ കെ.കെ.ആര്‍ റിങ്കുവിന് നല്‍കിയത്. 13 കോടി രൂപയ്ക്കാണ് കെ.കെ.ആര്‍. തങ്ങളുടെ വിശ്വസ്തനെ ചേര്‍ത്തുപിടിച്ചത്.
ദല്‍ഹി ക്യാപ്പിറ്റല്‍സ്: അക്സര്‍ പട്ടേല്‍ (16.50 കോടി), കുല്‍ദീപ് യാദവ് (13.25 കോടി), ട്രിസ്റ്റണ്‍ സ്റ്റബ്സ് (10 കോടി) അഭിഷേക് പോരല്‍ (4 കോടി)
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോഹ്‌ലി (21 കോടി), രജത് പാടിദാര്‍ (11 കോടി), യാഷ് ദയാല്‍ (5 കോടി)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: റിങ്കു സിങ് (13 കോടി), വരുണ്‍ ചക്രവര്‍ത്തി (12 കോടി), സുനില്‍ നരെയ്ന്‍ (12 കോടി), ആന്ദ്രേ റസല്‍ (12 കോടി), രമണ്‍ദീപ് സിങ് (4 കോടി), ഹര്‍ഷിത് റാണ (4 കോടി)
ചെന്നൈ സൂപ്പര്‍ കിങ്‌സ്: ഋതുരാജ് ഗെയ്ക്വാദ് (18 കോടി), മതീശ പതിരാന (13 കോടി), ശിവം ദുബെ (12 കോടി), രവീന്ദ്ര ജഡേജ (18 കോടി), എം.എസ്. ധോണി (4 കോടി)
ഗുജറാത്ത് ടൈറ്റന്‍സ്: റാഷിദ് ഖാന്‍ (18 കോടി), ശുഭ്മന്‍ ഗില്‍ (16.50 കോടി), സായ് സുദര്‍ശന്‍ (8.50 കോടി), രാഹുല്‍ തെവാട്ടിയ (4 കോടി), ഷാരൂഖ് ഖാന്‍ (4 കോടി)
മുംബൈ ഇന്ത്യന്‍സ്: ജസ്പ്രീത് ബുംറ (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹര്‍ദിക് പാണ്ഡ്യ (16.35 കോടി), രോഹിത് ശര്‍മ (16.30 കോടി), തിലക് വര്‍മ (8 കോടി)
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഹെന്റിക് ക്ലാസന്‍ (23 കോടി), പാറ്റ് കമ്മിന്‍സ് (18 കോടി), അഭിഷേക് ശര്‍മ (14 കോടി), ട്രാവിസ് ഹെഡ് (14 കോടി), നിതീഷ് കുമാര്‍ റെഡ്ഡി (6 കോടി)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: നിക്കോളാസ് പൂരന്‍ (21 കോടി), രവി ബിഷ്ണോയ് (11 കോടി), മായങ്ക് യാദവ് (11 കോടി), മൊഹ്സിന്‍ ഖാന്‍ (4 കോടി), ആയുഷ് ബദോനി (4 കോടി)
പഞ്ചാബ് കിങ്‌സ്: ശശാങ്ക് സിങ് (5.5 കോടി), പ്രഭ്സിമ്രാന്‍ സിങ് (4 കോടി)
രാജസ്ഥാന്‍ റോയല്‍സ്: സഞ്ജു സാംസണ്‍ (18 കോടി), യശസ്വി ജെയ്സ്വാള്‍ (18 കോടി), ധ്രുവ് ജുറെല്‍ (14 കോടി), റിയാന്‍ പരാഗ് (14 കോടി), ഷിംറോണ്‍ ഹെറ്റ്മെയര്‍ (11 കോടി), സന്ദീപ് ശര്‍മ (4 കോടി)
Content highlight: IPL 2025: Henrich Klaasen is the highest paid player in retention